പേ വിഷബാധ: ഭീതിയിൽ അഞ്ചുതെങ്ങ് തീരം
text_fieldsചിറയിൻകീഴ്: പേ വിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രദേശത്ത് മൃഗസംരക്ഷണ വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ പ്രതിരോധ നടപടി തുടങ്ങി. കഴിഞ്ഞയാഴ്ച നാലു വയസ്സുകാരിയെ കടിച്ച നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതും നേരത്തേ തെരുവ് നായിൽനിന്ന് പോറലേറ്റ യുവതി പേ വിഷബാധയേറ്റ് മരിച്ചതും പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. തുടർന്നാണ് സർക്കാറും ഗ്രാമപഞ്ചായത്തും പ്രതിരോധ നടപടി ആരംഭിച്ചത്. അഞ്ചുതെങ്ങ് വെറ്ററിനറി സർജന്റെ നേതൃത്വത്തിലാണ് പ്രതിരോധ നടപടികൾ പുരോഗമിക്കുന്നത്.
യുവതി പേ വിഷബാധയേറ്റ് മരിച്ച് മൂന്നാഴ്ച കഴിഞ്ഞപ്പോഴാണ് നാല് വയസ്സുകാരിക്ക് നേരെ തെരുവുനായ് ആക്രമണമുണ്ടായത്. പഞ്ചായത്ത് പ്രദേശത്ത് പേ വിഷബാധ സജീവമായി നിലനിൽക്കുന്നു എന്ന സൂചനയാണ് ഇത് നൽകുന്നത്. കൂടുതൽ തെരുവ് നായ്ക്കൾ പേവിഷ വാഹകരാണെന്നാണ് നിഗമനം. തീരത്ത് വലിയതോതിൽ തെരുവ് നായ് ശല്യമുണ്ട്. വളർത്തുമൃഗങ്ങളിലേക്കും ഇത് പകരാൻ സാധ്യതയുണ്ട്. ഇതിനാലാണ് മൃഗസംരക്ഷണ വകുപ്പ് സജീവമായി രംഗത്തെത്തിയത്.
പെൺകുട്ടിയെ കടിച്ച തെരുവുനായ് ചത്ത വിവരം അറിഞ്ഞയുടനെ വെറ്ററിനറി സർജൻ ഡോ. ജസ്ന സ്ഥലത്തെത്തിയിരുന്നു. വാർഡ് മെംബറുടെ സാന്നിധ്യത്തിൽ നായുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടപടികൾക്കായി പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസസിലേക്ക് അയച്ചു. പ്രാഥമിക പരിശോധനയിൽ നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. അന്നുതന്നെ പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജുവിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രദേശത്തെ വളർത്തുമൃഗങ്ങൾക്ക് പേ വിഷബാധ പ്രതിരോധ കുത്തിവെപ്പ് നൽകി. ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ.പി.വി. അരുണോദയ സ്ഥലം സന്ദർശിച്ചു. വാർഡിലെ 56 തെരുവ് നായ്ക്കൾക്ക് പ്രതിരോധ വാക്സിൻ നൽകി. വരും ദിവസങ്ങളിലും ഇത് തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.