മുതലപ്പൊഴിയിലെ മണൽ നീക്കം; ഉന്നതസംഘം സ്ഥലം സന്ദർശിച്ചു
text_fieldsചിറയിൻകീഴ്: മുതലപ്പൊഴി അഴിമുഖ ചാലിലെ മണൽ നീക്കം വിലയിരുത്താൻ ഉന്നതതല സംഘം സ്ഥലം സന്ദർശിച്ചു. മണൽ നീക്കം മന്ദഗതിയിലായതോടെ മത്സ്യബന്ധനം ഭാഗികമായി നിലക്കുകയും അപകട സാധ്യത വർധിക്കുകയും ചെയ്തു.
തുടർന്നാണ് മുതലപ്പൊഴിയിൽ ഹാർബർ എൻജിനീയറിങ് വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തിയത്. അഴിമുഖത്തെ മണൽ നീക്കം അടക്കമുള്ള കാര്യങ്ങളിലെ നിലവിലെ പുരോഗതി വിലയിരുത്താനാണ് സംഘം എത്തിയത്. ആറ് മീറ്റർ താഴ്ച വേണ്ടിടത്ത് പലഭാഗങ്ങളിലും മണ്ണൽത്തിട്ട രൂപപ്പെട്ട് രണ്ട് മീറ്ററായി ചുരുങ്ങി.
ഒരു എക്സവേറ്റർ ഉപയോഗിച്ചാണ് ഇപ്പോൾ മണൽ നീക്കം നടന്നുവരുന്നത്. അഴിമുഖ ചാലിൽ നിന്നും മണൽ നീക്കം ചെയ്യാനായി ബാർജ് ലോഡിങ്ങിന് മൂന്ന് മണിക്കൂറോളം സമയമാണ് വേണ്ടിവരുന്നത്. ഇതിനാൽ കൂടുതൽ ബാർജ് എത്തിച്ച് സമയനഷ്ടം ഒഴിവാക്കാനാണ് ആദ്യശ്രമം.
ഇതിനായി നിലവിലുള്ള ബാർജ് കൂടാതെ ഒരെണ്ണം കൂടി എത്തിച്ച് മണൽ നീക്കം കാര്യക്ഷമമാക്കാൻ ഹാർബർ എൻജിനീയറിങ് വകുപ്പ് ഉദ്യോഗസ്ഥർ അദാനി ഗ്രൂപ് പ്രതിനിധികൾക്ക് നിർദേശം നൽകി.
2000 എം ക്യൂബ് മണൽ ദിവസവും നീക്കം ചെയ്യേണ്ടതായിട്ടുണ്ട്. ഇതിനായി മണ്ണുമാന്തിയുടെ ബക്കറ്റ് സൈസ് കൂട്ടാനും നീക്കം ചെയ്യുന്ന മണൽ താഴമ്പള്ളി ഭാഗത്ത് തീരത്തോട് ചേർത്ത് നിക്ഷേപിക്കുവാനുമാണ് തീരുമാനം.
മണൽ നീക്കം വേഗത്തിലാക്കാൻ ട്രെഡ്ജർ എത്തിക്കണമെന്ന ആവശ്യം മത്സ്യത്തൊഴിലാളികൾ വീണ്ടും മുന്നോട്ട് വെച്ചു.
അടുത്തയാഴ്ചയോടെ ഉദ്യോഗസ്ഥ സംഘം വീണ്ടും മുതലപ്പൊഴി സന്ദർശിച്ച് നിലവിൽ എടുത്ത തീരുമാനങ്ങൾ കാര്യക്ഷമമാണോ എന്നത് പരിശോധിക്കുകയും, കാര്യക്ഷമല്ലെന്ന് കണ്ടാൽ ട്രെഡ്ജർ എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥ സംഘം അറിയിച്ചു. ഹാർബർ വകുപ്പ് ചീഫ് എൻജിനീയർ മുഹമ്മദ് അൻസാരി, എക്സിക്യൂട്ടിവ് എൻജിനീയർ അനിൽകുമാർ, സൂപ്രണ്ടിങ് എൻജിനീയർ കുഞ്ഞുമമ്മു പറവത്ത്, അദാനി ഗ്രൂപ് എക്സിക്യൂട്ടിവ് ഓഫിസർ സുനിൽ കുമാർ, ഹെബിൻ, അസി.എൻജിനീയർമാരായ ആർ.വി. പ്രവീൺ, ഹരികുമാർ, മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികളായ വല്ലെരിയൻ ഐസക്, നജീബ് തോപ്പിൽ എന്നിവരുൾപ്പെട്ട സംഘമാണ് സന്ദർശനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.