‘കള്ളക്കടൽ’ പ്രതിഭാസം; തീരമേഖലയിൽ കടലാക്രമണം രൂക്ഷം
text_fieldsചിറയിൻകീഴ്: തീരമേഖലയിൽ രൂക്ഷമായ കടലാക്രമണത്തിൽ നിരവധി വീടുകൾ തകർന്നു. ‘കള്ളക്കടൽ’ പ്രതിഭാസത്തെ തുടർന്നാണ് മേഖലയിൽ വ്യാപകമായ കടലാക്രമണം ഉണ്ടായത്. അഞ്ചുതെങ്ങ് പൂന്തുറ അഞ്ചക്കടവിൽ അനില ഭവനിൽ സെലിൻ (85), ജസീന്ത ജോൺസൺ (64), സന്തോഷ് ജോൺസൺ (33) എന്നിവരുടെ വീടാണ് തകർന്നത്. അഭയം പ്രാപിക്കാനിടമില്ലാതെ പലരും പെരുവഴിയിലായ അവസ്ഥയിലായി. ഇവർ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് 14ാം വാർഡിലെ (മുതലപ്പൊഴി) താമസക്കാരാണ്.
ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ കടലാക്രമണത്തിൽ ഇവരുടെ വീട്ടിൽ വെള്ളം കയറി ഭാഗികമായി തകരുകയായിരുന്നു. 85കാരിയായ വയോധിക ഉൾപ്പെടെയുള്ള കുടുംബം വീട് വിട്ടിറങ്ങി. പുനരധിവാസ ക്യാമ്പുകൾ ഇല്ലാത്തതിനാൽ റോഡരികിൽ കഴിയേണ്ടി വന്നു.
ഏപ്രിൽ മാസവും സമാനമായ കടൽക്ഷോഭത്തിൽ ഇവരുടെ വീടിനു കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നു. പല ഘട്ടങ്ങളിലായി ഈ കുടുംബം പുനർഗേഹം പദ്ധതി പ്രകാരം വീടിനായി ശ്രമം നടത്തിയെങ്കിലും വസ്തു വാങ്ങാൻ സാധിക്കാത്തത് തിരിച്ചടിയാകുകയായിരുന്നു.
റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ച് നാശനഷ്ടക്കണക്കുകൾ ശേഖരിച്ചെങ്കിലും, ഇരകൾക്ക് ആവശ്യമായ താൽക്കാലിക പുനരധിവാസ സൗകര്യം ഒരുക്കി നൽകാൻ തയാറായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കടൽക്ഷോഭങ്ങളിൽ വീടുകൾ തകരുമ്പോൾ പലപ്പോഴും ഇവിടത്തുകാർ ഗത്യന്തരമില്ലാതെ, ബന്ധുക്കളുടെ വീടുകളിലാണ് അഭയം തേടുന്നത്.
ശക്തമായ കടലാക്രമണത്തിൽ നിരവധി വീടുകളിൽ വെള്ളം കയറി ഭാഗികമായി തകരുകയും ചെയ്തു. അഞ്ചുതെങ്ങ്-പെരുമാതുറ തീരദേശ പാതയിൽ പൊലീസ് ഗതാഗതം വഴി തിരിച്ചു വിട്ടിരുന്നു.
ഞായറാഴ്ച രാവിലെയുണ്ടായ കടലാക്രമണത്തിലാണ് മത്സ്യത്തൊഴിലാളിയായ പള്ളിത്തുറ പുരയിടത്തിൽ ഷിബുവിന്റെ വീട് ഭാഗികമായി തകർന്നത്. ഞായറാഴ്ച പകൽ പൂർണമായും കടൽ പ്രക്ഷുബ്ധമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.