മുതലപ്പൊഴിയിൽ മൂന്ന് ബോട്ടപകടങ്ങൾ, നിരവധി പേർക്ക് പരിക്ക്
text_fieldsചിറയിൻകീഴ്: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് അപകട പരമ്പര; മൂന്ന് വള്ളങ്ങൾ അപകടത്തിൽപെട്ടു, നിരവധി പേർക്ക് പരിക്ക്. ഞായറാഴ്ച രാത്രി എട്ടോടെയായിരുന്നു ആദ്യ അപകടം. അഞ്ചുതെങ്ങ് പൂത്തുറ സ്വദേശി ലിജുവിന്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി എന്ന വള്ളമാണ് അപകടത്തിൽപെട്ടത്. അപകടം സംഭവിക്കുമ്പോൾ വള്ളത്തിൽ മൂന്ന് മത്സ്യത്തൊഴിലാളികളാണുണ്ടായിരുന്നത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേയാണ് വള്ളം തിരയിൽപെട്ട് മറിഞ്ഞത്. അപകടം സംഭവിച്ച ഉടൻ മറ്റ് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുകയും മൂന്നുപേരെയും രക്ഷപ്പെടുത്തി ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു. നെടുങ്ങണ്ട സ്വദേശി അനസ്, പൂത്തുറ തരിശ്ശുപറമ്പ് സ്വദേശി ജിജോ, ഒറീസ സ്വദേശി വിജീഷ് തുടങ്ങിയവരാണ് അപകടത്തിൽപെട്ടത്. വളളത്തിലുണ്ടായിരുന്ന മീൻ നഷ്ടപ്പെടുകയും വള്ളത്തിന് കേടുപാട് സംഭവിക്കുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെ ആറരയോടെ മറ്റൊരു വള്ളവും അപകടത്തിൽപെട്ടിരുന്നു. കടലിലേക്ക് പോകാൻ ശ്രമിക്കവേ തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന രണ്ടുപേർ നീന്തി രക്ഷപ്പെട്ടു.
രാവിലെ ഏഴോടെയുണ്ടായ മൂന്നാമത്തെ അപകടത്തിലാണ് ഇരുപതോളം തൊഴിലാളികളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിച്ചത്. പെരുമാതുറ സ്വദേശി ഷാക്കിർ സലീമിന്റെ ഉടമസ്ഥതയിലുള്ള ഹസ്ബീ റബ്ബീ എന്ന വള്ളമാണ് മറിഞ്ഞത്. 37 തൊഴിലാളികൾ വള്ളത്തിലുണ്ടായിരുന്നു.
മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകവെ ശക്തമായ തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നു. വലയോടൊപ്പം തൊഴിലാളികൾ കടലിലേക്ക് വീണു. തുടർന്ന് മത്സ്യത്തൊഴിലാളികളുടെയും കോസ്റ്റൽ പൊലീസിന്റെയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും നേതൃത്വത്തിൽ അപകടത്തിൽപ്പെട്ടവരെ ഉടൻ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റ 18 പേർ ചിറയിൻകീഴ് താലൂക്കാശുപത്രിയിലും രണ്ടുപേർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. പെരുമാതുറ സ്വദേശി ഹസ്സൻ, റഫീഖ് എന്നിവരാണ് മെഡിക്കൽ കോളജ് ആശുപത്രിയിലുള്ളത്. നഹാസ്, സഹീർ, ഹസൻ, മൻസൂർ, ഷാക്കിർ, ഷാജി, ഷാഫി, നൗഫൽ, റഫീഖ്, ശ്യാം, മഹേഷ്, ഫലാഫ്, സുഹൈൽ, നിസാർ, നസീർ, നിസ്സാമുദീൻ, ഷാജി, സൈനുദ്ദീൻ, സഹീർ എന്നിവരാണ് താലൂക്കാശുപത്രിയിൽ ചികിത്സ തേടിയത്. അപകടത്തിൽപെട്ട ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മറിഞ്ഞ വള്ളം തീരത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും മുതലപ്പൊഴിയിൽ കടൽ പ്രക്ഷുബ്ധമായതിനാൽ സാധിച്ചില്ല. തുടർന്ന് വള്ളം വിഴിഞ്ഞത്തേക്ക് കൊണ്ടുപോകാൻ രക്ഷാപ്രവർത്തകൻ നിർദ്ദേശിച്ചു. അഞ്ചുതെങ്ങ് ചിറയിൻകീഴ് തീരത്ത് കടൽ പ്രക്ഷുബ്ധമായി തുടരുകയാണ്. ശക്തമായ തിരയാണ് തീരത്തുള്ളത്. ഇതിനൊപ്പം ഹാർബറിന്റെ പ്രവേശന കവാടത്തിലും തിരയടിക്കുന്നത് അപകടാവസ്ഥ വർധിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.