പുനർജനി തേടി വക്കം മാങ്കുഴി മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ്
text_fieldsചിറയിൻകീഴ്: വക്കം മാങ്കുഴി മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ് അധികൃതരുടെ അനാസ്ഥ മൂലം നാശോന്മുഖമായി. ബഹുനില മന്ദിരം പണിതീർന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തനമാരംഭിച്ചിട്ടില്ല. വക്കം ചന്തയ്ക്കകത്ത് കച്ചവടക്കാർക്കായി പണിതതാണ് ഷോപ്പിങ് കോംപ്ലക്സ്. 2016-17 കാലയളവിൽ മികച്ച പഞ്ചായത്തിനുള്ള റിവാർഡ് തുക ഉൾപ്പെടെ ലക്ഷങ്ങൾ െചലവാക്കിയാണ് കെട്ടിടം പണിതത്. പണി പൂർത്തിയാകും മുമ്പേ ഉദ്ഘാടനം നടത്തി. കച്ചവടക്കാർക്ക് സുഗമമായി കച്ചവടം നടത്തുന്നതിനുള്ള കടമുറിയും ശുചിമുറികളും കോൺഫറൻസ് ഹാളുമുള്ള മൂന്ന് നില കെട്ടിടം കഴിഞ്ഞ ഭരണസമിതിയാണ് പണിതത്.
മത്സ്യക്കച്ചവടക്കാർക്ക് മാത്രമാണ് ചന്തയിൽ നിലവിൽ ഷെഡുള്ളത്. പച്ചക്കറി ഉൾപ്പെടെയുള്ളവ വിൽക്കുന്നത് മരത്തിന്റെ ചുവട്ടിലും മറ്റ് തുറസായ സ്ഥലത്തും വെയിലും മഴയുമേറ്റാണ്. മത്സ്യവും പച്ചക്കറികളും പരമ്പരാഗത ഉൽപന്നങ്ങളും ഉൾപ്പെടെ നിരവധി സാധനങ്ങളാണ് ചന്തയിൽ വിപണനത്തിനായി കൊണ്ടുവന്നിരുന്നത്. രാവിലെ മുതൽ രാത്രി വരെ കച്ചവടമുണ്ടായിരുന്ന ചന്തയിൽ അടിസ്ഥാനസൗകര്യമില്ലാത്തത് കാരണം നിലവിൽ വളരെ കുറച്ച് കച്ചവടക്കാർ മാത്രമേയുള്ളൂ.
10 മണി കഴിയുന്നതോടെ മത്സ്യകച്ചവടക്കാർ ചന്തക്കുപുറത്തിറങ്ങി റോഡിന് വശങ്ങളിലിരുന്ന് കച്ചവടം നടത്തുന്നതോടെ ചന്തക്കുള്ളിലേക്ക് ആരും കയറാതെ ചന്തയുടെ പ്രവർത്തനം നിലക്കുകയാണ്.
നിലവിൽ ഹരിത കർമസേനയുടെ പ്ലാസ്റ്റിക് മാലിന്യവും സമീപത്തെ കടകളിലെ മാലിന്യവും നിക്ഷേപിക്കുന്ന സ്ഥലമായി ചന്ത മാറിക്കഴിഞ്ഞു. മഴക്കാലമായാൽ മലിനജലം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നതും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കെട്ടിടത്തിൽ വൈദ്യുതി ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളുടെ പണി പൂർത്തിയാക്കിയിട്ടില്ലാത്തതിനാൽ കടമുറികൾ വാടകക്ക് നൽകാൻ കഴിയുന്നില്ല. ചുമരുകളുടെ പല ഭാഗത്തും വിള്ളലുകൾ വീണുകഴിഞ്ഞു. പണി പൂർത്തീകരിച്ച് കെട്ടിടം പ്രവർത്തനസജ്ജമായിരുന്നെങ്കിൽ കൂടുതൽ കച്ചവടക്കാരെത്തി ചന്തയുടെ പ്രവർത്തനം കാര്യക്ഷമമായി പ്രധാനവരുമാനസ്രോതസ്സായി മാറുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.