റഷ്യയിൽ കുടുങ്ങിയ യുവാക്കളെ ഉടൻ നാട്ടിലെത്തിക്കും -മന്ത്രി
text_fieldsചിറയിൻകീഴ്: റഷ്യയിൽ കുടുങ്ങിയ യുവാക്കളെ ഉടൻ നാട്ടിലെത്തിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. യുവാക്കളുടെ വീടുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധത്തിൽ പരിക്കേറ്റ് എംബസിയിൽ കഴിയുന്ന പ്രിൻസിന് നാട്ടിലെത്തിനാവശ്യമായ ടിക്കറ്റ് ചാർജ് സർക്കാർ വഹിക്കും. പ്രിൻസിനൊപ്പം റഷ്യയിലെത്തി യുദ്ധമേഖലയിൽ കുടുങ്ങിക്കിടക്കുന്ന വിനീതിനെയും ടിനുവിനെയും എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കും.
ഇവരുടെ മോചനം സാധ്യമാക്കാൻ വിദേശകാര്യമന്ത്രിയുമായും റഷ്യൻ എംബസിയുമായും ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം യുവാക്കളുടെ ബന്ധുക്കൾക്ക് ഉറപ്പു നൽകി.
മന്ത്രി യുവാക്കളുടെ അമ്മമാരോടും ബന്ധുക്കളോടും സംസാരിച്ചശേഷം പ്രിൻസിനോട് വീഡിയോ കോളിലൂടെ സംസാരിച്ചു. തുടർന്ന് നോർക്ക സി.ഇ.ഒ അജിത് കോലഞ്ചേരിയുമായി ഫോണിൽ ബന്ധപ്പെട്ട് മൂന്നുപേരുടെയും മോചനം എത്രയുംപെട്ടെന്ന് സാധ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
ജനുവരി മൂന്നിനാണ് വ്യാജ റിക്രൂട്ടമെന്റ് ഏജൻസി വഴി യുവാക്കൾ റഷ്യയിലെത്തിയത്. മോസ്കോയിലെത്തിയ ഇവരുടെ പാസ്പോർട്ട് ഉൾപ്പെടെ എല്ലാരേഖകളും ഏജൻസിക്കാർ കൈക്കലാക്കി റഷ്യൻ പട്ടാളത്തിന് കൈമാറി സൈനികർക്കൊപ്പം യുദ്ധത്തിൽ പങ്കെടുപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് പ്രിൻസിന് പരുക്കേറ്റത്.
സമാനരീതിയിൽ നേരത്തേ റഷ്യയിലെത്തിയ പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പനും പരുക്കേറ്റിരുന്നു. കഴിഞ്ഞദിവസം ഡൽഹിയിലെത്തിയ ഇയാളിൽ നിന്നും സി.ബി.ഐ വിവര ശേഖരണം നടത്തുകയാണ്.
പ്രിൻസിനൊപ്പം അഞ്ചുതെങ്ങിൽനിന്ന് റഷ്യയിലെത്തിയ വിനീതും ടിനുവും ഇപ്പോഴും യുദ്ധ മേഖലയിൽ കുടുങ്ങി കിടക്കുകയാണ്. വി. ശശി എം.എൽ.എ, ആർ. സുഭാഷ്, മുല്ലശ്ശേരി മധു, അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി. പയസ്, ആർ. ജറാൾഡ്, എസ്. പ്രവീൺ ചന്ദ്ര, ലിജാ ബോസ്, വിഷ്ണു മോഹൻ, ഡോൺ ബോസ്ക്കോ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.