റോഡ് സുരക്ഷ പൊലീസിന് ബാധകമല്ലേ സർ?
text_fieldsതിരുവനന്തപുരം: വഴിയാത്രക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട് നടപ്പാത കൈയേറി പൊലീസിന്റെ ക്രിസ്മസ് കച്ചവടം. കോർപറേഷന്റെ എതിർപ്പുകളെ കാറ്റിൽപറത്തിയാണ് നന്ദാവനം എ.ആർ ക്യാമ്പിന് സമീപത്ത് പൊലീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് വിപണി തുറന്നത്. സാധാരണക്കാർ വഴിയോരത്ത് നടത്തുന്ന കച്ചവടങ്ങളെ റോഡ് സുരക്ഷയുടെ പേരിൽ എക്സ്കവേറ്റർ ഉപയോഗിച്ച് തുരത്തുന്നവർതന്നെ നിയമലംഘനത്തിന് കുടപിടിക്കുന്നതിൽ പൊലീസിനുള്ളിൽതന്നെ അമർഷം ശക്തമാണ്.
നന്ദാവനം എ.ആർ. ക്യാമ്പിന് എതിർവശത്ത് പ്രവർത്തിക്കുന്ന പൊലീസ് സഹകരണസംഘത്തിന്റെ മുൻവശത്തെ നടപ്പാതയിലേക്ക് നീളത്തിൽ പന്തൽകെട്ടി കച്ചവടം ആരംഭിക്കുകയായിരുന്നു. തിരക്കേറിയ റോഡിൽ നടപ്പാതയിലേക്ക് ബെഞ്ചുകളും റാക്കുകളും സ്ഥാപിച്ച് പുൽക്കൂടും കേക്കും നക്ഷത്രങ്ങളും വിൽപന ആരംഭിച്ചതോടെ രാവിലെയും വൈകീട്ടും ഇതുവഴി വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. സെക്രട്ടേറിയറ്റിൽ സമരമുണ്ടാകുമ്പോൾ പൊലീസ് വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത് പ്രധാനമായും നന്ദാവനം വഴിയാണ്.
മ്യൂസിയത്തിലേക്കും തിരുവനന്തപുരം കോർപറേഷനിലേക്കും വെള്ളയമ്പലത്തേക്കും പോകാനുള്ള മറ്റൊരു പ്രധാന റോഡാണിത്. ഏറെ തിരക്കുള്ള റോഡിൽ കാൽനടയാത്രക്കാരുടെ ഏക ആശ്രയം ഇവിടെയുള്ള നടപ്പാതയാണ്. ഈ ഭാഗമാണ് കെട്ടിയടച്ച് പൊലീസ് കച്ചവടകേന്ദ്രമാക്കിയിരിക്കുന്നത്. പരാതികളെ തുടർന്ന് പന്തൽ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് കോർപറേഷൻ നോട്ടീസ് നൽകിയെങ്കിലും നിയമലംഘനം തുടരുകയാണ്.
നവംബറിൽ കഴക്കൂട്ടം-ശ്രീകാര്യം റോഡിൽ മാത്രം നടപ്പാത കൈയേറി കച്ചവടം നടത്തിയ നൂറോളം വഴിയോരക്കച്ചവടക്കാരെയാണ് ശ്രീകാര്യം പൊലീസിന്റെ സഹായത്തോടെ കോർപറേഷൻ ഒഴിപ്പിച്ചത്. അമ്പലത്തിങ്കര മുതൽ കാര്യവട്ടം ജങ്ഷൻ വരെ നടപ്പാതക്ക് പുറത്ത് കച്ചവടം ചെയ്തവരെയും സുരക്ഷയുടെ പേരിൽ പൊലീസ് മണ്ണുമാന്തി യന്ത്രവും എക്സ്കവേറ്ററും ഉപയോഗിച്ച് ഒഴിപ്പിച്ചിരുന്നു. കിഴക്കേകോട്ടയിലും തമ്പാനൂരും നടപ്പാതയിലെ കച്ചവടങ്ങൾ കോർപറേഷനും പൊലീസും ഇപ്പോൾ അനുവദിക്കുന്നില്ല. സെക്രട്ടേറിയറ്റ് പരിസരത്തുപോലും സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നെന്ന് കണ്ട് സമരക്കാരുടെയും രാഷ്ട്രീയ പാർട്ടികളുടെയും ഫ്ലക്സുകൾ പൊലീസ് മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.