വൈഡൂര്യ ഖനനം; വകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെയെന്ന് പശ്ചിമഘട്ട ജൈവ കലവറ പരിപാലന സമിതി
text_fieldsപാലോട്: പാലോട് വനം റേഞ്ച് പരിധിയിലെ ബ്രൈമൂർ മണച്ചാല നിബിഡമേഖലയിൽ നടന്ന വൈഡൂര്യ ഖനനം ആസൂത്രിതവും വകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെയുമാണെന്ന് പശ്ചിമഘട്ട ജൈവ കലവറ പരിപാലന സമിതി ആരോപിച്ചു.
ഏതാനും നാൾ മുമ്പ് ആധുനിക സംവിധാനങ്ങളോടെ വൈഡൂര്യം കൊള്ളചെയ്യാൻ വന്ന സംഘത്തിന് ഖനനത്തിലൂടെ വൈഡൂര്യങ്ങൾക്കടുത്ത് എത്താനായെങ്കിലും വിവരം പുറത്തറിഞ്ഞതിനാൽ ദൗത്യം ഉപേക്ഷിക്കേണ്ടി വന്നു. പെരിങ്ങമ്മല വനം സെക്ഷൻ ഓഫിസിലെ ജീവനക്കാരുടെ സഹായം അന്ന് ആ കൊള്ളസംഘത്തിന് ഉണ്ടായിരുന്നു.
പെരിങ്ങമ്മല ആക്ഷൻ കൗൺസിലിെൻറ പരാതിയിൽ സെക്ഷൻ ഫോറസ്റ്ററെ സ്ഥലം മാറ്റുകയും വാച്ചർമാരെ പിരിച്ചുവിടുകയും ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്തില്ല. കേസും മുന്നോട്ട് പോയില്ല.
വനം വിജിലൻസിെൻറ നിർദേശപ്രകാരം വൈഡൂര്യഖനിക്ക് സമീപം ഇരുപത്തിനാല് മണിക്കൂറും ശക്തമായ കാവൽ ഏർപ്പെടുത്തിയിരുന്നു. പുതിയ റേഞ്ച് ഓഫിസർ ചാർജെടുത്തതിെൻറ പിന്നാലെയാണ് ഇപ്പോൾ വീണ്ടും വൈഡൂര്യ കൊള്ള നടന്നത്. ബ്രൈമൂർ മണച്ചാലയിലെ വൈഡൂര്യനിക്ഷേപത്തിൽ കണ്ണ് വെച്ചവരിൽ പ്രധാനികൾ വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെയാണ്.
ബ്രൈമൂർ വനത്തിന് നാലുചുറ്റുമുള്ള വനം സെക്ഷൻ ഓഫിസുകളുടെയെല്ലാം തലവൻമാരായി വൈഡൂര്യ കൊള്ളക്കാരുടെ കൂട്ടാളികളായ ഉദ്യോഗസ്ഥർ ഒന്നിനുപിറകേ ഒന്നായി എത്തിച്ചേർന്നു. ഇതോടെ പാലോട് റേഞ്ച് വനം കൊള്ളക്കാരുടെ പിടിയിലാവുകയും ചെയ്തു.
ദുർഘടമായ കാലാവസ്ഥയുടെ മറവിൽ വനം ഉദ്യോഗസ്ഥരും വൈഡൂര്യ കൊള്ളക്കാരും പ്രാദേശിക രാഷ്ട്രീയ നേതാക്കളും ചേർന്ന് ഗൂഢാലോചന നടത്തി ആസൂത്രണത്തോടെയാണ് കോടാനുകോടി രൂപയുടെ വൈഡൂര്യം ഇവിടെ നിന്ന് കൊള്ളചെയ്ത് കടത്തിയത്.
ബ്രൈമൂറിൽ നിന്ന് സത്യസന്ധരായ വനം വാച്ചർമാരെയെല്ലാം ബോധപൂർവം മാറ്റിനിർത്തുകയും കല്ലാർ സെക്ഷനിലെയും പെരിങ്ങമ്മല സെക്ഷനിലെയും ഗാർഡുകളെ മണച്ചാല ക്യാമ്പ് ഷെഡിൽ പോകുന്നത് വിലക്കുകയും ക്യാമ്പ് ഷെഡ് കൊള്ളക്കാരുടെ താവളമാക്കുകയും ചെയ്തു. ഉന്നത ഉദ്യോഗസ്ഥർ മുതൽ താഴോട്ടുള്ളവരെയെല്ലാം പണം നൽകി കെട്ടിയ ശേഷമാണ് അത്യാധുനിക സംവിധാനങ്ങളുമായി 20 ദിവസം വനനെറുകയിൽ വൈഡൂര്യ കൊള്ള നടന്നത്.
യഥാർഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ വൻ ജനകീയ പ്രക്ഷോഭവും നിയമപോരാട്ടവും ഉൾപ്പെടെ നടത്തുമെന്ന് പശ്ചിമഘട്ട ജൈവ കലവറ പരിപാലന സമിതി ചെയർമാൻ എം. നിസാർ മുഹമ്മദ് സുൾഫിയും ജനറൽ കൺവീനർ സലീം പള്ളിവിളയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.