നഗരഭരണം നാലാം വർഷത്തിലേക്ക്; നേട്ടങ്ങൾക്കൊപ്പം പരിഹരിക്കാത്ത പ്രശ്നങ്ങളുമേറെ
text_fieldsതിരുവനന്തപുരം: നഗരത്തിന്റെ എല്ലാ മേഖലയെയും സ്പർശിക്കുന്ന വിവിധ വികസന പ്രവർത്തനങ്ങൾ നടത്താനായെന്ന സംതൃപ്തിയിൽ തിരുവനന്തപുരം കോർപറേഷൻ ഭരണ സമിതി നാലാം വർഷത്തിലേക്ക്.
മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ 2020 ഡിസംബർ 28 നാണ് ഭരണസമിതി ചുമതലയേറ്റത്. നഗരത്തിന്റെ മുഖം മാറ്റുന്ന വിവിധ പദ്ധതികൾ ഈ കാലയളവിൽ നടപ്പാക്കാനായെന്നാണ് ഭരണ സമിതിയുടെ വാദം. ചെറിയ മഴയിൽപോലും രൂപപ്പെടുന്ന വെള്ളക്കെട്ട്, സഞ്ചാരയോഗ്യമല്ലാത്ത നിരവധി റോഡുകൾ, പ്രകാശിക്കാത്ത വഴിവിളക്കുകൾ തുടങ്ങി പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ഏറെയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാനായതടക്കം നേട്ടങ്ങളുടെ പട്ടിക ഭരണപക്ഷം നിരത്തുന്നു.
നഗരസഭ മെയിൻ ഓഫിസ്, തമ്പാനൂർ എന്നിവിടങ്ങളിൽ നൂതന പാർക്കിങ് സംവിധാനം, അമൃത് പദ്ധതിയിൽ 258 കോടി രൂപയുടെ പദ്ധതികൾ, ലോ കാർബൺ അനന്തപുരം പദ്ധതിയുടെ ഭാഗമായി നഗരസഭ വാങ്ങി കെ.എസ്.ആർ.ടി.സിക്ക് കൈമാറിയ ഇലക്ട്രിക് ബസുകൾ തുടങ്ങിയവ നേട്ടങ്ങളുടെ കൂട്ടത്തിൽ ചൂണ്ടിക്കാട്ടുന്നു. ഏറ്റവുമധികം പേർക്ക് സാമൂഹിക സുരക്ഷ പെൻഷൻ നൽകാനാകുന്നത് നേട്ടമാണെന്ന് വിലയിരുത്തുന്നു.
അതിദാരിദ്ര്യ നിർമാർജന പദ്ധതിയിൽ 501 ഗുണഭോക്താക്കളെ ഉൾപ്പെടുത്തി. ശ്രീകണ്ഠേശ്വരത്ത് ഷീ ലോഡ്ജ്, ലേഡീസ് ഹോസ്റ്റൽ, ഓവർ ബ്രിഡ്ജിൽ ഷീ ലോഡ്ജ്, ഷീ സ്പെയ്സ് എന്നിവയും ഒരുക്കി. പ്രായമായവരുടെ സമഗ്ര ആരോഗ്യസംരക്ഷണത്തിനായി മിത്രം പദ്ധതി ആരംഭിച്ചു. സ്ത്രീകളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനായി പ്രയത, ടേക്ക് എ ബ്രേക്ക് പദ്ധതി, ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ, മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ എയ്റോബിക് ബിൻ, തുമ്പൂർമുഴി പ്ലാന്റ് എന്നിവ സ്ഥാപിച്ചു.
വെള്ളക്കെട്ട് ഒഴിവാക്കാൻ വിവിധ ഡിവിഷനുകളിൽ നടത്തിയ പ്രവർത്തനങ്ങൾ, മാനവീയം വീഥി നവീകരണം, കലാഭവൻ മണി റോഡ് നിർമാണം, കണ്ണിമേറ മാർക്കറ്റിനുള്ള താൽക്കാലിക ബ്ലോക്ക് തുടങ്ങിയവ വികസനപ്രവർത്തനങ്ങളുടെ കൂട്ടത്തിൽ ഭരണപക്ഷം വിവരിക്കുന്നു. ഇക്കാലയളവിൽ ലഭിച്ച വിവിധ പുരസ്കാരങ്ങളും ഭരണമികവിനുള്ള അംഗീകാരമായി അവകാശപ്പെടുന്നു.
അതേ സമയം നഗരത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കിയുള്ള പ്രവർത്തനങ്ങളല്ല ഭരണസമിതിയിൽ നിന്നുണ്ടാകുന്നതെന്നാണ് പ്രതിപക്ഷ വിമർശനം.
പ്രഖ്യാപനങ്ങൾക്കപ്പുറം അടിസ്ഥാന പ്രശ്നങ്ങളടക്കം പരിഹരിക്കപ്പെടാത്ത സാഹചര്യമാണെന്നും പ്രതിപക്ഷത്തുള്ള കോൺഗ്രസ്, ബി.ജെ.പി നേതൃത്വങ്ങൾ കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.