നഗരസഭ കരട് മാസ്റ്റർ പ്ലാൻ -2024; നിർദേശം നൽകാനുള്ള സമയം നീട്ടാൻ സര്‍ക്കാറിനെ സമീപിക്കും
text_fieldsതിരുവനന്തപുരം: നഗരസഭയുടെ കരട് മാസ്റ്റർ പ്ലാൻ -2024 സംബന്ധിച്ച് നിർദേശം നൽകാനും പരാതികളും ആക്ഷേപങ്ങളും ഉന്നയിക്കാനുമുള്ള സമയം നീട്ടിനൽകണമെന്ന ആവശ്യം ശക്തം. ആക്ഷേപങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ 60 ദിവസത്തെ സമയമാണ് അനുവദിച്ചത്.
ഇത് 31നു തീരും. ഇക്കാര്യമാവശ്യപ്പെട്ട് സര്‍ക്കാറിനെ സമീപിക്കുമെന്ന് നഗരസഭ അധികൃതർ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സെമിനാറിൽ വ്യക്തമാക്കി. 72 വാര്‍ഡുകളിലായി 300 ഏക്കറോളം സ്വകാര്യ ഭൂമി വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുക്കണമെന്നതടക്കമുള്ള വിവാദ ശിപാര്‍ശകള്‍ ഇതിലുണ്ട്.
നഗരസഭക്കായി ആദ്യ മാസ്റ്റർ പ്ലാൻ കൊണ്ടുവന്നത് 1971ലാണ്. അരനൂറ്റാണ്ട് കഴിഞ്ഞാണ് പുതിയൊരു പ്ലാൻ കൊണ്ടുവരുന്നത്. മാറിയ കാലഘട്ടം, ജനപ്പെരുപ്പം, പുതിയ വികസന പദ്ധതികളുടെ അവതരണം എന്നിവ കണക്കിലെടുത്താൽ കൂടുതൽ ചർച്ചകൾ നടക്കേണ്ടതായിരുന്നു. കരട് പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ ശില്പശാല നടത്തണമെന്ന് നഗരാസൂത്രണ നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, ഇതു വൈകി.
ശില്പശാലയിൽ ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് മാസ്റ്റര്‍ പ്ലാന്‍ അംഗീകാരത്തനായി സര്‍ക്കാറിനും കൗണ്‍സിലിനും സമര്‍പ്പിക്കേണ്ടത്. ശില്പശാല വൈകി സംഘടിപ്പിച്ചതിനെതിരെ വിമര്‍ശനമുയർന്നിരുന്നു. അവസാന നിമിഷം ശില്പശാല നടത്തി കോര്പറേഷന് ചടങ്ങ് തീര്‍ക്കുകയായിരുന്നെന്നാണ് ആക്ഷേപം.
ഉദ്ഘാടനത്തിനെത്തുമ്പോൾ മന്ത്രിമാരോട് പ്രതിഷേധമുയർത്താൻ ഒരുകൂട്ടം പേർ തയാറായി നിന്നിരുന്നു. എന്നാൽ, മന്ത്രിമാരെത്താത്തതിനാൽ പ്രതിഷേധം നടന്നില്ല. എങ്കിലും, നിരവധി പരാതികൾ രേഖാമൂലം ലഭിച്ചിട്ടുണ്ട്. ഇത് ഒരാഴ്ച്ചക്കകം പരിഹരിക്കാന്‍ കഴിയില്ലെന്നതിനാലാണ് സമയപരിധി നീട്ടി നല്‍കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുന്നത്.
കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, തിരുവനന്തപുരം, കോവളം നിയോജകമണ്ഡലങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ് മാസ്റ്റര്‍ പ്ലാന്‍. വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ. പ്രശാന്ത് മാത്രമാണ് പങ്കെടുത്തത്.
സെമിനാര്‍ ആരംഭിച്ച് അരമണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും അദ്ദേഹം മടങ്ങി. കൗണ്‍സിലര്‍മാരുടെ എണ്ണവും കുറവായിരുന്നു. മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, സ്ഥിരംസമിതി അധ്യക്ഷർ, കലക്ടർ ജെറോമിക് ജോർജ്, സിറ്റി പൊലീസ് കമീഷണർ, വാർഡ് കൗൺസിലർമാർ, ജില്ലതല ഉദ്യോഗസ്ഥർ എന്നിവരും ചേംബർ ഓഫ് കോമേഴ്സ്, ക്രഡായി എന്നീ സംഘടനകളിലെ പ്രതിനിധികളും പങ്കെടുത്തു.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്ലാൻ തയാറാക്കിയത്. പദ്ധതിയുടെ സംസ്ഥാനതല നോഡൽ ഏജൻസിയായി തദ്ദേശ സ്വയംഭരണ വകുപ്പിനെ (പ്ലാനിങ്) നിയമിച്ചു. ജിയോ ഡേറ്റ ബേസ് സൃഷ്ടിക്കൽ, മാസ്റ്റർ പ്ലാനുകൾ തയാറാക്കൽ, ശേഷി വർധിപ്പിക്കൽ എന്നിവ അവരുടെ ചുമതലയാണ്. സംസ്ഥാനത്തെ ഒമ്പത് അമൃത് നഗരങ്ങളിലൊന്നാണ് തിരുവനന്തപുരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.