നഗരത്തിലെ ജലവിതരണം സാധാരണനിലയിലേക്ക്
text_fieldsതിരുവനന്തപുരം: ദിവസങ്ങളോളം അവതാളത്തിലായ നഗരത്തിലെ ജലവിതരണം സാധാരണ നിലയിലേക്ക്. ചില ഉയർന്ന പ്രദേശങ്ങളിൽ ജലദൗർലഭ്യം അനുഭവപ്പെടുന്നുണ്ട്. താഴ്ന്നപ്രദേശങ്ങളിൽ ജലവിതരണം സാധാരണ നിലയിലായതായി അധികൃതർ പറഞ്ഞു. അതേസമയം മേലറന്നൂർ, പൂജപ്പുര പ്രദേശങ്ങളിൽ ഇന്നലെയും വെള്ളമെത്താത്തത് പ്രതിഷേധത്തിനിടയാക്കി.
കുര്യാത്തി സെക്ഷനുകീഴിലുള്ള മണക്കാട് മേഖലയിൽ പലയിടത്തും രാത്രിയിൽ മാത്രമായി ജലവിതരണം പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഒന്നിലധികം പൈപ്പുകൾ കടന്നുപോകുന്ന ഇവിടെ ചില പൈപ്പുകളിൽ നിന്ന് നൽകിയ ഗാർഹിക കണക്ഷനുകളിലാണ് മുഴുവൻ സമയവും വെള്ളം ലഭിക്കാത്തത്. വ്യാപാരികളടക്കം പലതവണ ജല അതോറിറ്റിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
അതിനിടെ കുടിവെള്ളവിതരണം സംബന്ധിച്ച് പൊതുമാർഗനിർദേശം തയാറാക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ വിളിച്ച യോഗം വ്യാഴാഴ്ച ചേരും. ദിവസങ്ങളോളം കുടിവെള്ളം മുടങ്ങിയതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങൾ വിശദമായി പരിശോധിക്കാൻ കൂടിയാണ് യോഗം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ചർച്ച ചെയ്യും. അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെ ഉണ്ടാകുമ്പോള്‍ മുന്‍കൂട്ടി ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ചും നടപടിക്രമം തയാറാക്കും. അഞ്ച് ദിവസത്തോളം നഗരത്തിൽ ജലവിതരണം തടസ്സപ്പെട്ടത് ഉദ്യോഗസ്ഥരുടെ ആസൂത്രണപ്പിഴവാണെന്ന ആക്ഷേപം ശക്തമാണ്. ഈ സാഹചര്യത്തിൽ കാര്യക്ഷമമായ ഇടപെടലിനുള്ള നിർദേശങ്ങൾ യോഗം പരിശോധിക്കും.
കുടിവെള്ളം മുടങ്ങുന്നത് മുൻകൂട്ടി മനസ്സിലാക്കാൻ ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് ആവശ്യത്തിന് മുന്നിറിയിപ്പും ബദല്സംവിധാനങ്ങളും ഉറപ്പുവരുത്തണമെന്ന നിർദേശം ജലവിഭവവകുപ്പ് ഇതിനകം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.
മേയർ രാജിെവക്കണം -ബി.ജെ.പി
തിരുവനന്തപുരം: തലസ്ഥാനനഗരത്തിലെ കുടിവെള്ളമുടക്കത്തിന് അഞ്ചുദിവസം പിന്നിട്ടിട്ടും പൂർണമായി പരിഹാരമുണ്ടാക്കാനാവാതെ സംസ്ഥാന സർക്കാറും നഗരസഭയും പരാജയപ്പെട്ടിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഭരിക്കാനറിയാത്ത മേയർ ഉടൻ രാജിവെക്കണം.
കൗൺസിലർമാരെ വിശ്വാസത്തിലെടുക്കുന്നതിൽ മേയറും സംഘവും പരാജയപ്പെട്ടു. നഗരവാസികൾ കുടിവെള്ളത്തിനും പ്രാഥമിക ആവശ്യങ്ങൾക്കും വേണ്ടി കഷ്ടപ്പെടുമ്പോൾ പുറത്ത് നഗരസഭ വെള്ളം വിറ്റ സംഭവം മനഃസാക്ഷിക്ക് നിരക്കാത്തതാണ്. പ്രശ്നം കൈവിട്ടുപോയിട്ടും സർവകക്ഷി യോഗം വിളിക്കാൻ പോലും സർക്കാർ തയാറാവാതിരുന്നത് വലിയ വീഴ്ചയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.