ചെങ്കടലായി പുത്തരിക്കണ്ടം
text_fieldsതിരുവനന്തപുരം: വീണ്ടും ഭരണത്തിലെത്തുമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് വിജയപ്രതീക്ഷയുടെ കാഹളം മുഴക്കിയാണ് എൽ.ഡി.എഫിെൻറ വികസന മുന്നേറ്റ ജാഥ വെള്ളിയാഴ്ച പുത്തരിക്കണ്ടം മൈതാനിയിൽ സമാപിച്ചത്.
വിഴിഞ്ഞത്തുനടന്ന സ്വീകരണത്തിന് ശേഷം ഡി.വൈ.എഫ്.ഐ-എ.ഐ.വൈ.എഫ് പ്രവർത്തകർ നയിച്ച ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് ബിനോയ് വിശ്വം നയിച്ച ജാഥ നഗരത്തിൽ പ്രവേശിച്ചത്. തുടർന്ന് എം.എം.വി സ്കൂളിന് സമീപം കാത്തുനിന്ന നൂറുകണക്കിന് പ്രവർത്തകർ ജാഥാക്യാപ്റ്റൻ ബിനോയ് വിശ്വത്തെയും ജാഥാംഗങ്ങളെയും തുറന്ന ജീപ്പിലേക്ക് ആനയിച്ചു.
ഏറ്റവും മുന്നിലെ അനൗൺസ്മെൻറ് വാഹനത്തിന് പിന്നിലായി നൂറുകണക്കിന് ഇരുചക്രവാഹനങ്ങളിൽ യുവജന സംഘടനാപ്രവർത്തകരും പിന്നിൽ സി.പി.എം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാൻഡ് മേളവുമായി റെഡ് വളൻറിയർമാരും തൊട്ടുപിറകിലായി കേരളീയ വേഷത്തിൽ മുത്തുക്കുട അണിഞ്ഞ വനിതാ പ്രവർത്തകരും അണിനിരന്നു.
ആവേശമുയർത്തുന്ന ശിങ്കാരിമേളത്തിന് പിറകിലായാണ് തുറന്ന ജീപ്പിൽ ജാഥാക്യാപ്റ്റൻ ബിനോയ് വിശ്വം സഞ്ചരിച്ചത്. പിറകിലായി നദി ഒഴുകുന്നതുപോലെ ചുവന്ന തൊപ്പി ധരിച്ച നൂറുകണക്കിന് പ്രവർത്തകർ. കൈകളിൽ ചുവന്ന ബലൂണും പാർട്ടി പതാകകളും ബാനറും. മുഖ്യമന്ത്രി പിണറായി വിജയെൻറയും ജാഥാക്യാപ്റ്റൻ ബിനോയ് വിശ്വത്തിെൻറയും ചിത്രങ്ങളടങ്ങിയ പ്ലക്കാർഡുകളേന്തിയാണ് പ്രവർത്തകർ സ്വീകരണ ജാഥയിൽ പങ്കെടുത്തത്.
സ്വീകരണ ജാഥ കടന്നുവന്ന വഴികളിൽ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ അഭിവാദ്യമർപ്പിക്കാൻ നൂറുകണക്കിന് പേർ വഴിയോരങ്ങളിൽ കാത്തുനിൽപ്പുണ്ടായിരുന്നു. സമ്മേളനവേദിയിലേക്ക് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വിജയഭേരിയോടെയാണ് പ്രവർത്തകർ വരവേറ്റത്.
സമ്മേളനം പകുതി പിന്നിട്ടപ്പോഴും പ്രകടനങ്ങളുമായി പ്രവർത്തകർ മൈതാനത്തേക്ക് എത്തിക്കൊണ്ടേയിരുന്നു. പ്രവർത്തകരുടെ കുത്തൊഴുക്കിൽ നഗരത്തിലെ ഗതാഗത സംവിധാനം താളം തെറ്റി. ഇടവഴികളും ഗതാഗതത്തിരക്കിൽ ശ്വാസം മുട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.