സിവിൽ സർവിസ് റാങ്ക്; തിരുവനന്തപുരത്തിന് പതിനൊന്നിന്റെ പെരുമ
text_fieldsതിരുവനന്തപുരം: സിവില്‍ സര്‍വിസ് റാങ്ക് പട്ടിക പുറത്തുവന്നപ്പോൾ തലസ്ഥാനത്തിന് അഭിമാന നേട്ടം. റാങ്ക് പട്ടികയില്‍ ആദ്യ ആയിരത്തില്‍ 54 മലയാളികള്‍ ഇടം പിടിച്ചപ്പോൾ ജില്ലയില്‍നിന്ന് റാങ്ക് പട്ടികയിലെത്തിയത് 11 പേരാണ്. ഇതില്‍ ആദ്യ നൂറ് റാങ്കില്‍ രണ്ട് പെണ്‍കുട്ടികളുണ്ട് എന്നതും തലസ്ഥാന ജില്ലക്ക് അഭിമാനിക്കാം. ചിറയിന്‍കീഴ് സ്വദേശിനിയായ കസ്തൂരി ഷാ 68ാം റാങ്കും തിരുമല സ്വദേശിനി ഫാബി റഷീദ് 71ാം റാങ്കും നേടി.
മലയിന്‍കീഴ് സ്വദേശി അഞ്ജിത് എ. നായര്‍ (റാങ്ക് 205), മണ്ണന്തല സ്വദേശി ജേക്കബ് ജെ. പുത്തന്‍വീട്ടില്‍ (246), പേരൂര്‍ക്കട സ്വദേശി ടി. അഖില്‍ (331), മുട്ടട സ്വദേശി അക്ഷയ് ദിലീപ് (439), ശാസ്തമംഗലം സ്വദേശി സ്വാതി എസ്. ബാബു (522), കവടിയാര്‍ സ്വദേശി അബ്ദുൽ ഫസല്‍ (507), അക്ഷയ കെ. പവിത്രന് (831), പോത്തന്‍കോട് സ്വദേശി എ.എന്‍. അഹ്റാസ് (852), വക്കം സ്വദേശി മൃദുൽ ദർശൻ (630) എന്നിവരാണ് റാങ്ക് പട്ടികയിൽ ഇടം നേടിയ മറ്റു തലസ്ഥാന വാസികൾ.
ആദ്യ പരിശ്രമത്തിൽ നേട്ടംകൊയ്ത് സ്വാതി
തിരുവനന്തപുരം: ആദ്യ പരിശ്രമത്തിൽ തന്നെ സിവിൽ സർവിസ് റാങ്ക് പട്ടികയിൽ ഇടംനേടാനായതിന്റെ സന്തോഷത്തിലാണ് ആലപ്പുഴ പഴവീട് സ്വദേശിനിയായ സ്വാതി എസ്. ബാബു. കുട്ടിക്കാലം മുതൽ സിവിൽ സർവിസ് തന്നെയായിരുന്നു മനസ്സിലെ മോഹം.
അതുകൊണ്ടു തന്നെ മദ്രാസ് ഐ.ഐ.ടിയിൽ ഡെവലപ്മെന്റ് സ്റ്റഡീസിൽ ഇന്റഗ്രേറ്റഡ് എം.എ പൂർത്തിയാക്കിയ ഉടൻ സ്വാതി നേരെ വന്നത് സിവിൽ സർവിസ് പരിശീലനത്തിനായാണ്. ഒരു വർഷമായി തിരുവനന്തപുരം ശാസ്തമംഗലത്ത് പരിശീലനത്തിന്റെ ഭാഗമായി താമസിക്കുന്നു. ഫോർച്യൂൺ ഐ.എ.എസ് അക്കാദമിയിൽ പരിശീലനം നേടി. രാജ്യത്താകെ 42 സീറ്റ് മാത്രമുള്ള ഇന്റഗ്രേറ്റഡ് എം.എ എൻട്രൻസ് ഒന്നാം റാങ്കിൽ പാസായാണ് സ്വാതി തന്റെ ബിരുദ പഠനത്തിനെത്തിയത്.
മുഴുവൻ സമയ പഠന രീതിയായിരുന്നില്ല സ്വാതി സിവിൽ സർവിസിനായി തെരഞ്ഞെടുത്തത്. എട്ട് മണിക്കൂർ പഠിക്കും. അതിനിടെ നീന്തൽ പരിശീലനം. പ്രധാന ഹോബിയായ വായനയെയും കൈവിട്ടില്ല. തികഞ്ഞ ആത്മവിശ്വാസത്തോടെ പരീക്ഷകളെയും അഭിമുഖത്തെയും നേരിട്ടു. റാങ്കിൽ തൃപ്തയല്ലാത്തതിനാൽ വീണ്ടും പരീക്ഷ എഴുതും.
ഐ.എ.എസ് കിട്ടണമെന്ന് തന്നെയാണ് ആഗ്രഹം. അതിനുള്ള പരിശീലനവും തുടരും. അച്ഛൻ കെ.ആർ ബാബു അസി. എക്സൈസ് കമീഷണറായി വിരമിച്ചയാളാണ്. അമ്മ കെ.എം. സീതാലക്ഷ്മി പാലക്കാട് ഡബ്ല്യു ആൻഡ്സി ആശുപത്രിയിൽ സീനിയർ നഴ്സിംഗ് ഓഫിസറാണ്. അനിയത്തി കാർത്തിക എസ്. ബാബു ഗുജറാത്ത് നാഷനൽ േലാ യൂനിവേഴ്സിറ്റിയിൽ എൽഎൽ.ബി വിദ്യാർഥിനി.
പോത്തൻകോട്ടിന്റെ തിളക്കമായി അഹ്റാസ്
പോത്തൻകോട്: പോത്തൻകോടിന് സിവിൽ സർവിസ് തിളക്കം. സിവിൽ സർവിസിൽ 852 ാം റാങ്ക് നേടിയത് പോത്തൻകോട് സ്വദേശിയായ ഡോ.എ.എൻ. അഹ്റാസ്.
പോത്തൻകോട് ഇബ്രാഹിം പാലസ് നഗറിൽ അബ്ദുൽ നവാസിന്റെയും (റിട്ട. എം.വി.ഐ) റീനയുടെയും മകനാണ് ഡോ. അഹ്റാസ്. നാലാം തവണത്തെ പരിശ്രമത്തിലൊടുവിലാണ് സിവിൽ സർവിസ് ലക്ഷ്യത്തിലെത്താൻ കഴിഞ്ഞത്. ആലപ്പുഴ കലവൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ സേവനം ചെയ്തുവരുകയാണ്. ആലപ്പുഴ മെഡിക്കൽ കോളജിലെ പി.ജി വിദ്യാർഥിനി ഡോ. ആഫിയയാണ് ഭാര്യ. ഒരു വയസ്സുകാരനായ എയ്ദൻ മകനാണ്. ഡോ. അഹ്ജാസ്, അഹ്ലാസ് എന്നിവർ സഹോദരങ്ങളാണ്.
ഫോണുപേക്ഷിച്ചു, രണ്ടാം വട്ടം സ്വപ്ന സാക്ഷാത്കാരം
തിരുവനന്തപുരം: മദ്രാസ് ക്രിസ്ത്യൻ കോളജിൽ ഡിഗ്രിക്ക് പഠിക്കുന്ന മകനെ കാണാനെത്തിയ പിതാവിന്റെ കൈയിൽ മകൻ ഏൽപ്പിച്ചത് വിലകൂടിയ തന്റെ സ്മാർട്ട് ഫോൺ. ‘എനിക്ക് ഇൗ ഫോൺ വേണ്ട, ഒരു വില കുറഞ്ഞ കീപാഡ് ഫോൺ മതി. വാട്സ്ആപും നെറ്റുമൊക്കെ നോക്കി സമയം ഏറെ പാഴാകുന്നു’. പിതാവ് ഏറെ പറഞ്ഞുനോക്കിയിട്ടും മകൻ തന്റെ തീരുമാനത്തിൽനിന്ന് പിൻവാങ്ങിയില്ല.
അങ്ങനെ സോഷ്യൽ മീഡിയയോടും സ്മാർട്ട് ഫോണിനോടും ഗുഡ് ബൈ പറഞ്ഞ മകനാണ് സിവിൽ സർവിസ് പരീക്ഷയിൽ 246ാം റാങ്ക് സ്വന്തമാക്കിയ ജേക്കബ് ജെ. പുത്തൻവീട്ടിൽ. ബിരുദ പഠനത്തിനിടെയാണ് മണ്ണന്തല സ്വദേശിയായ ജേക്കബ് സിവിൽ സർവിസ് പരീക്ഷക്കായി പഠനം തുടങ്ങിയത്.
വീട്ടിൽ പറഞ്ഞപ്പോൾ പിതാവ് റിട്ട. എൻജിനീയറും ട്രിനിറ്റി കോളജ് ഒാഫ് എൻജിനീയറിങ് സ്ഥാപക ഡയറക്ടറുമായ ജേക്കബ് പുത്തൽവീട്ടിലിനും മാതാവ് ആണ്ടൂർക്കോണം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഒാഫിസർ-ഇൻ ചാർജായ ഡോ. എലിസബത്തിനും നൂറുവട്ടം സമ്മതം.
പിതാവിന്റെ സഹോദരനായ മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബും ജേക്കബിന്റെ സിവിൽ സർവിസ് മോഹത്തിന് പിന്തുണയായിട്ടുണ്ട്. മുഴുവൻ സമയവും പഠനത്തിനായി മാറ്റിവെച്ചു. പഠിക്കേണ്ട പാഠഭാഗങ്ങൾക്കായി ടൈംടേബിൾ ഒരുക്കി പഠിച്ചു. ഇതിനിടെ ബിരുദപഠനം പൂർത്തിയാക്കി ഇഗ്നോയിൽ എം.എ ഫിലോസഫിക്കും ചേർന്നു.
ആദ്യവട്ടം സിവിൽ സർവിസിന് ശ്രമിച്ചെങ്കിലും ഇന്റർവ്യൂവിന് യോഗ്യത നേടാനായില്ല. രണ്ടാം വട്ടം റാങ്കോടെ പാസാവുകയും ചെയ്തു. സഹോദരി ആഗ്നസ് മറിയം ജേക്കബ് എം.ബി.ബി.എസ് പൂർത്തിയാക്കിയശേഷം പി.ജി പഠനത്തിനുള്ള തയാറെടുപ്പിലാണ്.
സോഫ്റ്റ്വെയർ എൻജിനീയർ പദവി ഉപേക്ഷിച്ച് രണ്ടാംശ്രമത്തിൽ ലക്ഷ്യം നേടി അഖിൽ
തിരുവനന്തപുരം: സോഫ്റ്റ്വെയർ എൻജിനീയർ ജോലി രാജിവെച്ച് നടത്തിയ രണ്ടാംശ്രമത്തിൽ സിവിൽ സർവിസ് മോഹം എത്തിപ്പിടിച്ച് തിരുവനന്തപുരം പേരൂർക്കട ഇന്ദിരനഗർ ‘ശ്രീവൽസ’ത്തിൽ ടി. അഖിൽ. 331ാം റാങ്കോടെയാണ് അഖിൽ ലക്ഷ്യത്തിലെത്തിയത്.
കഴിഞ്ഞ വർഷം ഇന്റർവ്യൂ വരെ എത്തിയെങ്കിലും പട്ടികയിൽ ഇടംപിടിക്കാനായിരുന്നില്ല. തിരുവനന്തപുരം എസ്.സി.ടി എൻജിനീയറിങ് കോളജിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ അഖിൽ തുടർന്ന് മൂന്ന് തവണ സിവിൽ സർവിസ് ശ്രമം നടത്തി.
തുടർന്ന് ഒറാക്കിൾ കമ്പനിയിൽ സോഫ്റ്റ്വെയർ ക്വാളിറ്റി അനലിസ്റ്റ് ആയി ജോലി നോക്കി. സിവിൽ സർവിസ് മോഹം പിന്തുടർന്ന അഖിൽ ജോലി രാജിവെച്ച് നടത്തിയ രണ്ടാംശ്രമം ലക്ഷ്യത്തിലെത്തി. ഏക സഹോദരി ആര്യശ്രീ 2017ൽ സിവിൽ സർവിസ് പരീക്ഷ വിജയിക്കുകയും നിലവിൽ മഹാരാഷ്ട്ര കേഡറിൽ ഫോറസ്റ്റ് സർവിസിൽ ജോലി ചെയ്തുവരുന്നുണ്ട്.
ധനവകുപ്പിൽനിന്ന് അഡീഷനൽ സെക്രട്ടറിയായി വിരമിച്ച കെ. ത്രിവിക്രമൻ പോറ്റിയുടെയും മണ്ണന്തല ഇന്ത്യൻ ഓവർസിസ് ബാങ്ക് മാനേജർ പി. വൽസലയുടെയും മകനാണ് അഖിൽ.
വീണ്ടും പരീക്ഷയെഴുതാനൊരുങ്ങി അക്ഷയ് ദിലീപ്
തിരുവനന്തപുരം: സിവിൽ സർവിസ് റാങ്ക് പട്ടിക വന്നപ്പോൾ മൂന്നാംവട്ടം ഇടം നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെങ്കിലും വീണ്ടും പരീക്ഷ എഴുതണമെന്ന നിലപാടിലാണ് തൃശൂർ സ്വദേശി അക്ഷയ് ദിലീപ്. ഇക്കുറി 439ാമത് റാങ്കാണ് അക്ഷയിന് ലഭിച്ചത്. പ്രതീക്ഷിച്ച റാങ്ക് ലഭിക്കാത്തതിനാലാണ് വീണ്ടും ശ്രമിക്കാൻ അക്ഷയ് തീരുമാനിച്ചത്.
ആയുർവേദ സ്ഥാപനത്തിൽ ജോലി ചെയ്യവേയാണ് അക്ഷയ് ദിലീപിന് സിവിൽ സർവിസ് നേടണമെന്ന ആഗ്രഹമുണ്ടായത്. മൂന്നാം ശ്രമത്തിലാണ് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതും റാങ്ക് നേടിയതും.
ബി.ടെക് ബിരുദധാരിയായ അക്ഷയ് യു.പി.എസ്.സി പരീക്ഷ എഴുതാൻ രണ്ടു വർഷമായി തിരുവനന്തപുരത്ത് മുട്ടടയിലാണ് താമസം. സ്വന്തമായാണ് ഇപ്പോൾ പരിശീലനം നടത്തുന്നത്.
പിതാവ് ദിലീപ് തൃശൂർ പേരാമംഗലത്ത് ആയുർവേദ ബിസിനസ് നടത്തുകയാണ്. മാതാവ്: വിജയമ്മ. സഹോദരി ഐശ്വര്യ കോയമ്പത്തൂരിൽ ഇന്റീരിയർ ഡിസൈനറായി ജോലിചെയ്യുന്നു.
നിയമനം കാത്തിരിക്കെ കിട്ടിയ സൗഭാഗ്യം
തിരുവനന്തപുരം: രണ്ട് വട്ടം സിവിൽ സർവിസെന്ന സ്വപ്നത്തിൽ നിന്ന് വീണെങ്കിലും മൂന്നാംവട്ടം അബ്ദുൽ ഫസൽ നടന്നുകയറിയത് തന്റെ സ്വപ്നം നേടിക്കൊണ്ടു തന്നെയാണ്. ഇക്കുറി സിവിൽ സർവിസിൽ 507-ാം റാങ്ക് നേടിയാണ് മലപ്പുറം സ്വദേശികളായ മുഹമ്മദ് ബാവ-അസ്റബീ ദമ്പതികളുടെ മകൻ ഫസൽ നാടിന് അഭിമാനമായി മാറിയത്. ഇവർ കുടുംബസമേതം തിരുവനന്തപുരം കവടിയാറിലാണ് താമസം.
പി.എസ്.സി പ്രസിദ്ധീകരിച്ച ചരിത്രം അസി. പ്രഫസർ റാങ്ക് പട്ടികയിലെ ഒമ്പതാം സ്ഥാനക്കാരൻ കൂടിയാണ് ഫസൽ. അഞ്ചാം റാങ്കുവരെ നിയമനം ലഭിച്ച പട്ടികയിൽനിന്ന് ഉടൻ നിയമനം ലഭിക്കുമെന്ന പ്രതീക്ഷയിലിരിക്കവേയാണ് അപ്രതീക്ഷിതമായി സിവിൽ സർവിസ് പട്ടികയിൽ ഇടംനേടുന്നത്. ചരിത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായ ഫസൽ ഐ.പി.എസ് കിട്ടുമെന്ന പ്രതീക്ഷയിലാണ്.
കാലിക്കറ്റ് സർവകലാശാല, ജാമിയ മില്ലിയ എന്നിവിടങ്ങളിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. ഡൽഹിയിലും കേരളത്തിലുമായി പരിശീലനം പൂർത്തിയാക്കി. ഫാസിലയാണ് സഹോദരി.
റെയിൽവേ സർവിസിലിരിക്കെ മൃദുലിന് 630ാം റാങ്ക്
തിരുവനന്തപുരം: റെയിൽവെ സർവിസിലിരിക്കെ നടത്തിയ സിവിൽ സർവിസ് ശ്രമത്തിൽ മൃദുൽ ദർശന് 630ാം റാങ്ക്. തിരുവനന്തപുരം വക്കം ശ്രേയസ് വീട്ടിൽ സുദർശന്റെയും (റിട്ട. നൂൺ മീൽ ഓഫിസർ വിദ്യാഭ്യാസ വകുപ്പ്) പ്രീതയുടെയും (പ്രധാനാധ്യാപിക നിലയ്ക്കാമുക്ക് ഗവ. യു.പി.എസ്) മകളാണ് മൃദുൽ.
2020ൽ സിവിൽ സർവിസ് യോഗ്യത നേടി ഇന്ത്യൻ റെയിൽവേ അക്കൗണ്ട് സർവിസിൽ പ്രവേശിച്ച മൃദുൽ നിലവിൽ റാഞ്ചിയിൽ അസിസ്റ്റന്റ് ഡിവിഷനൽ ഫിനാൻഷ്യൽ മാനേജരാണ്. ഇത്തവണ കൂടുതൽ മെച്ചപ്പെട്ട സർവിസിലേക്ക് പ്രവേശിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മൃദുൽ.
തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് 2018ൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ മൃദുൽ പിന്നീട് സിവിൽ സർവിസിനുള്ള ശ്രമത്തിലായിരുന്നു. ഏക സഹോദരി തരൾ തമിഴ്നാട്ടിലാണ് ജോലി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.