ക്ലീൻ സിറ്റി-ഗ്രീന്‍ സിറ്റി പഴങ്കഥയാകുന്നു; നഗരം മാലിന്യക്കൂമ്പാരം
text_fieldsമെഡിക്കല്‍ കോളജ്: തലസ്ഥാനത്തിന്റെ മുക്കും മൂലയും ക്ലീനാക്കി ഹരിതാഭമാക്കാനുള്ള യത്നം ഉപേക്ഷിച്ച നിലയിൽ. മന്ത്രി വി. ശിവന്‍കുട്ടി മേയറായിരുന്ന കാലത്താണ് ക്ലീന്‍സിറ്റി-ഗ്രീന്‍സിറ്റി എന്ന ആശയം രൂപപ്പെട്ടത്. അതനുസരിച്ച് ലക്ഷകണക്കിന് രൂപ ചെലവഴിച്ച് നഗരത്തെ മാലിന്യമുക്തമാക്കുകയും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു.
എന്നാല്‍, ഇന്ന് നഗരത്തിൽ വലിച്ചെറിയുന്ന മാലിന്യങ്ങളും ചപ്പുചവറുകളും കാണുമ്പോള്‍ മുന്‍ ആശയം പഴങ്കഥയായോ എന്ന ആശങ്ക ഉയർത്തുന്നു. റോഡ് വികസനത്തിന്റെ പേരിലും അപകട ഭീഷണിയുടെ പേരിലും മുമ്പ് നട്ടുപിടിപ്പിച്ച മരങ്ങളിലേറെയും മുറിച്ചുമാറ്റി.
പ്രതിദിനം ആയിരങ്ങൾ എത്തുന്ന മെഡിക്കല്‍ കോളജ് പരിസരം മാലിന്യക്കൂമ്പാരമാവുകയാണ്. ആര്.സി.സിയിലേക്കുള്ള റോഡില്‍ അമ്മയും കുഞ്ഞും പ്രതിമ കഴിഞ്ഞാല്‍ ക്ലീനാക്കാത്ത നടപ്പാതകളാണ് കാണാനാവുക. റോഡിന് ഇരുവശത്തും പ്ലാസ്റ്റിക്കുകളും ചവർ കൂമ്പാരങ്ങളും.
പാര്‍ക്കിങ് മേഖലയിൽ വാഹനങ്ങളില്‍ ഒളിച്ചിരുന്ന് മദ്യപിക്കുന്നവർ വലിച്ചെറിയുന്ന കുപ്പികളും മറ്റൊരു ഭീഷണിയാണ്. ഒ.പി ബ്ലോക്കിന് എതിര്‍വശത്തെ കീഴ്ക്കാംതൂക്കായ ഭാഗം കച്ചവടക്കാരടക്കമുള്ളവര്‍ക്ക് മാലിന്യം വലിച്ചെറിയാനുളള ഇടമായി മാറി. തട്ടുകടകളിലെ ഐസ് ബോക്സുകള്‍ മുതല്‍ തുണികള്‍, പ്ലാസ്റ്റിക്കുകള്‍ എന്നിവയുടെ വന്‍ ശേഖരമാണിവിടെ.
കാട്ടുവള്ളികളും കുറ്റിച്ചെടികളും ഇവക്ക് മറയൊരുക്കുന്നു. നഗരത്തില്‍ മാലിന്യം കത്തിക്കുന്നതും നിക്ഷേപിക്കുന്നതും കുറ്റകരമാണെന്നിരിക്കേ പ്ലാസ്റ്റിക് കുപ്പികളടക്കം കത്തിക്കുന്നത് ഓട്ടോ റിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നതിന്റെ പിന്നിലാണ്.
ശംഖുംമുഖം തീരത്തും മാലിന്യം തള്ളൽ വർധിക്കുകയാണ്. 2018-19 കാലത്തെ കടലാക്രമണത്തെ തുടര്‍ന്ന് തകര്‍ന്ന റോഡുകള്‍ അറ്റകുറ്റപ്പണി ചെയ്തെങ്കിലും ഉപേക്ഷിച്ച മണ്കൂമ്പാരങ്ങളും മാലിന്യവും നീക്കം ചെയ്തിട്ടില്ല. ഷീ ടോയ്ലേറ്റ് തുരുമ്പിച്ച് നശിച്ചിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല. അട്ടക്കുളങ്ങരക്ക് സമീപത്തെ കൂറ്റന്‍ ഡമ്പ് യാര്‍ഡില്‍നിന്ന് മഴക്കാലത്ത് മാലിന്യം റോഡിലേക്ക് ഒഴുകിയെത്തുന്നു.
കാടുകയറുന്ന സര്‍ക്കാര്‍ ഓഫിസ് വളപ്പുകളും ജനറല്‍ ആശുപത്രി പരിസരം, ടൂറിസം ഓഫിസ്നട എന്നിവിടങ്ങളിലും കീരി, മരപ്പട്ടി എന്നിവയുടെ വാസ സ്ഥലങ്ങളാണ്. പാളയം ബൈപാസിന് സമീപത്തെ കാറ്റിന്റെ ദുര്‍ഗന്ധം പാളയം മാര്‍ക്കറ്റിലെയും പരിസരത്തെയും അറവ് മാലിന്യങ്ങളുടേതാണ്. ഇതെല്ലാം ക്ലീന്‍സിറ്റി-ഗ്രീന്‍ സിറ്റി എന്ന ആശയത്തെ പിന്നോട്ട് നടത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.