പോളിങ് ഉദ്യോഗസ്ഥർ നിസ്സഹായരാണ്: റെയിഞ്ച് കിട്ടാൻ കുന്നിൻ മുകളിലേക്ക് കയറണം
text_fieldsതിരുവനന്തപുരം: പോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരുദ്യോഗസ്ഥൻ ഡയറിയുമായി ഇടക്കിടക്ക് പിന്നിലെ കുന്നിൻ മുകളിലേക്ക് കയറിപ്പോകും. അഞ്ച് മിനിറ്റിനു ശേഷം തിരികെ വരും. കൃത്യമായ ഇടവേളകളിൽ ഈ പോക്കുവരവ് ആവർത്തിച്ച് കൊണ്ടേയിരുന്നു.സംശയം തോന്നൽ സ്വാഭാവികമാണെങ്കിലും ഇൗ ബൂത്തിലെ ഉദ്യോഗസ്ഥരുടെ നിസ്സഹായാവസ്ഥയാണിത്.
കോട്ടൂരിന് സമീപം വനത്തിനുള്ളിലെ പൊടിയം സെറ്റിൽമെൻറ് കോളനിയിലെ ഈ ബൂത്തിൽ മൊബൈൽ ഫോണുകൾക്കൊന്നും സിഗ്നൽ കിട്ടില്ല. ഓരോ മണിക്കൂറിലും വോട്ടു ശതമാനം തെരഞ്ഞെടുപ്പ് കമീഷെൻറ ആപ്പിൽ അപ്ലോഡ് ചെയ്യണമെന്നാണ് നിർദേശം. അപ് ട്രയൽ റണ്ണൊക്കെ മറ്റിടങ്ങളിൽ തകൃതിയായി നടന്നു.
മൊബൈൽ ഫോണിന് റേഞ്ച് പോലും ഇല്ലാത്തിടത്ത് മൊബൈൽ ആപ്. തൊട്ടടുത്ത കുന്നിൻ മുകളിൽ കയറി നിന്നാൽ ചെറുതായി റേഞ്ച് കിട്ടും. ഇവിടെയെത്തിയാണ് വോട്ടു ശതമാനം ഫോണിൽ തൊട്ടടുത്ത ബൂത്തിൽ വിളിച്ചറിയിക്കുന്നത്. കഴിഞ്ഞ േലാക്സഭ തെരഞ്ഞെടുപ്പിൽ ഇൗ ബൂത്ത് പ്രശ്നബാധിത മേഖലയിലായിരുന്നു. അതിനാൽ വലിയ സുരക്ഷ വലയമൊക്കെയായിരുന്നു ഇവിടെ.
പൊലീസിെൻറ വയർലെസ് സംവിധാനത്തിനും ഇവിടെ റേഞ്ചില്ല. താൽക്കാലിക വയർലെസ് ടവർ ഒരുക്കിയാണ് പൊലീസിെൻറ ആശയ വിനിമയം. ശാന്തമായ അന്തരീക്ഷത്തിലായിരുന്നു പോളിങ്. 521 വോട്ടർമാരാണ് ഇവിടെ ആകെയുള്ളത്. കാട്ടുപാതകൾ നിറയെ മഴനനവ് പടർന്നിട്ടുണ്ടെങ്കിലും ഇവിടത്തെ തെരഞ്ഞെടുപ്പ് ചൂടിന് ഒട്ടും കുറവില്ല.
കാട്ടിൽ 13 കിലോമീറ്റർ
കോട്ടൂരിൽനിന്ന് 13 കിലോമീറ്റർ ദൂരത്തായി കാടിനുള്ളിലാണ് ഈ േവാട്ടുകേന്ദ്രം. വിജനമായ വനപ്രദേശത്ത് കൂടി സഞ്ചരിച്ചാലേ ഇവിടെയെത്താനാകൂ. ആദ്യ ഭാഗത്ത് റോഡും ടാറും കോൺക്രീറ്റ് എല്ലാമുണ്ടെങ്കിലും പിന്നങ്ങോട്ട് കുഴികളും കുത്തനെ കയറ്റവുമുള്ള ചെമ്മൻ മലമ്പാത. കിലോമീറ്റർ 13 ആണെങ്കിലും വളവും തിരിവുമുള്ള വഴികൾ താണ്ടിയെത്തൽ ഏറെ ദുഷ്കരമാണ്. കിലോമീറ്ററുകൾ താണ്ടിച്ചെല്ലുമ്പോൾ കാണുന്ന പാർട്ടി കൊടികളാണ് തെരഞ്ഞെടുപ്പ് ചൂടിെൻറ ഏക അടയാളം.
ജില്ലയിൽ ഇത്രയും ഉൾപ്രദേശത്ത് ഇങ്ങനെ മറ്റൊരു ബൂത്തുണ്ടാകില്ല. മറ്റ് ബൂത്തുകളിൽ നിന്ന് വ്യതസ്തമായ സ്ഥിതി വിശേഷങ്ങളും സാഹചരങ്ങളുമാണ് ഇവിടെയുള്ളത്. 13 കിലോമീറ്റർ പരിധിയിൽ കടകളോ മറ്റ് കെട്ടിടങ്ങളോ ഒന്നുമില്ല.-
കാട്ടുകമ്പും വള്ളിയും കൊണ്ട് ഒൗട്ടർ ബൂത്ത്
കാണി വിഭാഗത്തിലുള്ളവരാണ് 15 സെറ്റിൽമെൻറുകളിലും. വിവിധ രാഷ്ട്രീയ ചേരികളിലാണെങ്കിലും സൗഹാർദമാണ് പൊതുവികാരം. ബൂത്ത് ഏജൻറുമാരുടെ ഇടപെടലുകളുടെ ഉൗഷ്മളത കണ്ടാൽ ഇവരെല്ലാം ഒരേ പാർട്ടിക്കാരാണോ എന്നു സംശയം തോന്നും.
അത്യാധുനിക സൗകര്യങ്ങളും വർണശബളമായ കൊടിതോരണങ്ങളും കൊണ്ട് അലങ്കരിച്ച നഗരത്തിലെ ഔട്ടർ ബൂത്തുകൾ മാത്രം കണ്ടിട്ടുള്ളവർ ഇവിടെയെത്തിയാൽ അത്ഭുതപ്പെടും. കാട്ടു കമ്പും ടാർപ്പോളിനും കാട്ടുവള്ളിയും കൊണ്ട് തയാറാക്കിയതാണ് ഇവിടത്തെ മൂന്ന് ഔട്ടർ ബൂത്തുകളും. കാട്ടിനുള്ളിൽ ഇനിയും എട്ട് കിലോമീറ്റർ കൂടി ദൂരത്ത് നിന്നുള്ളവരാണ് ഇവിടെ വോട്ട് ചെയ്യാനെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.