കണക്കുകൂട്ടലുകള്‍ തെറ്റിച്ച് തീരദേശ വാര്‍ഡുകള്‍
text_fieldsഅമ്പലത്തറ: തങ്ങളോട് ദാക്ഷിണ്യം കാട്ടുമെന്ന് യു.ഡി.എഫ് പ്രതീക്ഷിച്ച തീരദേശ വാര്‍ഡുകള്‍ ഇത്തവണ ചെങ്കൊടി പുതച്ചു. യു.ഡി.എഫില്‍നിന്ന് മൂന്ന് സീറ്റില്‍ മത്സരിച്ച മുസ്ലിം ലീഗ് ഒന്നില്‍ മാത്രമാണ് വിജയിച്ചത്. കഴിഞ്ഞ തവണ രണ്ട് സീറ്റ് നേടിയിരുന്നു. എല്‍.ഡി.എഫില്‍ സി.പി.ഐ മൂന്ന് സീറ്റില്‍ മത്സരിച്ച് രണ്ടണ്ണത്തില്‍ വിജയക്കൊടി പാറിച്ചു.
എല്‍.ഡി.എഫ് ലോക് താന്ത്രിക് ജനതാദളിന് നല്കിയ പൂന്തുറ വാര്‍ഡില്‍ ഇത്തവണ രണ്ടുമുന്നണികളുടെയും കണക്കുകൂട്ടൽ തെറ്റിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥി മേരി ജിപ്സി 74 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയപതാക പാറിച്ചു. എല്‍.ഡി.എഫില്‍നിന്ന് 164 വോട്ടിെൻറ ഭൂരിപക്ഷത്തില്‍ ശംഖുംമുഖം വാര്‍ഡ് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതാണ് യു.ഡി.എഫിെൻറ ഏക ആശ്വാസം.
യു.ഡി.എഫിെൻറ സീറ്റിങ് സീറ്റായിരുന്ന ബീമാപള്ളി ഈസ്റ്റ് വാര്‍ഡ് 98 വോട്ടുകളുടെ ഭൂരിപക്ഷത്തിന് എല്‍.ഡി.എഫ് സ്ഥാനാർഥി സുധീര്‍ പിടിച്ചെടുത്തു. ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പോയി. സ്വതന്ത്ര സ്ഥാനാർഥിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. യു.ഡി.എഫ് മുസ്ലിം ലീഗിന് നല്കിയ സീറ്റില്‍ സ്ഥാനാർഥി നിര്‍ണയത്തെ ചൊല്ലി തര്‍ക്കം ഉടലെടുത്തിരുന്നു.
സംസ്ഥാന നേതൃത്വം ഇടപെട്ട് സിറ്റിങ് കൗണ്‍സിലർ സജീന ടീച്ചെറ സ്ഥാനാർഥിയാക്കുകയായിരുന്നു. ബീമാപള്ളി വാര്‍ഡ് ഇത്തവണയും യു.ഡി.എഫിനൊപ്പംനിന്നെങ്കിലും എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തായി. പി.ഡി.പിക്കാണ് ഇവിടെ രണ്ടാംസ്ഥാനം. മുന്‍ മേയറുടെ മകൾ മിലാനി പെരേരയാണ് 131 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വാര്‍ഡ് നിലനിര്‍ത്തിയത്. യു.ഡി.ഫിെൻറ കോട്ടയായ വലിയതുറ ഇത്തവണ എല്‍.ഡി.എഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ മത്സരിച്ച് തോറ്റ സി.പി.ഐ സ്ഥാനാര്‍ഥി ഐറിനെ വീണ്ടും രംഗത്തിറക്കി 186 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വാര്‍ഡ് പിടിച്ചെടുത്ത്.
വള്ളക്കടവില്‍ 478 വോട്ടിെൻറ ഭൂരിപക്ഷത്തില്‍ എൽ.ഡി.എഫിലെ ഷാജിത നാസര്‍ നാലാം തവണയും വിജയിച്ചു. യു.ഡി.എഫ് സ്ഥാനാർഥി ഇവിടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. എസ്.ഡി.പി.ഐ സ്ഥാനാർഥിക്കാണ് രണ്ടാം സ്ഥാനം. മുട്ടത്തറ വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാർഥി ശക്തമായ ഭീഷണി ഉയര്‍ത്തിയെങ്കിലും എല്‍.ഡി.എഫിലെ രാജേന്ദ്രന് 877 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വാര്‍ഡ് നിലനിര്‍ത്തി. ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തായി.
ബി.ജെ.പിയുടെ സിറ്റിങ് സീറ്റായിരുന്ന കമലേശ്വരം വാര്‍ഡില്‍ എല്‍.ഡി.എഫിലെ വിജയകുമാരി 148 വോട്ടിെൻറ ഭൂരിപക്ഷത്തില്‍ വിജയിച്ചു. രണ്ടാം സ്ഥാനത്ത് ബി.ജെ.പിയാണ്. അമ്പലത്തറയില്‍ എല്‍.ഡി.എഫ് സ്ഥാനാർഥി സുലോചനന് 184 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വാര്‍ഡ് നിലനിര്‍ത്തി. യു.ഡി.എഫിലെ ആര്.എസ്.പി സ്ഥാനാർഥി നാലാം സ്ഥാനത്തായി. സ്ഥാനാർഥി നിര്‍ണയത്തെച്ചൊല്ലി അനിശ്ചിതത്വം നിലനിന്ന മാണിക്യവിളാകം വാര്‍ഡ് ഐ.എന്‍.എൽ ജയിച്ചു.
കോണ്‍ഗ്രസ് പാളയത്തില്‍നിന്ന് അവസാന നിമിഷം ഐ.എന്‍.എല്ലിൽ ചേര്‍ന്ന എസ്.എം. ബഷീര്‍ 264 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ബി.ജെ.പിയെയും യു.ഡി.എഫിനെയും പിൻതള്ളി സ്വതന്ത്ര സ്ഥാനാർഥി രണ്ടാമതെത്തി. പുത്തന്‍പള്ളി വാർഡിൽ 631വോട്ടിെൻറ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫിലെ സലിം വിജയിച്ചു. ഇവിടെ കോണ്‍ഗ്രസ് എസ്.ഡി.പി.ഐക്ക് പിന്നില്‍ മൂന്നാം സ്ഥാനത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.