തിരുവനന്തപുരം: പൊളിഞ്ഞ് നഗരപാത; വലഞ്ഞ് ജനം
text_fieldsതിരുവനന്തപുരം: നഗരത്തിലൊരു ഓഫ് റോഡ് റൈഡ് നടത്തണമെന്നുള്ളവർക്ക് മോഡൽ സ്കൂൾ ജങ്ഷനിലേക്ക് വരാം. മോഡൽ സ്കൂളിന്റെ മതിലിനോട് ചേർന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഓഫിസിന് മുന്നിലൂടെ പോകുന്ന റോഡാണ് മാസങ്ങളായി പൊളിഞ്ഞുകിടക്കുന്നത്. ഇവിടെ ഏതാണ്ടൊരു മുക്കാൽ കിലോമീറ്റർ ദൂരം ഓഫ് റോഡ് റൈഡിന് മാത്രം പറ്റുന്ന തരത്തിലാണ്. മഴ പെയ്താൽ ചളിക്കുളമാണ്.
ചരിവുള്ളതിനാൽ കടന്നുപോകാൻ അൽപം സാഹസികത കൂടി വേണം
മോഡൽ സ്കൂൾ ജങ്ഷനിൽനിന്ന് എം.ജി. രാധാകൃഷ്ണൻ റോഡ് വഴി ശ്രീ ധർമ ശാസ്താ ക്ഷേത്രം വരെയും അവിടെനിന്ന് പി.ആർ.എസ്-ഗാന്ധിഭവൻ റോഡിലൂടെ മോഡൽ എച്ച്.എസ്.എൽ.പി സ്കൂൾ പരിസരം വഴി നോർക്ക ഓഫിസ് വരെയും പൊട്ടിത്തകർന്ന് കിടക്കുകയാണ്. കേരള ക്രിക്കറ്റ് അസോസിയേഷൻ, വിജിലൻസ് ട്രൈബ്യൂണൽ ഓഫിസ്, ശ്രീ ധർമശാസ്ത ക്ഷേത്രം, ഗവ. ആർട്സ് കോളജ്, കല്യാൺ സ്കൂൾ, മന്നം അക്കാദമി ഓഫ് ആർട്സ് ആൻഡ് കോമേഴ്സ്, പി.എൻ. പണിക്കാർ കേന്ദ്രം, ടീച്ചർ എജുക്കേഷൻ കോളജ്, ഗവ. മോഡൽ എച്ച്.എസ്.എൽ.പി.എസ്, തൈക്കാട് ഗണേശം എന്നിവിടങ്ങളിലേക്ക് പോകാനുള്ള വഴികൂടിയാണ്.
ഇഴഞ്ഞുനീങ്ങി പൈപ്പ് സ്ഥാപിക്കൽ
റോഡിന്റെ ഇരുവശത്തും പലയിടങ്ങളിലും സ്വിവറേജ് കണക്ഷന് വേണ്ടിയുള്ള പൈപ്പുകൾ അട്ടിയിട്ടുവെച്ചിട്ടുണ്ട്. നൂറുകണക്കിന് വിദ്യാർഥികൾ കടന്നുപോകുന്ന റോഡാണിത്. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കാൻ കേരള റോഡ് ഫണ്ട് ബോർഡിനാണ് (കെ.ആർ.എഫ്.ബി) ചുമതല. തൈക്കാട് ഹൗസ്-കീഴെ തമ്പാനൂർ റോഡ് എന്നാണ് കെ.ആർ.എഫ്.ബിയുടെ പ്ലാനിലുള്ള പേര്.
എന്നാൽ, റോഡ് പണിക്കുമുമ്പ് ഈ വഴിയുള്ള സ്വിവറേജ് പൈപ്പുകളും കുടിവെള്ള പൈപ്പുകളും സ്ഥാപിക്കുന്ന പണി പൂർത്തിയാക്കേണ്ടതായിരുന്നു. കുര്യാത്തി സ്വിവറേജ് സെക്ഷന്റെ കീഴിൽ സ്ഥാപിക്കുന്ന പൈപ്പുകൾ മോഡൽ സ്കൂൾ ജങ്ഷനിലെ മാൻഹോളിലേക്ക് ബന്ധിപ്പിക്കണം.
കേരള വാട്ടർ അതോറിറ്റിക്കാണ് ഇതിനുള്ള ചുമതല. പദ്ധതി 2022 ഒക്ടോബർ പത്തിന് പൂർത്തിയാക്കുകയും ട്രയൽ റൺ നടത്തുകയും വേണ്ടതായിരുന്നു. എന്നാൽ, നിശ്ചയിച്ച തീയതി ഒരുവർഷം പിന്നിട്ടിട്ടും പണി ഇഴഞ്ഞുനീങ്ങുകയാണ്. മഴ പ്രവൃത്തികളെ തടസ്സപ്പെടുത്തിയതായും റോഡ് മുറിക്കാനുള്ള അനുമതി ലഭിച്ചില്ലെന്നും 2023 ജൂലൈയിൽ കേരള വാട്ടർ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. പൈപ്പ് സ്ഥാപിക്കുന്നത് എന്ന് പൂർത്തിയാകുമെന്ന് പറയുന്നില്ലെങ്കിലും തൈക്കാട് ഹൗസ്-കീഴെ തമ്പാനൂർ റോഡിനായി 4.13 കോടി രൂപ ടെൻഡർ ആയിട്ടുണ്ട്.
ചൂടിൽ പൊടി,മഴയിൽ ചെളി
പരിസരത്തെ വീടുകളിലുള്ളവരും കച്ചവട സ്ഥാപനങ്ങൾ നടത്തുന്നവരും കടുത്ത ദുരിതത്തിലാണ്. ചൂട് കാലത്ത് അസഹനീയമായ പൊടി നിറയും. എന്നാൽ മഴ പെയ്താൽ കളി മാറി. പിന്നെ, വഴുതി വീഴാതെ നടന്നില്ലെങ്കിൽ നടുവൊടിയും.
അപകടം വിതക്കുന്ന ജങ്ഷൻ
മഴയുള്ളപ്പോൾ കെ.സി.എ റോഡിൽനിന്ന് ചെളി നിറഞ്ഞൊഴുകും. ഈ ചളി മോഡൽ സ്കൂൾ ജങ്ഷനിൽ ഹൗസിങ് ബോർഡിലേക്ക് തിരിയുന്ന ഭാഗത്ത് കൂടിക്കിടക്കുകയാണ്. വ്യാഴം, വെള്ളി ദിവസങ്ങളിലായി രണ്ടുപേരെ മണ്ണ് നീക്കം ചെയ്യാൻ നിയോഗിച്ചിരുന്നു.
പ്രതീക്ഷയുമായി ജനം
സ്മാർട്ട് സിറ്റി പദ്ധതിയിൽ കേരള റോഡ് ഫണ്ട് ബോർഡിന്റെ118 കോടിയുടെ പത്ത് സ്മാർട്ട് റോഡുകൾക്കുകൂടി കഴിഞ്ഞ ദിവസം ടെൻഡറായിട്ടുണ്ട്.എന്നാൽ, കാലാവസ്ഥ അനുകൂലമെങ്കിൽ മാത്രം നിർമാണം നവംബറിന് മുമ്പ് തുടങ്ങും. പ്രവൃത്തികളുടെ മേൽനോട്ടത്തിനായി കെ.ആർ.എഫ്.ബിയുടെ നേതൃത്വത്തിൽ പ്രത്യേക നിരീക്ഷണസംവിധാനം ഒരുക്കി. എല്ലാ മാസവും മന്ത്രിതലത്തിൽ നിർമാണപ്രവർത്തനങ്ങൾ അവലോകനം ചെയ്യാനും തീരുമാനമുണ്ട്.
സ്പെൻസർ-ഗ്യാസ്ഹൗസ് ജങ്ഷൻ റോഡ് (1.05 കോടി), വി.ജെ.ടി ഹാൾ-ഫ്ലൈ ഓവർ റോഡ് (1.92 കോടി), തൈക്കാട് ഹൗസ്-കീഴെ തമ്പാനൂർ റോഡ് (4.13 കോടി), സ്റ്റാച്യു-ജനറൽ ആശുപത്രി റോഡ് (2.37 കോടി), ഫോറസ്റ്റ് ഓഫിസ് ജങ്ഷൻ-ബേക്കറി ജങ്ഷൻ (3.61 കോടി), നോർക്ക-ഗാന്ധിഭവൻ റോഡ് (3.22 കോടി), ഓവർബ്രിഡ്ജ്-കലക്ടറേറ്റ്- ഉപ്പിലാംമൂട് ജങ്ഷൻ (5.44 കോടി), ജനറൽ ആശുപത്രി-വഞ്ചിയൂർ റോഡ് (6.50 കോടി) റോഡുകൾക്കാണ് ടെൻഡറായത്. കെ.ആർ.എഫ്.ബിയുടെ ചുമതലയിലുള്ള 28 റോഡിന്റെ നിർമാണവും വേഗത്തിലാക്കാൻ മന്ത്രി മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.