കോർപറേഷനിലെ കോൺഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടനയിൽനിന്ന് കൂട്ടരാജി
text_fieldsതിരുവനന്തപുരം: കോർപറേഷനിലെ കോൺഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടനയിൽനിന്ന് സംസ്ഥാന നേതാക്കളടക്കം 25 പേർ രാജിെവച്ച് ഇടതുപക്ഷ സംഘടനയിൽ ചേർന്നു.
കോൺഗ്രസ് അനുകൂല സംഘടനയായ കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, യൂനിറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ളവരാണ് രാജിെവച്ചത്. കോർപറേഷനിൽ ആകെയുണ്ടായിരുന്ന 27 പേരിൽ 25 പേരും രാജിെവച്ചു.
നഗരസഭ സെക്രട്ടറിയുടെ പി.എ കെ. രാജഗോപാൽ, അക്കൗണ്ട്സ് ഓഫിസർ ജയകുമാർ, ഹെൽത്ത് സൂപ്പർവൈസർ പ്രകാശ്, പ്രോജക്ട് ഓഫിസർ അജികുമാർ, ഹെൽത്ത് ഇൻസ്പെക്ടർ സുജിത് സുധാകർ അടക്കമുള്ള അസോസിയേഷൻ പ്രവർത്തകരാണ് രാജിെവച്ച് ഇടത് അനുകൂല സംഘടനയായ കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയനിൽ ചേർന്നത്. കോൺഗ്രസ് അനുകൂല അസോസിയേഷൻ, ജീവനക്കാരുടെ ആവശ്യങ്ങൾക്ക് മുഖംതിരിഞ്ഞ് നിൽക്കുകയും അതിനെതിരെ പ്രതികരിക്കുന്നവരെ ഒഴിവാക്കുകയും ചെയ്ത നിലപാടിൽ പ്രതിഷേധിച്ചും നഗരസഭ മേഖലയിൽ പൊതു സർവിസ് രൂപവത്കരണം നടപ്പാക്കിയ ഇടതു സർക്കാറിന് പിന്തുണ പ്രഖ്യാപിച്ചുമാണ് പ്രവർത്തകർ യൂനിയനിൽ ചേർന്നത്.
കോർപറേഷൻ അങ്കണത്തിൽ ചേർന്ന യോഗം മുൻമന്ത്രിയും എം.എൽ.എയുമായ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂനിയനിൽ ചേർന്നവരെ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ചുവപ്പ് ഹാരമണിയിച്ചു.
യൂനിറ്റ് പ്രസിഡൻറ് എസ്.സജീവ് അധ്യക്ഷത വഹിച്ചു. കെ.എം.സി.എസ്.യു ജനറൽ സെക്രട്ടറി പി.സുരേഷ്, സെക്രേട്ടറിയറ്റംഗം എസ്.എസ്.മിനു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഒ.ബി.ജി, ആർ.സി.രാജേഷ്, ജയകുമാർ എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി എം.എസ്.സന്തോഷ്കുമാർ സ്വാഗതം പറഞ്ഞു. അസോസിയേഷൻ യൂനിറ്റിന് നഗരസഭ അനുവദിച്ച് നൽകിയ ഓഫിസ് മുറി പൂട്ടി താക്കോൽ നഗരസഭ സെക്രട്ടറിക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.