കർഷകരെ കൃഷിയിൽ നിലനിർത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തം -മന്ത്രി
text_fieldsതിരുവനന്തപുരം: പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത നേടാൻ സസ്യ ആരോഗ്യ ക്ലിനിക്കിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. നാടിനെ ഊട്ടുന്ന കർഷകരെ കൃഷിയിൽ നിലനിർത്തേണ്ടത് സമൂഹത്തിന്റെയും സർക്കാറിന്റെയും കൂട്ടുത്തരവാദിത്തമാണ്. പച്ചക്കറി കൃഷിയിലെ പ്രശ്നങ്ങൾ ക്ലിനിക്കിലെ നിർദേശങ്ങളിലൂടെ പരിഹരിച്ച് മുന്നേറണം. കേരള കാർഷിക സർവകലാശാലക്ക് കീഴിൽ കരമന നെടുങ്കാട്ടുള്ള സംയോജിതകൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തിൽ സസ്യ ആരോഗ്യ ക്ലിനിക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ധനസഹായത്തോടെ നിർമാണം പൂർത്തിയാക്കിയ പുതിയ കെട്ടിടത്തിലാണ് ക്ലിനിക്കിന്റെ പ്രവർത്തനം.
കർഷകർക്ക് ഏറെ ഗുണം ചെയ്യുന്ന സേവനങ്ങൾ ക്ലിനിക്കിലൂടെ ലഭ്യമാക്കുമെന്നും പ്രദേശത്തിന്റെ സമഗ്ര കൃഷി വികസനത്തിന് ക്ലിനിക് സഹായകരമാകുമെന്നും അധ്യക്ഷതവഹിച്ച മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നേമം ബ്ലോക്കിലെ മാതൃകാ സംയോജിത കർഷകൻ എം. സഹദേവനെ മന്ത്രി ആദരിച്ചു. കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. നെടുങ്കാട് കൗൺസിലർ കരമന അജിത്ത്, മിഷൻ ഡയറക്ടർ ആരതി എൽ.ആർ, കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ. എ. സക്കീർ ഹുസൈൻ, അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് (വെള്ളായണി) ഡോ. റോയ് സ്റ്റീഫൻ, വെളളായണി കാർഷിക കോളജ് ഡീൻ ഡോ. എ. അനിൽകുമാർ, ഗവേഷണ കേന്ദ്രം മേധാവി ഡോ. ജേക്കബ് ജോൺ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.