സമ്പൂർണ ലോക്ഡൗൺ: നാളെ തിരുവനന്തപുരം നഗരത്തിൽ കർശന നിരീക്ഷണം
text_fieldsതിരുവനന്തപുരം: ഞാറായറാഴ്ച സമ്പൂർണ ലോക്ഡൗൺ നഗരത്തിൽ കർശമായി നടപ്പാക്കുമെന്ന് സിറ്റി പൊലീസ് അറിയിച്ചു. നഗരത്തിന്റെ എല്ലാ ഭാഗത്തും നിരീക്ഷണവും പരിശോധനകളും നടത്തും. ശനിയാഴ്ച അർധരാത്രി മുതല്‍ പൊലീസ് നഗരാതിര്‍ത്തി പ്രദേശങ്ങള്‍ അടച്ചു വാഹന പരിശോധന ആരംഭിക്കും. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും മറ്റ് അവശ്യ സർവിസ് വിഭാഗത്തിൽ പ്രവർത്തിയെടുക്കുന്നവർക്കും മാത്രമേ യാത്ര അനുവദിക്കൂ. ഇവർ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കൈവശം കരുതണം.
അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെ കേരള എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുക്കുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പർജൻകുമാർ അറിയിച്ചു. ദീർഘദൂര ബസ്, ട്രെയിൻ, വിമാനയാത്രക്കാർക്ക് യാത്രാ രേഖകൾ കാണിച്ചു സ്റ്റേഷനുകളിലെത്താൻ യാത്ര അനുവദിക്കും. മെഡിക്കൽ സ്റ്റോറുകളും മറ്റു അവശ്യ ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന കടകളും മാത്രമേ ഞായറാഴ്ച പ്രവർത്തിക്കുവാൻ അനുവദിക്കുകയുള്ളൂ. റസ്റ്റോറന്റുകളും ബേക്കറികളും രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ ടേക് -എവേ, ഹോം ഡെലിവറി സംവിധാനത്തിൽ പ്രവർത്തിക്കാം. രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ ഇ-കോമേഴ്സ്, കൊറിയർ സേവനങ്ങൾ അനുവദിക്കും. ആവശ്യ ഭക്ഷണ സാധനങ്ങൾ വാങ്ങുവാൻ പൊതുജനങ്ങൾ തൊട്ടടുത്ത കടകൾ തെരഞ്ഞെടുക്കണം.
നഗരത്തിൽ പുതുതായി കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ച മണ്ണന്തല പൊലീസ് സ്റ്റേഷന് പരിധിയിലെ കല്ലയം, മരുതൂര്‍, മുക്കോല എന്നീ പ്രദേശങ്ങളില്‍ പൊലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. നിലവില്‍ നഗരത്തിലെ കണ്ടെയിൻമെന്റ് സോണുകളായി തുടരുന്ന കവടിയാര്‍ റെസിഡൻസ് അസോസിയേഷൻ ഏരിയ, മുട്ടട ടി.കെ ദിവാകരന് റോഡ്, പാപ്പനംകോട്, അമൃത നഗര്‍ സ്ട്രീറ്റ്, ചാക്ക അജന്ത പുള്ളി ലെയിന്‍ എന്നിവിടങ്ങളിലും നിയന്ത്രണം ശക്തിപ്പെടുത്തിയിട്ടുണ്ട്.
നഗരത്തിൽ ആൾക്കൂട്ടങ്ങൾ സംഘടിപ്പിക്കുന്നവർക്കെതിരെയും പങ്കെടുക്കുന്നവർക്കെതിരെയും നിയമനടപടി സ്വീകരിക്കും. വ്യാപാരസ്ഥാപനങ്ങൾ, മാളുകൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടം ഉണ്ടാകാതെ പ്രവർത്തിപ്പിക്കേണ്ടത് സ്ഥാപന ഉടമയുടെ ഉത്തരവാദിത്തമാണ്. ഇവിടങ്ങളിൽ പൊലീസ് നിരന്തരം പരിശോധന നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.