കോവളത്തിന്റെ ടൂറിസം പ്രൗഢി തിരിച്ചെത്തിക്കാൻ സമഗ്ര പദ്ധതി അണിയറയിൽ
text_fieldsതിരുവനന്തപുരം: രാജ്യാന്തര ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ കോവളത്തിന്റെ പ്രൗഢി തിരിച്ചെടുക്കാനുള്ള സമഗ്രവികസനം ലക്ഷ്യമിട്ട് വന്‍ പദ്ധതി തയാറാകുന്നു. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സമഗ്രപദ്ധതി തയാറാക്കാന്‍ തീരുമാനിച്ചത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. ജില്ല കലക്ടര്‍ നവജ്യോത് ഖോസയെ പദ്ധതി നോഡല്‍ ഓഫിസറായി നിശ്ചയിച്ചു.
കോവളം ബീച്ച്, വാക് വേ, ലൈറ്റ് ഹൗസ്, അടിമലത്തുറ ബീച്ച് എന്നിവയുടെ നവീകരണം, കൂടുതല്‍ അടിസ്ഥാന സൗകര്യമൊരുക്കല്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുക. ബീച്ചില്‍ എല്ലാ മേഖലകളിലും വിനോദ സഞ്ചാരികള്‍ക്ക് എത്താനാകുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ബീച്ചും പരിസരവും കൂടുതല്‍ സൗന്ദര്യവത്കരിക്കുകയും സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കുകയും ചെയ്യും. വിശദമായ പദ്ധതി രേഖ കിഫ്ബി നേതൃത്വത്തില്‍ തയാറാക്കും.
ജൂലൈ മാസത്തോടെ പദ്ധതി രൂപരേഖ തയാറാക്കും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ കൂടുതല്‍ സ്ഥല സൗകര്യങ്ങള്‍ കണ്ടെത്താന്‍ കലക്ടറെ ചുമതലപ്പെടുത്തി. കൂടുതല്‍ ഭൂമി ലഭ്യമാക്കുന്നതിന് തിരുവനന്തപുരം കോര്‍പറേഷന്‍ അധികൃതരുമായി ചര്‍ച്ച നടത്തും.
വികസന സാധ്യതയുള്ള അടിമലത്തുറ ബീച്ചിന്റെ വികസനവും ഇതിന്റെ ഭാഗമായി നടത്തും. ഇവിടെ ഉത്തരവാദിത്തടൂറിസം പദ്ധതി നടപ്പാക്കാനുള്ള സാധ്യതയും പരിശോധിക്കും. കോവളത്തെ അടയാളപ്പെടുത്തുന്ന രീതിയിലുള്ള പദ്ധതികള്‍ നടപ്പാക്കണമെന്ന് മന്ത്രി യോഗത്തില്‍ പറഞ്ഞു. കൂടുതല്‍ നിലനില്‍ക്കുന്ന തരത്തില്‍ പദ്ധതികള്‍ നടപ്പാക്കണം. അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിലുള്ള നിലവാരം ഉയര്‍ത്താന്‍ കഴിയുന്ന തരത്തിലുള്ള ഡിസൈന്‍ വേണം.
പദ്ധതിക്ക് രൂപം നല്കുമ്പോള്‍ സംസ്ഥാനത്തിന്റെ പൈതൃകം ഉള്‍ക്കൊള്ളുന്ന തരത്തില്‍ തയാറാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കിഫ്ബി സി.ഇ.ഒ ഡോ. കെ.എം. ഏബ്രഹാം, കിഫ്ബി അഡീഷനല്‍ സി.ഇ.ഒ സത്യജിത് രാജന്‍, മിര്‍ മുഹമ്മദലി ടൂറിസം ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.