ബി.ജെ.പി മാർച്ചിൽ സംഘർഷം; ഓഫിസിന്റെ ചില്ല് തകർത്തു
text_fieldsതിരുവനന്തപുരം: വനിത കൗൺസിലർമാരെ അപമാനിച്ച് പരാമർശം നടത്തിയ നഗരസഭ കൗൺസിലർ ഡി.ആർ. അനിൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ മാർച്ചിൽ സംഘർഷം. മെഡിക്കൽ കോളജിന് സമീപത്തുള്ള ഇ.കെ. നായനാർ ചാരിറ്റബിൾ ട്രസ്റ്റ് ഓഫിസിലേക്കായിരുന്നു മാർച്ച്. ഓഫിസ് കെട്ടിടത്തിൽ ബി.ജെ.പി പ്രവർത്തകർ കരിഓയിൽ ഒഴിച്ചു.
പൊലീസും പ്രവർത്തകരുമായുള്ള ഉന്തിനും തള്ളിനുമിടയിൽ ഓഫിസിന്റെ മുൻവശത്തെ ചില്ല് തകർന്നു. ബി.ജെ.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. നിയമന കത്ത് വിവാദവുമായി ബന്ധപ്പെട്ട സമരത്തിനിടെ കൗൺസിൽ യോഗത്തിൽ തന്റെ കാഴ്ച മറച്ച് ബാനർ പിടിച്ച ഒമ്പത് ബി.ജെ.പി വനിത കൗൺസിലർമാരെ മേയർ ആര്യ രാജേന്ദ്രൻ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു.
സസ്പെൻഷന് പിന്നാലെ കൗണ്‍സിലർമാർ ഹാജർ ബുക്കിൽ ഒപ്പിടാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഡി.ആർ. അനിലിന്റെ വിവാദ പരാമർശം. 'കാശു കിട്ടാനാണെങ്കിൽ വേറെ എത്രയോ മാർഗങ്ങളുണ്ട്, അതിന് ഈ ബുക്കിൽ ഒപ്പിടണോ' എന്ന് വനിത കൗൺസിലർമാരെ ലക്ഷ്യംവെച്ച് കൗൺസിലർ പറഞ്ഞതാണ് വിവാദമായത്. അതിൽ പ്രതിഷേധിച്ചാണ് വനിതകൾ ഉൾപ്പെടെ ബി.ജെ.പി പ്രവർത്തകർ മാർച്ച് നടത്തിയത്.
എന്നാൽ, ബി.ജെ.പി പ്രവർത്തകർ കരിഓയിൽ ഒഴിച്ച സ്ഥലം തന്റെ ഓഫിസ് അല്ലെന്നും നഗരസഭയുടെ റെസ്റ്റ് ഹൗസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കാണ് ബി.ജെ.പി മാർച്ച് നടത്തിയതെന്നും ഡി.ആർ. അനിൽ പറഞ്ഞു. നഗരസഭയുടെ പൊതുമുതലാണ് ബി.ജെ.പി നശിപ്പിച്ചതെന്നും സി.പി.എം വാദിക്കുന്നു. പൊതുമുതൽ നശിപ്പിച്ചതിന് ബി.ജെ.പി പ്രവർത്തകർക്കെതിരെ പരാതി നൽകുമെന്ന് ഡെപ്യൂട്ടി മേയർ പി.കെ. രാജുവും വ്യക്തമാക്കി.
അതിനിടെ കോർപറേഷനിൽ കഴിഞ്ഞ 45 ദിവസമായി നടക്കുന്ന അഴിമതി വിരുദ്ധസമരവും മരാമത്ത് സ്ഥിരം സമിതി ചെയർമാന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനുമെതിരെയുള്ള അനിശ്ചിതകാല സമരം കൂടുതൽ ശക്തമാക്കുമെന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ് വി.വി. രാജേഷ് പറഞ്ഞു.
ബി.ജെ.പി ആക്രമണം അപലപനീയം -മേയർ
തിരുവനന്തപുരം: നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഉള്ളൂരിലെ കെട്ടിട സമുച്ചയത്തിനുനേരെ ബി.ജെ.പി പ്രവർത്തകർ നടത്തിയ ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് മേയർ ആര്യ രാജേന്ദ്രൻ. യാതൊരു പ്രകോപനവുമില്ലാതെയാണ് ഒരു കൂട്ടം ബി.ജെ.പിക്കാർ കെട്ടിടത്തിലേക്ക് ഇരച്ച് കയറുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തത്.
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തി നടത്തിവരുന്ന ജനവിരുദ്ധ സമരങ്ങളെ ജനങ്ങളും നീതിന്യായ കോടതികളും ഒരുപോലെ തള്ളിക്കളഞ്ഞപ്പോൾ സമനില തെറ്റിയ അവസ്ഥയിലാണ് ബി.ജെ.പി. ഇത്തരം സാമൂഹിക വിരുദ്ധമായ ആക്രമണരീതിയിലേക്ക് അവർ തിരിയുന്നത് ജനാധിപത്യവും സമാധാനവും നിലനിൽക്കണം എന്നാഗ്രഹിക്കുന്നവർക്ക് ആശങ്ക ഉണ്ടാക്കുന്നതാണ്.
ഈ ആക്രമണത്തിനെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കും. ബി.ജെ.പിയുടെ ആക്രമണോത്സുക രാഷ്ട്രീയം തലസ്ഥാനത്ത് വിലപ്പോകില്ലെന്ന് എത്രയോ തവണ ജനം തെളിയിച്ചിട്ടുണ്ട്. ഇതിനെയും ജനത്തെ അണിനിരത്തിതന്നെ നേരിടുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.