ടാർപോളിൻ വീട്ടിൽനിന്ന് സാൽവിനും സാൽവിയക്കും മോചനം
text_fieldsപോത്തൻകോട്: കല്ലൂർ ഗവ. യു.പി സ്കൂളിലെ വിദ്യാർഥികളായ സാൽവിനും സാൽവിയക്കും അടച്ചുറപ്പുള്ള വീടൊരുങ്ങി.
കെ.പി.സി.സി സെക്രട്ടറി എം.എ. ലത്തീഫിെൻറ നേതൃത്വത്തിൽ കോൺഗ്രസ് മംഗലപുരം മണ്ഡലം കമ്മിറ്റിയാണ് 'ഒപ്പമുണ്ട് കൂടൊരുക്കാൻ' പദ്ധതി പ്രകാരം സുമനസ്സുകളുടെ സഹകരണത്തോടെ ആറുലക്ഷം രൂപ മുടക്കി വീടൊരുക്കിയത്. തിങ്കളാഴ്ച നടന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വീടിെൻറ താക്കോൽ കുടുംബത്തിന് കൈമാറി.
മംഗലപുരം ഗ്രാമപഞ്ചായത്തിലെ തോന്നയ്ക്കൽ പാട്ടത്തിൻകര ശ്രീസായിയിൽ കുട്ടികളുടെ കിടപ്പുരോഗിയായ മുത്തച്ഛൻ പുരുഷോത്തമൻ ഉൾപ്പെടുന്ന ആറുപേരുള്ള കുടുംബമാണ് പഞ്ചായത്തിൽനിന്ന് ലഭിച്ച അഞ്ച് സെൻറ് ഭൂമിയിൽ ടാർപോളിൻ വലിച്ചുകെട്ടിയ ഒറ്റമുറി വീട്ടിൽ കഴിഞ്ഞത്. സമ്പൂർണ വൈദ്യുതീകരണം നടന്ന ജില്ലയായിട്ടും ഇവർക്ക് വൈദ്യുതി കണക്ഷൻ ഇല്ലായിരുന്നു.
ഓൺലൈൻ പഠനത്തിെൻറ ഭാഗമായി കല്ലൂർ സ്കൂളിലെ പി.ടി.എ പ്രസിഡൻറ് ഉറൂബിെൻറയും അധ്യാപകരുടെയും നേതൃത്വത്തിൽ കുട്ടികൾക്ക് സൗജന്യ ടി.വി വിതരണം ചെയ്യാൻ വീട്ടിലെത്തിയപ്പോഴാണ് വീടിെൻറ ദുരവസ്ഥ പുറംലോകം അറിഞ്ഞത്. ഇൗ കുടുംബത്തിന് എ.പി.എൽ കാർഡാണ് അധികാരികൾ നൽകിയത്.
കുടുംബത്തിലെ ദുരവസ്ഥ 'മാധ്യമം' വാർത്തയാക്കിയതോടെ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി കുടുംബത്തിന് ബി.പി.എൽ കാർഡ് കൈമാറി.
പദ്ധതിയിൽ മൂന്നു വീടുകളാണ് നിർമിച്ച് നൽകിയത്. മറ്റൊരു വീടിെൻറ താക്കോൽ ദാനവും ഇതോടൊപ്പം ഉമ്മൻ ചാണ്ടി നിർവഹിച്ചു. ആദ്യ വീടിെൻറ താക്കോൽദാനം നാലു മാസം മുമ്പ് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.