എന്നും അറ്റകുറ്റപ്പണി; കുടിവെള്ളത്തിനായി നെട്ടോട്ടം
text_fieldsതിരുവനന്തപുരം: നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ജല അതോറിറ്റിയുടെ ‘അടിയന്തിര അറ്റകുറ്റപ്പണികൾ’ മൂലം കുടിവെള്ള ക്ഷാമം തുടർക്കഥ. വിവിധ കാരണങ്ങളാൽ വെള്ളം മുടങ്ങുമ്പോൾ ബദൽ സംവിധാനമൊരുക്കാൻ അധികൃതർ തയാറാകുന്നില്ല. രണ്ട് ദിവസം വെള്ളം മുടങ്ങുമെന്ന അറിയിപ്പ് വന്നാൽ ജലവിതരണം പൂർവസ്ഥിതിയിലാകാൻ ഒന്നോ രണ്ടോ ദിവസം അധികം വേണ്ടിവരും. ജലവിതരണം മുടങ്ങുമെന്ന അറിയിപ്പുകൾ കൃത്യമായി നൽകുന്നതിലും ജാഗ്രതക്കുറവുണ്ടെന്ന പരാതി ഉപഭോക്താക്കൾക്കുണ്ട്.
പി.ടി.പി നഗറിലെ 13.5 എം.എൽ.ഡി ജലശുദ്ധീകരണ ശാലയിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പമ്പിന്റെ അടിയന്തിര അറ്റകുറ്റണികൾ നടക്കുന്നതിനാൽ ഈ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വെള്ളിയാഴ്ച മുതൽ വെള്ളം മുടങ്ങുമെന്ന അറിയിപ്പ് നൽകിയത് വെള്ളിയാഴ്ച രാവിലെയായിരുന്നു. അറിയിപ്പിൽ പറയുന്ന സമയപരിധിക്കുള്ളിൽ ജലവിതരണം പുനരാരാംഭിക്കാനായില്ലെങ്കിൽ പുതുക്കിയ അറിയിപ്പ് നൽകാൻ നടപടിയുണ്ടാവുന്നില്ല. ടോൾ ഫ്രീ നമ്പർ മികപ്പോഴും തകരാറിലാവുന്നതിനാൽ ഉപഭോക്താക്കൾക്ക് അതിൽ ബന്ധപ്പെടാനും കഴിയാത്ത സ്ഥിയുണ്ട്. ബി.എസ്.എൻ.എൽ കേബിൾ തകരാർ മൂലം ഒരു മാസത്തിനിടെ രണ്ട് തവണയാണ് ടോൾ ഫ്രീ നമ്പർ സംവിധാനം നിശ്ചലമായത്.
ഒരാഴ്ച മുമ്പ് ദിവസങ്ങളോളം ജലവിതരണം തടസപ്പെട്ടയിടങ്ങളിലടക്കം വെള്ളിയാഴ്ച വീണ്ടും വെള്ളം മുടങ്ങി. അരുവിക്കര 72 എം.എൽ.ഡി ജലശുദ്ധീകരണശാലയില്‍നിന്ന് വെള്ളയമ്പലത്തേക്കുള്ള പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണികളും ഒബ്സർവേറ്ററി ഹിൽസിലെ ഗംഗാദവി റിസർവോയറിലെയും ഒബ്സർവേറ്ററി റിസർവോയറിലെയും ശുചീകരണ പ്രവർത്തനങ്ങളും മൂലം ഒരാഴ്ച മുമ്പ് നഗരത്തിലെ പ്രധാന മേഖലകളിൽ കുടിവെള്ളം മൂന്നുദിവസത്തിലേറെ തടസ്സപ്പെട്ടു. അന്ന് വെള്ളയമ്പലം, ശാസ്തമംഗലം, കവടിയാര്‍, ഊളമ്പാറ, വഴുതക്കാട്, തൈക്കാട്, വലിയശാല, തമ്പാനൂര്‍, പാളയം, സ്റ്റാച്യൂ, ബേക്കറി ജങ്ഷന്, പുളിമൂട്, ആയൂര്‍വേദ കോളജ്, പട്ടം, പ്ലാമൂട്, മുറിഞ്ഞപാലം, കുമാരപുരം, കണ്ണമൂല, വെൺപാലവട്ടം, വഞ്ചിയൂര്‍, പേട്ട, ചാക്ക, പാറ്റൂര്‍, പാൽകുളങ്ങര, കരിക്കകം, ശംഖുംമുഖം, വേളി, വെട്ടുകാട്, പൗണ്ട്കടവ്, ഒരുവാതില്‍ക്കോട്ട, ആനയറ തുടങ്ങിയ പ്രദേശങ്ങളിൽ ജനം ഏറെ ദുരിതം അനുവഭിച്ചു.
പി.ടി.പി നഗറിലുള്ള ഭൂതല ജലസംഭരണിയുടെ ശുചീകരണം, കുണ്ടമൺകടവ് പമ്പ് ഹൗസിലെ ഇലക്ട്രിക്കൽ പാനൽ ബോർഡ് മാറ്റിവെക്കൽ എന്നിവ മൂലമാണ് തിരുമല, കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന പി.ടി.പി നഗർ, മരുതംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, മണ്ണാറക്കോണം, മേലേത്തുമേലെ, സി.പി.ടി, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, പൈറോഡ്, പ്രേംനഗർ, ശാസ്താനഗർ, കുഞ്ചാലുംമൂട്, മുടവൻമുകൾ, കരമന, കാലടി, നീറമൺകര, മരുതൂർക്കടവ്, മേലാറന്നൂർ, കൈമനം, കിള്ളിപ്പാലം, സത്യൻ നഗർ തുടങ്ങിയ പ്രദേശങ്ങളിൽ ഒരാഴ്ച മുമ്പ് ദിവസങ്ങളോളം ജലവിതരണം മുടങ്ങിയത്. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന്’അഭ്യർഥിച്ച് ജല അതോറിറ്റി ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നെന്നാണ് ഉപഭോക്താക്കളുടെ പരാതി.
തിരുമല, കരമന സെക്ഷനുകളുടെ പരിധിയിൽ ചൊവ്വാഴ്ച വരെ ജലമുടക്കം
തിരുവനന്തപുരം: പി.ടി.പി നഗറിലെ 13.5 എം.എൽ.ഡി ജല ശുദ്ധീകരണ ശാലയിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പമ്പിന്റെ അടിയന്തിര അറ്റകുറ്റണികൾ നടക്കുന്നതിനാൽ ജല അതോറിറ്റിയുടെ തിരുമല, കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന പി.ടി.പി നഗർ, വട്ടിയൂർകാവ്, മണ്ണറക്കോണം, മേലത്തുമേലെ, പാറേകോവിൽ, കരമന, പൂജപ്പുര, പൈറോഡ്, കാലടി, മേലെക്കോട് കോട്ടയിൽ, മേലാറന്നൂർ എന്നീ ഭാഗങ്ങളിൽ വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ ജലവിതരണം ഭാഗികമായി മുടങ്ങും. ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.