കോടതി ഉത്തരവ് ലംഘിച്ച് കനകക്കുന്നിൽ നിർമാണം
text_fieldsതിരുവനന്തപുരം: നിർമാണപ്രവർത്തനങ്ങൾ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് കാറ്റിൽപ്പറത്തി ടൂറിസം വകുപ്പ്. കനകക്കുന്ന് പൈതൃക സംരക്ഷണ കേന്ദ്രമായതിനാൽ കോമ്പൗണ്ടിനുള്ളിൽ നിർമാണപ്രവർത്തനങ്ങൾ പാടില്ലെന്ന കോടതി ഉത്തരവാണ് ഓണാവധിയുടെ മറവിൽ ടൂറിസം വകുപ്പ് കാറ്റിൽപ്പറത്തി അവിടെ ചുറ്റുമതിൽ ഉൾപ്പെടെയുള്ള നിർമാണം നടത്തുന്നത്.
കൊട്ടാര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പി.ഡബ്ല്യു.ഡിയാണ് ഇവിടെ നിർമാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഇതിനെതിരെ മ്യൂസിയം പൊലീസിൽ പരിസ്ഥിതി പ്രവർത്തകർ പരാതി നൽകി. പൊലീസിന്റെ ഇടപെടലിനെ തുടർന്ന് നിർമാണ പ്രവർത്തനത്തിന് താൽക്കാലിക വിരാമമായെങ്കിലും എപ്പോൾ വേണമെങ്കിലും പുനരാരംഭിക്കാമെന്നതാണ് സ്ഥിതി. കോടിക്കണക്കിന് രൂപ ചെലവഴിച്ച് കൺസർവേഷൻ ആർക്കിടെക്ടിനെ കൊണ്ട് പ്ലാൻ ഉണ്ടാക്കിയതാണ് ടൂറിസം വകുപ്പിലെ ചിലരും കോൺട്രാക്ട് കമ്പനിയും ചേർന്ന് അട്ടിമറിച്ചത്.
സുർക്കി മിശ്രിതം ഉൾപ്പെടെയുള്ളവ ചേർത്ത് നിർമിച്ച കൊട്ടാരവളപ്പിൽ സിമൻറ് ചാന്ത് കുഴച്ച് അവിടെയും ഇവിടെയും പതിച്ചാണ് നിർമ്മാണം നടത്തുന്നത്. ഏതെങ്കിലും തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ, കഠിനമായ ലാൻഡ്സ്കേപ്പിങ്, ഖനനം, മരം നീക്കം ചെയ്യൽ, കോമ്പൗണ്ടിനുള്ളിലെ ഘടനകൾ പൊളിക്കൽ എന്നിവക്കാണ് കോടതി നിയന്ത്രണം ഏർപ്പെടുത്തിയത്. ആ ഉത്തരവ് നിലനിൽക്കെയാണ് പരസ്യമായി ഓണപ്പരിപാടിയുടെ മറവിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും ഇതിന് ആർട്ട് ആൻഡ് ഹെറിറ്റേജ് കമീഷന്റെ അനുമതി വാങ്ങിയിട്ടില്ലെന്നും പൊലീസിൽ പരാതി നൽകിയ എസ്.ജെ സഞ്ജീവ് 'മാധ്യമ'ത്തോട് പ്രതികരിച്ചു.
കവടിയാർ കൺസർവേഷൻ സോണിൽ ഇത്തരം നിരവധി അട്ടിമറികൾ നടക്കുന്നുണ്ടെന്നും ഹെലിപാഡ് നിർമാണം നടന്നതായും പരാതിക്കാരൻ പറയുന്നു.
നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് മുമ്പ് ടൂറിസം ഡയറക്ടറുമായി ചർച്ച നടത്തുമെന്ന് പൊലീസ് പറയുന്നു. സൗന്ദര്യവത്കരണത്തോടൊപ്പം ഭിന്നശേഷിക്കാർക്ക് കൂടി പ്രാപ്യമാകുന്ന തരത്തിൽ കൊട്ടാരവളപ്പ് ഒരുക്കുന്നതിനായി രണ്ടുകോടിയുടെ നിർമാണപ്രവർത്തനങ്ങൾ ആറു മാസം മുമ്പേ ആരംഭിച്ചതാണെന്നാണ് പി.ഡബ്ല്യു.ഡി നൽകുന്ന വിശദീകരണം. എന്നാൽ ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ ഇത്തരമൊരു നിർമാണത്തിന് എങ്ങനെ തുടക്കമിട്ടു എന്നതിന് വ്യക്തമായ മറുപടി അധികൃതരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നില്ല. പരിപാടികൾക്ക് വാടകക്ക് കൊടുത്ത് കനകക്കുന്ന് കൊട്ടാരം മുഴുവൻ നശിച്ചു തുടങ്ങിയിരുന്നതായും അത് വൃത്തിയാക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം.
പുൽത്തകിടിയായിരുന്ന കൊട്ടാര മുറ്റം മുഴുവൻ സിമന്റ് കട്ടകൾ നിരത്തി. ഇത്തരത്തിൽ കനകക്കുന്നിന്റെ സ്വാഭാവിക ഭംഗി മുഴുവൻ കളയുന്ന തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.