കരകുളം ഫ്ലൈ ഓവർ നിർമാണം: നാളെ മുതൽ പൂർണ ഗതാഗതനിയന്ത്രണം
text_fieldsതിരുവനന്തപുരം: കരകുളം ഫ്ലൈ ഓവർ നിർമാണത്തിന്റെ ഭാഗമായി തിരുവനന്തപുരം-തെന്മല (എസ്.എച്ച് 2) റോഡിൽ നവംബർ അഞ്ച് മുതൽ പൂർണ ഗതാഗതനിയന്ത്രണം. കരകുളംപാലം ജങ്ഷനിൽനിന്ന് കെൽട്രോൺ ജങ്ഷൻ വരെയുള്ള പ്രവൃത്തികളുമായി ബന്ധപ്പെട്ടാണ് നെടുമങ്ങാട് നിന്ന് തിരുവനന്തപുരം ഭാഗത്തേക്കും തിരുവനന്തപുരത്ത് നിന്ന് നെടുമങ്ങാട് ഭാഗത്തേക്കും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നത്. തിങ്കളാഴ്ച ഈ റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി ട്രയൽ റൺ നടത്തും.
ഗതാഗതനിയന്ത്രണം ഇങ്ങനെ
- നെടുമങ്ങാട് ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക്
റൂട്ട് ഒന്ന്-നെടുമങ്ങാട് ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കെൽട്രോൺ ജങ്ഷനിൽനിന്ന് കെൽട്രോൺ-അരുവിക്കര റോഡിലേക്ക് തിരിഞ്ഞ് ഇരുമ്പ-കാച്ചാണി ജങ്ഷനുകൾ വഴി മുക്കോലയിൽ എത്തി വലത്തേക്ക് തിരിഞ്ഞ് മുക്കോല-വഴയില റോഡിലൂടെ വഴയിലയെത്തിയശേഷം ഇടത്തേക്കുതിരിഞ്ഞ് തിരുവനന്തപുരം ഭാഗത്തേക്ക് പോകണം.
വഴയിലനിന്ന് മുക്കോല ജങ്ഷൻ വരെ പ്രദേശവാസികളുടെ വാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങൾക്ക് പ്രവേശനമില്ല
നെടുമങ്ങാട് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ചെറുവാഹനങ്ങൾക്ക് കല്ലമ്പാറ, വാളിക്കോട്, പത്താംകല്ല് എന്നിവിടങ്ങളിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് വട്ടപ്പാറയിൽ എത്തി, എം.സി റോഡ് വഴിയും പോകാം.
- തിരുവനന്തപുരം ഭാഗത്തുനിന്ന് നെടുമങ്ങാട് ഭാഗത്തേക്ക്
റൂട്ട് 1 - തിരുവനന്തപുരം ഭാഗത്തുനിന്ന് നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പേരൂർക്കട ജംങ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് കുടപ്പനക്കുന്ന്- മുക്കോല-ശീമമുളമുക്ക്-വാളിക്കോട് വഴി നെടുമങ്ങാട് ഭാഗത്തേക്ക് പോകണം.
റൂട്ട് 2 - തിരുവനന്തപുരം ഭാഗത്തുനിന്ന് നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് വഴയില ജങ്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് കല്ലയം-ശീമമുളമുക്ക്- വാളിക്കോട് വഴി നെടുമങ്ങാട് ഭാഗത്തേക്കും പോകാം. കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ (ജനുറം) ബസുകൾ ഇതുവഴി സർവിസ് നടത്തും.
റൂട്ട് 3 - തിരുവനന്തപുരം ഭാഗത്തുനിന്ന് നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ഏണിക്കര ജങ്ഷൻ കഴിഞ്ഞ് ഡി.പി.എം.എസ് ജങ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് മുല്ലശേരി-കായ്പാടി-മുളമുക്ക് വഴി നെടുമങ്ങാട് ഭാഗത്തേക്ക് പോകാം. ഈ റൂട്ടിൽ ഹെവി വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കും. കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസുകൾ ഈ റൂട്ടിലൂടെയും സർവിസ് നടത്തും.
റൂട്ട് 4 - തിരുവനന്തപുരം ഭാഗത്തുനിന്ന് നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വഴയില നിന്ന് കരകുളം പാലം ജങ്ഷൻ ചെന്ന് വലതുതിരിഞ്ഞ് കാച്ചാണി ജങ്ഷനിൽ എത്തിയ ശേഷം ഇടത്തേക്ക് തിരിഞ്ഞ് കെൽട്രോൺ-അരുവിക്കര റോഡിൽ പ്രവേശിച്ചശേഷം കെൽട്രോൺ ജങ്ഷനിൽ എത്തി വലത്തേക്ക് തിരിഞ്ഞ് നെടുമങ്ങാട് ഭാഗത്തേക്ക് പോകണം. നിലവിൽ നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ഈ റൂട്ടിലൂടെയും സർവിസ് നടത്തും.
കാച്ചാണി ജങ്ഷൻ മുതൽ കരകുളം പാലം ജങ്ഷൻ വരെ പ്രദേശവാസികളുടെ വാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങൾക്ക് പ്രവേശനമില്ല
കാച്ചാണി ജങ്ഷൻ-കരകുളംപാലം-വഴയില-പേരൂർക്കട റൂട്ടിലും തിരിച്ചും കെ.എസ്.ആർ.ടി.സി സർക്കിൾ സർവിസ് നടത്തും.
- ഹെവി ഭാര വാഹനങ്ങൾക്ക് നിയന്ത്രണം
ഈ റൂട്ടുകളിൽ ഹെവി ഭാരവാഹനങ്ങൾക്ക് രാവിലെ 7.30 മുതൽ 10.30 വരെയും വൈകീട്ട് മൂന്ന് മുതൽ ആറുവരെയും നിരോധനം ഏർപ്പെടുത്തി. ഇരുമ്പ-കാച്ചാണി റോഡിൽ തിരുവനന്തപുരം ഭാഗത്തേക്ക് ക്വാറി ഉൽപന്നങ്ങളുമായി പോകുന്ന ടിപ്പർ വാഹനങ്ങളും ചരക്കുവാഹനങ്ങളും ചെറിയകൊണ്ണി-കാപ്പിവിള-മൂന്നാമൂട്-വട്ടിയൂർക്കാവ് വഴിയും നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചെറിയകൊണ്ണി-കുതിരകുളം-അരുവിക്കര-അഴിക്കോട് വഴിയും പോകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.