വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിങ്റോഡ് നിർമാണം; 1629 കോടിയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പദ്ധതിയുടെ അനുബന്ധമായുള്ള വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിങ് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട 1629.24 കോടി രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിന്റെ ഭാഗമായുള്ള സാമ്പത്തിക പങ്കാളിത്ത കരാറിന് മന്ത്രിസഭ അംഗീകാരം നൽകി. 45 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന റോഡുമായി ബന്ധപ്പെട്ട് കിഫ്ബി, ദേശീയ പാത അതോറിറ്റി, ക്യാപിറ്റൽ റീജിയൺ ഡെവലപ്മെന്റ് പ്രോജക്റ്റ് -രണ്ട് (സി.ആർ.ഡി.പി), പൊതുമരാമത്ത് വകുപ്പ് എന്നിവർ ഉൾപ്പെട്ട കരട് ചതുർകക്ഷി കരാറാണ് വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകരിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവ് പങ്കിടൽ സംബന്ധിച്ച് സംസ്ഥാന-കേന്ദ്ര സർക്കാറുകൾ ധാരണയിലെത്താൻ വൈകിയത് പദ്ധതി വൈകാൻ ഇടയാക്കുന്നതിനിടെയാണ് മന്ത്രിസഭ തീരുമാനം.
ഔട്ടർ റിങ് റോഡ് നിർമ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ തുകയുടെ 50ശതമാനം ( ഏകദേശം 930.41 കോടി രൂപ) കിഫ്ബി മുഖേന നൽകും. സർവീസ് റോഡുകളുടെ നിർമ്മാണത്തിനാവശ്യമായ തുക (ഏകദേശം 477.33 കോടി രൂപ ) മേജർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് പ്രൊജക്ടിന്റെ (എം.ഐ.ഡി.പി) ഭാഗമാക്കാവുന്നതും, ഈ തുക അഞ്ച് വർഷത്തിനുള്ളിൽ കേരള സർക്കാർ ദേശീയപാത അതോറിറ്റിക്ക് നൽകുന്നതുമാണ്.
ഇതിനു പുറമെ റോയല്‍റ്റി, ജി.എസ്.ടി ഇനങ്ങളിൽ ലഭിക്കുന്ന തുകയും സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നുവെക്കും. ചരക്ക് സേവന നികുതി ഇനത്തില്‍ ലഭിക്കുന്ന 210.63 കോടി രൂപയും, റോയല്‍റ്റി ഇനത്തില്‍ ലഭിക്കുന്ന 10.87 കോടി രൂപയുമാണ് വേണ്ടെന്നുവെക്കുക. ഔട്ടർ റിങ് റോഡിന്റെ നിർമ്മാണത്തിനിടെ ലഭ്യമാകുന്ന കരിങ്കൽ ഉൽപ്പന്നങ്ങളും മറ്റ് പാറ ഉൽപ്പന്നങ്ങളും റോയൽറ്റി ഇളവ് ലഭിക്കുന്ന ഉൽപ്പന്നങ്ങളും ഈ ദേശീയപാതയുടെ നിർമ്മാണത്തിന് മാത്രമേ ഉപയോഗിക്കാൻ പാടുള്ളു.
ദേശിയപാത അതോറിറ്റി നിയോഗിക്കുന്ന എൻജിനീയർ, ബന്ധപ്പെട്ട ജില്ലയിലെ ജില്ലാ ജിയോളജിസ്റ്റ് എന്നിവരുടെ സംയുക്ത ടീം റോയൽറ്റി ഇളവ് ലഭിക്കേണ്ട ഉൽപ്പന്നങ്ങളുടെ അളവ് സാക്ഷ്യപ്പെടുത്തണം. ഔട്ടർ റിങ് റോഡ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാറിന് ലഭിക്കുന്ന ജി.എസ്.ടി വിഹിതം, ദേശീയപാത അതോറിറ്റിക്ക് ഗ്രാന്റ് ആയി നൽകും. ദേശീയപാത അതോറിറ്റി സമർപ്പിക്കുന്ന നിര്‍ദ്ദേശം സൂക്ഷ്മപരിശോധന നടത്തി ഗ്രാന്റ് നൽകുന്നതിന് നികുതി-ധനകാര്യ വകുപ്പുകൾ ചേർന്ന് നടപടിക്രമം വികസിപ്പിക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായാണിത്. പദ്ധതിയിൽ സംസ്ഥാനത്തിന്റെ ജി.എസ്.ടി വിഹിതവും നിർമ്മാണ സാമഗ്രികളുടെ റോയൽറ്റിയും ഒഴിവാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.