കണ്ടെയ്ൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനം ഉയർന്നതിനെത്തുടർന്ന് നന്ദിയോട് പഞ്ചായത്തിലെ ആറാം വാർഡ് കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചു. ഇവിടെ കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ല കലക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉൽപന്നങ്ങൾ, മാസം, മത്സ്യം, മൃഗങ്ങൾക്കുള്ള ഭക്ഷ്യസാധനങ്ങൾ, കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവക്ക് മാത്രമേ ഈ പ്രദേശങ്ങളിൽ പ്രവർത്തനാനുമതിയുണ്ടാകൂ. രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴുവരെ ഇവ തുറക്കാം. റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഷോപ്പുകൾ, മിൽമ ബൂത്തുകൾ തുടങ്ങിയവ ദിവസവും വൈകീട്ട് അഞ്ചു വരെ തുറക്കാം. റസ്റ്റാറൻറുകളും ഹോട്ടലുകളും രാവിലെ ഏഴു മുതൽ വൈകീട്ട് 7.30 വരെ ഹോം ഡെലിവറിക്കുമാത്രമായി തുറക്കാം. ഡൈൻ-ഇൻ, ടേക്ക് എവേ, പാർസൽ തുടങ്ങിയവ അനുവദിക്കില്ല.
ജനം പരമാവധി വീടിനടുത്തുള്ള കടകളിൽനിന്ന് സാധനങ്ങൾ വാങ്ങണം. മേൽപറഞ്ഞ വിഭാഗത്തിൽപ്പെടുന്നതല്ലാത്ത എല്ലാ കടകളും അടച്ചിടും. ചന്തകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ ഡെലിവറിക്കായി രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടുവരെ പ്രവർത്തിക്കാം. കണ്ടെയ്ൻമെൻറ് സോൺ ശക്തമായ പൊലീസ് നിയന്ത്രണത്തിലായിരിക്കും.
ജില്ലയിലും ടി.പി.ആർ ഉയരുന്നു
തിരുവനന്തപുരം: ജില്ലയിൽ ഞായറാഴ്ച 484 പേർക്കുകൂടി കോവിഡ്. ശനിയാഴ്ച 844 പേർക്ക് സ്ഥിരീകരിച്ചിരുന്നു. പരിശോധനകളുടെ എണ്ണം കുറഞ്ഞതാണ് രോഗ കണക്കിൽ കുറവ് കാണിക്കുന്നത്. എന്നാൽ, രോഗ സ്ഥിരീകരണ നിരക്ക് പത്തിന് മുകളിലേക്ക് പോയി. ശനിയാഴ്ച 10.9 ഉം ഞായറാഴ്ച 10.8 ഉം. ചികിത്സയിലുള്ളവരുടെ എണ്ണം 9128 ആയി.
725 പേർ രോഗമുക്തരായി. ഞായറാഴ്ച 441 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ശനിയാഴ്ച 770 പേർക്കും ഇങ്ങെന രോഗം വന്നു. രണ്ടു ദിവസത്തിനിടെ ആറു ആരോഗ്യ പ്രവർത്തകർക്കും രോഗം വന്നു.
കണ്ടെയ്ൻമെൻറ് സോൺ പിൻവലിച്ചു
തിരുവനന്തപുരം: കോർപറേഷനിലെ ബീമാപള്ളി ഡിവിഷനിൽ ചെറിയതുറ, വേപ്പിൻമൂട് പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവാക്കിയതായി ജില്ല കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.