കലാപം അഞ്ചുതെങ്ങിലോ ആറ്റിങ്ങലിലോ? ചുമർചിത്രത്തിൻെറ പേരിൽ വിവാദം കൊഴുക്കുന്നു
text_fieldsതിരുവനന്തപുരം: നഗരസൗന്ദര്യവത്കരണ പദ്ധതിയായ ആർട്ടീരിയയുടെ ഭാഗമായി ആക്കുളം ബൈപാസിൽ വരച്ച ചുമർ ചിത്രത്തെചൊല്ലി ചരിത്രകാരന്മാർക്കിടയിലും സാമൂഹികപ്രവർത്തകർക്കിടയിലും 'കലാപം'. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ 1721ൽ ഇന്ത്യയിൽ നടന്ന ആദ്യത്തെ ആസൂത്രിക സായുധസമരത്തെ അഞ്ചുതെങ്ങ് കലാപമായി ചിത്രീകരിച്ചതിനെ ചൊല്ലിയാണ് തർക്കം. അഞ്ചുതെങ്ങ് കലാപം എന്നൊന്നില്ലെന്നും 1721ൽ നടന്നത് ആറ്റിങ്ങൽ കലാപമായിരുന്നു എന്ന വാദമാണ് ആറ്റിങ്ങൽ ഹിസ്റ്ററി ലൗവേഴ്സ് അസോസിയേഷൻ ഉയർത്തുന്നത്.
ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ടുള്ള നടപടികളാണ് ചിത്രകാരന്മാർ നടത്തിയതെന്നും തെറ്റുതിരുത്താൻ സർക്കാർ തയാറാകണമെന്നും അസോസിയേഷൻ പ്രസിഡൻറ് ആർ. നന്ദകുമാർ ആവശ്യപ്പെട്ടു.
എന്നാൽ, 1721ൽ നടന്ന കലാപത്തിെൻറ തുടക്കവും ഒടുക്കവും പൂർണമായും അഞ്ചുതെങ്ങിനും അതിന് ചുറ്റുമുള്ള പ്രദേശങ്ങളും കേന്ദ്രീകരിച്ചായിരുെന്നന്നും അതിനാൽ ചിത്രകാരന്മാർക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും ഹെറിറ്റേജ് കമീഷൻ എക്സിക്യൂട്ടിവ് സെക്രട്ടറി ഫാ. സിൽവസ്റ്റർ കുരിശ് അറിയിച്ചു. വിവാദം കൊഴുക്കുമ്പോഴും ഇരുവിഭാഗത്തിെൻറയും വാദപ്രതിവാദങ്ങളിൽ ഉത്തരംമുട്ടി നിൽക്കുകയാണ് ടൂറിസം മന്ത്രിയും വകുപ്പ് ഉദ്യോഗസ്ഥരും.
ആക്കുളം പാലത്തിന് സമീപം 10,000 ചതുരശ്ര മീറ്ററിലാണ് ദിവസങ്ങൾക്ക് മുമ്പ് കെ.എസ്. രതീഷ്കുമാർ, കെ.പി. അജയ്, വി.സി. വിവേക്, കെ.സജിത്ത്, പി.എസ്. സ്റ്റീഫൻ, തുഷാര ബാലകൃഷ്ണൻ, അഖിൽ വിനോദ്, അർജുൻ പനയൽ, സി. രമിത് എന്നിവരടങ്ങുന്ന ഒമ്പതംഗസംഘം രണ്ടാഴ്ചകൊണ്ട് ചിത്രം പൂർത്തിയാക്കിയത്. 'അഞ്ചുതെങ്ങ് സമരം/പ്രതിരോധം 1721'എന്നായിരുന്നു ചിത്രത്തിന് നൽകിയ അടിക്കുറിപ്പിെൻറ തലക്കെട്ട്.
എന്നാൽ, ചരിത്രരേഖകളിലെല്ലാം ആറ്റിങ്ങൽ കലാപമെന്ന് രേഖപ്പെടുത്തിയ സംഭവത്തിെൻറ പേരുമാറ്റിയെഴുതിയത് തിരുത്തണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം ചരിത്രകാരന്മാരും സാമൂഹിക പ്രവർത്തകരും ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ സമീപിച്ചു. ഇതേതുടർന്ന് ചിത്രത്തിെൻറ അടിക്കുറിപ്പും തലക്കെട്ടും മായ്ക്കാൻ ഉദ്യോഗസ്ഥർ ചിത്രകാരന്മാർക്ക് നിർദേശം നൽകി. നിർദേശത്തെ തുടർന്ന് അടിക്കുറിപ്പ് മായ്ച്ചു. പക്ഷേ ചരിത്രരേഖകൾ പരിശോധിച്ചശേഷം ആൾട്ടീരിയയുടെ ചുമതലയുള്ളവർ 'അഞ്ചുതെങ്ങ് സമരം' എന്ന രീതിയിൽ തന്നെ അടിക്കുറിപ്പ് നൽകാൻ തീരുമാനിച്ചതാണ് വീണ്ടും പ്രതിഷേധത്തിന് ഇടയാക്കിയത്. കഴിഞ്ഞ ദിവസം അടിക്കുറിപ്പ് എഴുതുന്നത് ഒരുവിഭാഗം തടസ്സപ്പെടുത്തിയിരുന്നു. മതപുരോഹിതന്മാരെ കൂട്ടുപിടിച്ച് ചിത്രകാരന്മാർ സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ചിത്രകാരന്മാർ ചരിത്രം ചമക്കേണ്ടവരല്ലെന്നും ആർ. നന്ദകുമാർ വാർത്തകുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.