കോർപറേഷൻ അഴിമതി: യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, ലാത്തിച്ചാർജ്
text_fieldsതിരുവനന്തപുരം: കോർപറേഷനിലെ നികുതിവെട്ടിപ്പിനെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച മാർച്ചില്‍ സംഘർഷം. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് ലാത്തിവീശി.
കോർപറേഷനിലെ കെട്ടിടനികുതി പണംതട്ടിച്ച ഉദ്യോഗസ്ഥരെ അറസ്റ്റ്ചെയ്യുക, പട്ടികജാതി ക്ഷേമഫണ്ട് അഴിമതി നടത്തിയ ഉദ്യോഗസ്ഥയെയും ഡി.വൈ.എഫ്.ഐ നേതാക്കളെയും അറസ്റ്റുചെയ്യുക, കോർപറേഷനിലെ അനധികൃത നിയമനങ്ങൾ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കോർപറേഷൻ ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചത്.
യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സുധീർ ഷാ പാലോടിെൻറ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച മാർച്ച് കോർപറേഷൻ കവാടത്തിന് മുന്നിൽ ബാരിക്കേഡ് തീർത്ത് പൊലീസ് തടഞ്ഞു. പ്രകടനമായി എത്തിയവർ ഒരു മണിക്കൂറിലധികം അവിടെ റോഡിൽ കുത്തിയിരുന്നു. തുടർന്ന് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളും ഉണ്ടായി.
സ്ഥിതിഗതികൾ സംഘർഷത്തിലേക്ക് കടക്കുമെന്നായതോടെ പൊലീസ് ലാത്തി വീശി. ഇതിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷവുമുണ്ടായി. പിന്നീട് നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ അനുനയിപ്പിച്ചു. മാർച്ചിൽ അഞ്ഞൂറോളം പ്രവർത്തകർ പങ്കെടുത്തു.
ഡി.സി.സി പ്രസിഡൻറ് പാലോട് രവി ഉദ്ഘാടനം ചെയ്തു. ഭരണത്തിലിരുന്ന് കോർപറേഷൻ ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇവരെ ഭരണനേതൃത്വം സംരക്ഷിക്കുകയാണ്. കാട്ടുകള്ളന്മാരെ അറസ്റ്റുചെയ്യുംവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് സുധീർഷാ പാലോട് അധ്യക്ഷത വഹിച്ചു. എം. വിൻസെൻറ് എം.എൽ.എ, സംസ്ഥാന വൈസ് പ്രസിഡൻറുമാരായ കെ.എസ്. ശബരീനാഥൻ, എൻ.എസ്. നുസൂർ, എസ്.എം ബാലു, സെക്രട്ടറിമാരായ ഷജീർ നേമം, വിനോദ് കോട്ടുകാൽ, അഖിൽ ജെ.എസ്, മഹേഷ് ചന്ദ്രൻ, അനൂപ് ബി.എസ്, അരുൺ എസ്.പി, ചിത്രദാസ്, വീണ എസ്. നായർ എന്നിവർ സംസാരിച്ചു.
ജില്ല ഭാരവാഹികളായ വിഷ്ണു വഞ്ചിയൂർ, രാജീവ് കരകുളം, ഷീബ പാട്രിക്, മൈക്കിൾ രാജ്, അനീഷ്, ഷാലിമാർ, പ്രഷോബ്, നീതു, മാഹീൻ പഴഞ്ചിറ, അക്രം അർഷാദ്, വിപിൻ ലാൽ, അജിത് ഡി.എസ് ഹരിശങ്കർ തുടങ്ങിയവർ നേതൃത്വം നൽകി. അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് കോർപറേഷനിൽ യുഡി.എഫ് നടത്തിവരുന്ന സത്യഗ്രഹം അഞ്ചാംദിവസത്തിലേക്ക് കടന്നു.
ബി.ജെ.പി നിരാഹാരം 24 മണിക്കൂർ പിന്നിട്ടു
തിരുവനന്തപുരം: കോർപറേഷനിലെ വീട്ടുകരം തട്ടിയെടുത്ത ഉദ്യോഗസ്ഥമാഫിയ സി.പി.എമ്മിനെ ബ്ലാക്മെയില്‍ ചെയ്യുന്നുവെന്ന് വി.വി. രാജേഷ്. തങ്ങളെ അറസ്റ്റുചെയ്താല്‍ ആരൊക്കെ പങ്കുപറ്റിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമെന്നാണ് ഭീഷണി. ഇത് ഇടതുപക്ഷത്തിന് രാഷ്ട്രീയമായി വന്‍തിരിച്ചടിയായിരിക്കും ഉണ്ടാക്കുന്നത്. തലസ്ഥാനത്ത് വലിയൊരു തട്ടിപ്പും അതിനെത്തുടര്‍ന്നുള്ള ശക്തമായ സമരവും നടന്നിട്ടും തദ്ദേശഭരണ മന്ത്രിയും മുഖ്യമന്ത്രിയും പ്രതികരിക്കാത്തതിന് കാരണമിതാണ്. ഉദ്യോഗസ്ഥരും സി.പി.എമ്മും പൊലീസും ചേര്‍ന്ന വലിയൊരു തട്ടിപ്പുനിര ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി നടത്തിവരുന്ന നിരാഹാര സമരം 24 മണിക്കൂർ പിന്നിട്ടു. നിരാഹാരമനുഷ്ഠിക്കുന്നതില് രണ്ടുപേരുടെ ആരോഗ്യാവസ്ഥ മോശമായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫോര്‍ട്ട് കൗണ്‍സിലര്‍ ജാനകിഅമ്മാളും പാങ്ങോട് കൗണ്‍സിലര്‍ പത്മലേഖയുമാണ് ആശുപത്രിയിലായത്. 24 ദിവസമായി സമരം തുടരുന്ന കൗണ്‍സിലര്‍മാരെ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്, പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, സെക്രട്ടറി കരമന ജയന് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
നികുതി തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍
തിരുവനന്തപുരം: കോർപറേഷനിലെ വീട്ടുകരം തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ആറ്റിപ്ര സോണല്‍ ഓഫിസിലെ അറ്റൻഡർ ജോര്‍ജ് കുട്ടിയെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നേമം, ശ്രീകാര്യം സോണലുകളിലെ രണ്ട് ഉദ്യോഗസ്ഥരെ നേരേത്ത അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.