മഴക്കാലപൂർവ ശുചീകരണം പുരോഗമിക്കുന്നെന്ന് കോർപറേഷൻ; എവിടെയെന്ന് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: വേനൽ മഴ ശക്തമാവുകയും ഇടവപ്പാതി പടിവാതിലിലെത്തുകയും ചെയ്തിട്ടും തിരുവനന്തപുരം കോർപറേഷന്റെ മഴക്കാലപൂർവ ശുചീകരണം എങ്ങുമെത്തിയില്ലെന്ന പരാതി വ്യാപകം. 60 ശതമാനം പൂർത്തിയായെന്ന് കോർപറേഷനും കഷ്ടിച്ച് 20 ശതമാനം പോലും പൂർത്തിയായില്ലെന്ന് പ്രതിപക്ഷവും അഭിപ്രായപ്പെടുമ്പോൾ ബുദ്ധിമുട്ടിലാകുന്നത് പൊതുജനങ്ങളാണ്. മഴയൊന്ന് കനത്തപ്പോൾ നഗരത്തിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായത് കോർപറേഷനെ വെട്ടിലാക്കിയിട്ടുണ്ട്.
മേയ് ആറിന് ചേർന്ന കൗൺസിലിലാണ് മഴക്കാലപൂർവ ശുചീകരണത്തിന് അംഗീകാരം നൽകിയത്. വാർഡൊന്നിന് ഒരുലക്ഷംരൂപ വീതമാണ് അനുവദിച്ചത്. തുക ബന്ധപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് വന്നത് അഞ്ചുദിവസം മുമ്പും. മഴക്കാലപൂർവ ശുചീകരണം ആരംഭിച്ചതിനുപിന്നാലെ വേനൽമഴയും എത്തിയതോടെ പണി മൊത്തത്തിൽ പാളിയെന്നാണ് പ്രതിപക്ഷ ആരോപണം.
എന്നാൽ, ഓടകളും തോടുകളുമൊക്കെ 60 ശതമാനം വൃത്തിയാക്കിയതായി അധികൃതർ പറയുന്നു. ഏപ്രിൽ 19നുതന്നെ ശുചീകരണപ്രവർത്തനങ്ങൾ ആരംഭിച്ചതായാണ് പറയുന്നത്. എടുത്ത 958 എസ്റ്റിമേറ്റുകളിൽ പകുതിയിലേറെയും പൂർത്തിയായി. ശേഷിക്കുന്നവ ഒരാഴ്ച കൊണ്ട് തീർക്കാനാണ് ലക്ഷ്യം. മേയ് 18, 19 തീയതികളിലായി ശുചീകരണ യജ്ഞം നടത്തിയിരുന്നു.
വാർഡുകളിലും മഴക്കാലപൂർവ ശുചീകരണങ്ങൾ തകൃതിയായി നടന്നുവരുന്നു. ചളിയും മാലിന്യവും മണ്ണും നീക്കാൻ ഇടമില്ലാത്തതിനാൽ കോരി ഓടകളുടെ ഇരുവശത്തും െവക്കുന്നത് അടുത്ത മഴയത്ത് വീണ്ടും ഓടകളിലേക്കുതന്നെ അടിയുന്നതായും പരാതിയുണ്ട്.
നഗരത്തിൽ പി.ഡബ്ല്യു.ഡിയുടേതായി മാത്രം 217 ഓടകളുണ്ട്. അതുപോലെ ഇറിഗേഷൻ, മൈനർ ഇറിഗേഷൻ, മേജർ ഇറിഗേഷൻ തുടങ്ങി പല വകുപ്പുകളുടെയും റോഡും തോടുമൊക്കെയുണ്ട്. ആമയിഴഞ്ചാൻ തോട്, പാർവതി പുത്തനാർ, കരമനയാർ, കിള്ളിയാറിനിരുവശവും തുടങ്ങി മാലിന്യക്കൂമ്പാരമായ സ്ഥലങ്ങൾ നിരവധി. അവയെല്ലാം ഒരുമിച്ച് വൃത്തിയാക്കിയാലേ ലക്ഷ്യത്തിലെത്തൂ.
ഇക്കുറി വിവിധ വകുപ്പുകളുടെ സർവകക്ഷിയോഗം വിളിച്ച് പ്രവർത്തനങ്ങൾ ഏകേപിപ്പിച്ചിട്ടില്ല. കോർപറേഷനുകീഴിൽ 36 വാർഡുകളിൽ ഡെങ്കിപ്പനി, എലിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധി ഭീഷണികളുണ്ട്. നേരത്തേതന്നെ പകർച്ചവ്യാധിപ്രതിരോധ പ്രവർത്തനങ്ങൾ നടത്തേണ്ടതും അതിനായി കൂടുതൽ തുക അനുവദിക്കേണ്ടതുമായിരുന്നു. അതും നടന്നിട്ടില്ലെന്ന പരാതി കൗൺസിലർമാർക്കിടയിൽത്തന്നെയുണ്ട്. ഒരു ലക്ഷം രൂപ അപര്യാപ്തമാണെന്നും കൂടുതൽ തുക അനുവദിക്കണമെന്നുമുള്ള ആവശ്യവും ശക്തമാണ്.
പൊട്ടിയൊലിച്ച് മാൻഹോളുകൾ
നഗരത്തിൽ മഴ കനത്തതോടെ പലയിടത്തും മാൻഹോളുകളും നിറഞ്ഞ് പൊട്ടിയൊലിക്കുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. ഹൗസിങ് ബോർഡ് ജങ്ഷനിലും വഴുതക്കാട് അനിരുദ്ധൻ റോഡിലുമൊക്കെ മാൻഹോൾ പൊട്ടിയൊലിക്കുകയാണ്. മഴയത്ത് ഇവ തുറന്നുവിടുന്ന ചില വിരുതന്മാരുമുണ്ട്.
ഇരുചക്രവാഹനയാത്രക്കാരെയും കാൽനടയാത്രക്കാരെയുമാണ് ഇത് ഏറെ ബുദ്ധിമുട്ടിക്കുന്നത്. ബന്ധപ്പെട്ടവരിൽനിന്ന് ഉടൻ റെഡിയാക്കാമെന്ന മറുപടി ലഭിച്ചതായാണ് പ്രദേശവാസികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.