മാലിന്യനിക്ഷേപം തടയൽ; രാപകൽ സ്ക്വാഡുകള്‍ ശക്തമാക്കി കോർപറേഷൻ
text_fieldsതിരുവനന്തപുരം: അനധികൃത മാലിന്യനിക്ഷേപം തടയുന്നതിന് സ്ക്വാഡുകൾ ശക്തമാക്കി തിരുവനന്തപുരം കോർപറേഷൻ. ഡേ, നൈറ്റ് സ്ക്വാഡുകളുടെ പ്രവർത്തനമാണ് ശക്തമാക്കിയത്. വെള്ളിയാഴ്ച കോർപറേഷൻ നൈറ്റ് സ്ക്വാഡിന്റെ പരിശോധനയിൽ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുക്കുകയും അപാകതകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് 22,080 രൂപ പിഴയീടാക്കുകയും ചെയ്തു. ശനിയാഴ്ച നടന്ന ഡേ സ്ക്വാഡ് പരിശോധനയിൽ വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ചതും ശരിയായ രീതിയിൽ മാലിന്യം കൈകാര്യം ചെയ്യാത്തതുമായ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പകൽ മാത്രം 20,030 രൂപയാണ് പിഴയിനത്തിൽ ഈടാക്കിയത്.
കേശവദാസപുരം കെ.എഫ്.സി ഓൺലൈൻ ബുക്കിങ് കൗണ്ടറിലും കിച്ചണിലും ശരിയായ രീതിയിൽ സംസ്കരിക്കാത്ത മാലിന്യം ശേഖരിച്ചിരിക്കുന്നതായി കണ്ടെത്തി. ദുർഗന്ധം വമിക്കുന്ന, പുഴുവരിച്ച നിലയിൽ മാലിന്യം സൂക്ഷിക്കുന്നതായി മേയറുടെ ഫോണിൽ ലഭിച്ച പരാതിയെ തുടർന്നാണ് പരിശോധനക്കായി സ്ക്വാഡ് എത്തിയത്. പരിശോധനയിൽ പരാതി ശരിയാണെന്ന് കണ്ടെത്തിയതിനെതുടർന്ന് 10,010 രൂപ പിഴയീടാക്കുകയും നോട്ടീസ് നൽകുകയും ചെയ്തു. ഇത്തരത്തിലുള്ള പരാതികൾ മേയറുടെ ഔദ്യോഗിക മൊബൈൽ നമ്പറായ 9447377477ൽ അറിയിക്കാം.
മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് നഗരസഭ ഒരുക്കിയിട്ടുള്ള സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും നഗരമേഖലയില്‍ അനധികൃമായി മാലിന്യം ശേഖരിക്കുന്നവര്‍ക്കെതിരെയും പൊതുനിരത്തുകളിലും തോടുകളിലും നിക്ഷേപിക്കുന്നവര്‍ക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കുമെന്നും മേയർ അറിയിച്ചു. പരിശോധനയിൽ പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദ് ചെയ്യുന്നതുള്‍പ്പെടെ നടപടികള്‍ സ്വീകരിക്കുമെന്നും മേയർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.