കോർപറേഷൻ നികുതി വെട്ടിപ്പ്: ശ്രീകാര്യം സോണൽ ഓഫിസ് ജീവനക്കാരൻ അറസ്റ്റിൽ
text_fieldsകഴക്കൂട്ടം: തിരുവനന്തപുരം കോർപറേഷനിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ജീവനക്കാർക്കെതിരെ അധികൃതർ നടപടി തുടങ്ങി. സംഭവത്തിൽ ഉൾപ്പെട്ട നഗരസഭ ശ്രീകാര്യം സോണൽ ഓഫിസിലെ ജീവനക്കാരൻ ബിജുവിനെ (42) ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു.
ഒളിവിലായിരുന്ന ഇയാളെ കല്ലറയിൽ നിന്നാണ് ബുധനാഴ്ച രാത്രി പിടികൂടിയത്. ഇയാൾ 5,12,785 രൂപ തട്ടിപ്പ് നടത്തിയെന്നാണ് തെളിഞ്ഞത്. മുമ്പും ഇയാൾ ക്രമക്കേട് നടത്തിയിട്ടുണ്ട്. കൃത്രിമമായി ഉണ്ടാക്കിയ ചെല്ലാൻ രജിസ്റ്ററിൽ കണ്ടെത്തിയതോടെ ബാങ്ക് സ്റ്റേറ്റ്മെൻറ് പരിശോധിച്ചാണ് അന്ന് തട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് പണം തിരിച്ചടച്ചു.
ഇപ്പോഴത്തെ തട്ടിപ്പിൽ ഉൾപ്പെട്ട സൂപ്രണ്ട് അടക്കം ഉദ്യോഗസ്ഥർ ഒളിവിലാണ്. ശ്രീകാര്യം സോണൽ ഓഫിസിലെ കാഷ്യറെയും പ്രതി ചേർത്തിട്ടുണ്ട്. നികുതിയായിട്ടും അല്ലാതെയും കിട്ടുന്ന പണം തൊട്ടടുത്ത ദിവസം തന്നെ നഗരസഭാ സെക്രട്ടറിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന ചട്ടം നിലനിൽക്കെയാണ് യഥാസമയം തുക നിക്ഷേപിക്കാതെ പണാപഹരണം നടത്തിയത്. സംഭവത്തിൽ ഏഴ് ജീവനക്കാരെ നേരത്തെ കോർപറേഷൻ സസ്പെൻഡ് ചെയ്തിരുന്നു. തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നതായി ശ്രീകാര്യം പൊലീസ് പറഞ്ഞു.
സോണൽ ഓഫിസിലെ ക്രമക്കേട്: ജീവനക്കാരിയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തി
നേമം: കോർപറേഷൻ നേമം സോണൽ ഓഫിസിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി. 26 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് കണ്ടെത്തൽ. ആരോപണ വിധേയയായ സോണൽ ഓഫിസ് ജീവനക്കാരി ഒളിവിലാണ്. ഇവർക്ക് സംരക്ഷണം നൽകുന്ന റിട്ട. പൊലീസ് ഉദ്യോഗസ്ഥനെ ചുറ്റിപ്പറ്റിയും അന്വേഷണം പുരോഗമിക്കുന്നു. ബുധനാഴ്ച ഊക്കോട് ഭാഗത്തുള്ള ജീവനക്കാരിയുടെ വീട്ടിൽ നേമം പൊലീസ് പരിശോധന നടത്തി. ജീവനക്കാരിയെ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് നേമം പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.