കോർപറേഷൻ നികുതി തട്ടിപ്പ്: സമരം കടുപ്പിക്കാൻ പ്രതിപക്ഷം, തട്ടിപ്പുകാരെ പിടിക്കാതെ പൊലീസ്
text_fieldsതിരുവനന്തപുരം: കോർപറേഷെൻറ സോണൽ ഓഫിസുകളിൽ നടന്ന ലക്ഷങ്ങളുടെ നികുതി തട്ടിപ്പിൽ ഭരണപക്ഷത്തിെനതിരെ അരയും തലയും മുറുക്കി സമരം നടത്താൻ പ്രതിപക്ഷ തീരുമാനം. കൗൺസിൽ ഹാളിൽ ബി.ജെ.പി അംഗങ്ങൾ നടത്തുന്ന സമരം 18ാം ദിവസത്തിലേക്ക് കടന്നു. യു.ഡി.എഫ് അംഗങ്ങളുടെ റിലേ സത്യഗ്രഹസമരവും തുടരുകയാണ്. കൗൺസിൽ യോഗങ്ങൾ ബഹിഷ്കരിക്കുന്നതുൾപ്പെടെ സമരപരിപാടികൾ വരും ദിവസങ്ങളിൽ ആസൂത്രണം ചെയ്യുമെന്ന് നേതാക്കൾ അറിയിച്ചു.
പൂജവെപ്പ് ദിനമായ വ്യാഴാഴ്ച കൗൺസിൽ ഹാളിൽ മുനിസിപ്പൽ ആക്ടും ലറ്റർപാഡും സീലും ഉൾപ്പെടെയുള്ളവ പൂജവെച്ചായിരുന്നു ബി.ജെ.പി കൗൺസിലർമാരുടെ പ്രതിഷേധം. ഒരു മന്ത്രി സംരക്ഷിക്കുന്നത് കൊണ്ടാണ് നേമം പൊലീസ് പ്രതി ചേർത്തിട്ടുള്ള ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് വി.വി. രാജേഷ് ആരോപിച്ചു. സമരപരിപാടികളുടെ ഭാഗമായി 18ന് യുവമോർച്ച ധർണ നടത്തുമെന്നും രാജേഷ് അറിയിച്ചു. കോർപറേഷനിൽ അഴിമതിയല്ലാതെ മറ്റൊന്നും നടക്കാത്ത സ്ഥിതിയാണെന്നും മാലിന്യം നീക്കം ചെയ്യുന്നതടക്കമുള്ള നടപടികൾ അവതാളത്തിലാണെന്നും യു.ഡി.എഫ് അംഗങ്ങൾ നടത്തുന്ന റിലേ സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്ത് കെ. മുരളീധരൻ എം.പി പറഞ്ഞു. കള്ളന്മാർ രാത്രിയിൽ മോഷണം നടത്തുമ്പോൾ നഗരസഭയിലെ ചില ഉദ്യോഗസ്ഥർ പകൽകൊള്ളയാണ് നടത്തുന്നത്.
സമരത്തിെൻറ മൂന്നാം ദിവസം കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പാർലമെൻററി പാർട്ടി നേതാവ് പി. പത്മകുമാർ അധ്യക്ഷതവഹിച്ചു.അതേസമയം നികുതി തട്ടിപ്പിൽ പൊലീസ് അന്വേഷണം ഇഴയുകയാണ്. ഏറ്റവും കൂടുതൽ പണം തട്ടിയ നേമം സോണൽ ഓഫിസിലെ പ്രതികൾ രണ്ടുപേരും ഒളിവിലാണ്. ഇവരെ സംരക്ഷിക്കുന്നത് ഇടതുമുന്നണിയാണെന്ന ആരോപണമാണ് കോൺഗ്രസിനും ബി.ജെ.പിക്കുമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.