കോർപറേഷൻ നികുതി തട്ടിപ്പ്: നേമം സോണൽ ഓഫിസ് സൂപ്രണ്ട് അറസ്റ്റിൽ
text_fields
നേമം: കോർപറേഷനിലെ നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് നേമം സോണൽ ഓഫിസ് സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തു. തിരുമല പൂജപ്പുര മുടവൻമുകൾ കേശവദാസ് റോഡ് സി.എസ്.ഐ ചർച്ചിന് സമീപം ശാന്തി ഭവനിൽ ശാന്തിയാണ് (49) ചൊവ്വാഴ്ച പൊലീസിന് മുന്നിൽ കീഴടങ്ങിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഓഫിസിലെ കാഷ്യർ സുനിതയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ വിവിധ സോണൽ ഓഫിസുകളിൽ നടന്ന തട്ടിപ്പിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. ശാന്തി ഇടതുപക്ഷ യൂനിയനായ കെ.എം.സി.എസ്.യുവിെൻറ സംസ്ഥാന സമിതി അംഗമാണ്.
നേമം സോണൽ ഓഫിസിൽ 26 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായാണ് ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയത്. ജനങ്ങളിൽനിന്ന് നികുതിയിനത്തിൽ പിരിച്ച തുക കോർപറേഷൻ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് അടയ്ക്കാതെ വെട്ടിപ്പ് നടത്തുകയായിരുന്നു. മേയർ പൊലീസിൽ പരാതി നൽകിയതോടെ ഇവർ ഒളിവിൽ പോയി. സെഷൻസ് കോടതിയിലും ഹൈകോടതിയിലും നൽകിയ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ചൊവ്വാഴ്ച രാവിലെ നേമം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
ഒളിവിൽപോയ ഇവർ പേരൂർക്കടയിലെയും കാട്ടാക്കടയിലും ബന്ധുവീടുകളിൽ മാറിമാറി താമസിച്ചുവരികയായിരുന്നു. പേരൂർക്കടയിൽനിന്നാണ് ഇവർ സ്റ്റേഷനിൽ ഹാജരായത്. അതേസമയം ഇവർക്ക് സംരക്ഷണം നൽകിയെന്ന് പറയപ്പെടുന്ന റിട്ട. പൊലീസ് ഉദ്യോഗസ്ഥനെക്കുറിച്ചും മറ്റൊരു നഗരസഭ ജീവനക്കാരനെക്കുറിച്ചും പൊലീസ് അന്വേഷണമാരംഭിച്ചു. അതേസമയം കേസിൽ ശ്രീകാര്യം സോണൽ ഓഫിസ് കാഷ്യർ അനിൽകുമാറിെൻറ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം മൂന്നാം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. അനിൽകുമാർ വ്യാജമായി ചമച്ച രേഖകളെക്കുറിച്ച് ഇയാളെ ക്റ്റഡിയിൽ ലഭിച്ചാലേ അറിയാനാവൂവെന്ന അന്വേഷണ സംഘത്തിെൻറ റിപ്പോർട്ട് പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ശ്രീകാര്യം സോണിൽ 5,12,785 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് കണ്ടെത്തൽ. കേസിൽ ബിജു ഒന്നാം പ്രതി അനിൽകുമാർ രണ്ടാം പ്രതിയുമാണ്. വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന അടക്കമുള്ള ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് കേസ്.
കൃത്രിമം നടന്നെന്ന് സമ്മതിച്ച് ശാന്തി
നേമം: നേമം സോണൽ ഓഫിസിലെ നികുതി വെട്ടിപ്പിൽ കൃത്രിമം നടന്നതായി സമ്മതിച്ച് ഓഫിസ് സൂപ്രണ്ട് ശാന്തി. ഓഡിറ്റിങ് നടക്കുമെന്ന് മുൻകൂട്ടി അറിഞ്ഞതോടെ ചില ക്രമക്കേടുകൾക്ക് താൻ കൂട്ടുനിന്നതായും എന്നാൽ, പണം കൈപ്പറ്റിയില്ലെന്നും ഇവർ പൊലീസിനോട് പറഞ്ഞു. കേസിലെ രണ്ടാംപ്രതിയാണ് ശാന്തി. കൂടുതൽ അന്വേഷണം നടന്നുവരുന്നെന്നും കൂടുതൽപേരെ ചോദ്യംചെയ്താലേ ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതൽ വിവരം വെളിച്ചത്തുവരൂവെന്ന് നേമം സി.ഐ അറിയിച്ചു.
പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ശാന്തിയെ നടപടികൾക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇവരെ പിന്നീട് കസ്റ്റഡിയിൽ വാങ്ങും. അതിനുശേഷമാകും സോണൽ ഓഫിസിലെത്തിച്ച് തെളിവെടുക്കുക. നേരത്തെ അറസ്റ്റിലായ ഒന്നാംപ്രതി സുനിതക്ക് 50 ലക്ഷത്തിലേറെ രൂപയുടെ കടബാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഓഡിറ്റിങ് നടക്കുമെന്ന് മുൻകൂട്ടി അറിഞ്ഞ് ഫയലുകളിൽ കൃത്രിമങ്ങൾ വരുത്താൻ സുനിത ശ്രമിച്ചിരുന്നെന്നാണ് ശാന്തിയെ ചോദ്യം ചെയ്തതിൽനിന്ന് പൊലീസിന് മനസ്സിലാകുന്നത്. രണ്ടുവർഷംമുമ്പാണ് ഇവർ നേമം സോണൽ ഓഫിസിൽ സൂപ്രണ്ടായി ചാർജെടുക്കുന്നത്. സോണൽ ഓഫിസ് ക്രമക്കേടുമായി ബന്ധപ്പെട്ട് ജീവനക്കാരെ ചോദ്യം ചെയ്തിരുന്നുവെങ്കിലും ശാന്തിയെക്കുറിച്ച കൂടുതൽ വിവരങ്ങളോ ക്രമക്കേടുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളോ ലഭിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.