ജില്ലയിൽ കോവിഡ് സമൂഹവ്യാപനം? പരിശോധിക്കുന്നവരിൽ പകുതിപേർക്കും രോഗം
text_fieldsതിരുവനന്തപുരം: നിയന്ത്രണങ്ങളും സുരക്ഷ മുൻകരുതലും പിടിവിട്ടതോടെ തലസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷം. പരിശോധനക്ക് വിധേയരാകുന്നതിൽ പകുതിപേർക്കും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമാണ്. ടി.പി.ആർ നിരക്ക് 48 ശതമാനമായി ഉയർന്നു. ചൊവ്വാഴ്ച 6911 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആശങ്ക വർധിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 36,250 ആയി.
ആശുപത്രികളും കോളജുകളും ഉൾപ്പെടെ ജില്ലയിൽ നിലവിൽ 35 ആക്ടീവ് കോവിഡ് ക്ലസ്റ്ററുകളാണുള്ളത്. നിലവിലെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ മന്ത്രിമാരായ ജി.ആർ. അനിൽ, ആൻറണി രാജു എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. രണ്ടിലൊരാൾക്ക് രോഗമുള്ള അവസ്ഥയിലാണ് തലസ്ഥാനമെന്ന് മന്ത്രി ആൻറണി രാജു അറിയിച്ചു. ജില്ലയിൽ ചൊവ്വാഴ്ച 14 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ ആറുപേർ സ്വകാര്യ കോളജിലെ വിദ്യാർഥികളാണ്. ടൂര് പോയി വന്നശേഷം പനി ബാധിച്ചനെതുടർന്ന് നടത്തിയ പരിശോധനയിലാണ് ഒമിക്രോണ് സ്ഥിരീകരിച്ചത്. ഇതോടെ കോളജ് ഒമിക്രോണ് ക്ലസ്റ്ററായിട്ടുണ്ട്.
സ്കൂളുകളും കോളജുകളിലും രോഗം അതിവേഗം പടരുകയാണ്. കോവിഡിനെതുടർന്ന് കോട്ടൺഹിൽ യു.പി, ഹൈസ്കൂൾ വിഭാഗം അടച്ചു. 25 വിദ്യാർഥികൾക്കും ഒരു അധ്യാപികക്കും അനധ്യാപികക്കും കോവിഡ് ബാധിച്ചതും നിരവധി അധ്യാപകരും വിദ്യാർഥികളും ക്വാറൻറീനിൽ ആയതുമാണ് ഭാഗികമായി അടച്ചത്. ഓൺലൈൻ ക്ലാസുകൾ ടൈംടേബിൾ പ്രകാരം നടക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. മുൻകരുതലിന്റെ ഭാഗമായി ഇന്നും നാളെയും സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടിയതോടെ എം.ജി, ഓൾ സെയിന്റ്സ്, മാർ ഇവാനിയോസ് കോളജുകൾ അടയ്ക്കാൻ തീരുമാനിച്ചു
സെക്രട്ടേറിയറ്റ്
'കീഴടക്കി' കോവിഡ്
ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ നിരവധി പേരാണ് രോഗബാധിരായത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ പൊളിറ്റിക്കൽ സെക്രട്ടറിയടക്കം ആറുപേരാണ് രോഗബാധിതർ. സി.പി.എം ജില്ല സമ്മേളനത്തിൽ പങ്കെടുത്ത വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കും സംഘാടകൻ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എക്കും കോവിഡ് സ്ഥിരീകരിച്ചു. വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫിസിലും കോവിഡ് വ്യാപനമുണ്ടായി. സെക്രട്ടേറിയറ്റ് സെൻട്രൽ ലൈബ്രറി ഈ മാസം 23വരെ അടച്ചു. സെക്രട്ടേറിയറ്റിലെ 72 ജീവനക്കാർക്ക് ഇതിനകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഹാജരാകേണ്ട ജീവനക്കാരുടെ എണ്ണം 50 ശതമാനം ആക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്
പനിച്ചുവിറച്ച്ഡോക്ടർമാരും
വൈറസുകൾ പിടിമുറക്കിയതോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ 24 ഡോക്ടർമാർ അടക്കം 109 ജീവനക്കാർ ഇതിനോടകം രോഗബാധിതരായി മറ്റിടങ്ങളിൽനിന്ന് വർക്ക് അറേഞ്ച്മെന്റിലാണ് ആശുപത്രി പ്രവർത്തനങ്ങൾ ചൊവ്വാഴ്ച ക്രമീകരിച്ചത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലും 17 ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയുടെ വിവിധ ഡിപ്പോകളിലും രോഗവ്യാപനം തീവ്രമാണ്. തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ മാത്രം 25 ജീവനക്കാർ രോഗബാധിതരായി. പൊന്നുമംഗലം വാർഡിലെ ശാന്തിവിള താലൂക്കാശുപത്രിയിൽ മൂന്ന് ഡോക്ടർമാർ അടക്കം 21 പേർക്ക് കോവിഡ് ബാധിച്ചു. ആശുപത്രി പ്രവർത്തനങ്ങൾ മുടങ്ങാതിരിക്കാൻ ബുധനാഴ്ച ഡോക്ടർ അടക്കം നാലുപേരെ താൽക്കാലിമായി ആശുപത്രിയിലേക്ക് പകരം നിയമിച്ചിട്ടുണ്ട്.
പൊലീസും ക്വാറന്റീനിൽ
കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട പൊലീസും കോവിഡിന് മുന്നിൽ വിറയ്ക്കുകയാണ്. ഇതിനകം 147 സേനാംഗങ്ങളാണ് രോഗബാധിതരായി വീടുകളിലും ആശുപത്രികളിലുമായി ചികിത്സയിലുള്ളത്. ഇന്നലെ 16 പേർ രോഗബാധിതരായി. ഏറ്റവും കൂടുതൽ പേർ വലിയതുറ സ്റ്റേഷനിലാണ്-25. തൊട്ടുപിന്നിൽ കരമന പൊലീസ് സ്റ്റേഷനാണ്. എസ്.എച്ച്.ഒമാരടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ രോഗബാധിതരോടെ സ്റ്റേഷൻ പ്രവർത്തനം അവതാളത്തിലാണ്.
കൗൺസിലർമാർക്കും രോഗം
മേയറുടെ ഓഫിസും കൗൺസിലർമാരും രോഗത്തിന് അടിപ്പെട്ടിട്ടും തിരുവനന്തപുരം കോർപറേഷനിൽ പൊതുജനത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ അധികാരികൾ തയാറായിട്ടില്ല. മേയറുടെ പി.എ അടക്കം മൂന്നുപേരാണ് ചികിത്സയിലുള്ളത്.
രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അടക്കം എട്ട് കൗൺസിലർമാർ കോവിഡിന്റെ പിടിയിലാണ്.
ഇതിന് പുറമെ പൊതുജനം വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ജനസേവന കേന്ദ്രത്തിലെ ജീവനക്കാരിൽ നല്ലൊരു ശതമാനം കോവിഡായതിനെതുടർന്ന് വീടുകളിലാണ്. എന്നിട്ടും പൊതുജനത്തിന് നിയന്ത്രണമേർപ്പെടുത്താൻ അധികാരികൾ തയാറായിട്ടില്ല.
നിയന്ത്രണങ്ങൾ കർശനമാക്കും
തിരുവനന്തപുരം: കോവിഡ് വ്യാപനനിരക്ക് പ്രതിദിനം ഉയർന്നുവരുന്ന സാഹചര്യത്തിൽ പൊതുജനം കൂട്ടം കൂടുന്നതുൾപ്പെടെ ഒഴിവാക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കാൻ മന്ത്രിതലയോഗം പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വിവാഹ, മരണാനന്തര ചടങ്ങുകൾക്കുള്ള നിയന്ത്രണങ്ങൾ കടുപ്പിക്കും. പങ്കെടുക്കുന്നവരുടെ എണ്ണം 50 ൽ കൂടാതിരിക്കാൻ പൊലീസ് നിരീക്ഷണം കർശനമാക്കാനും യോഗം തീരുമാനിച്ചു.
നിലവിൽ ഏഴ് സി.എഫ്.എൽ.ടി.സികൾ പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകരുൾപ്പെടെ കോവിഡ് ബാധിതരാകുന്ന സാഹചര്യത്തിൽ ജനം കൂടുതൽ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും യോഗം നിർദേശിച്ചു. മാളുകളിലും വ്യാപാരസ്ഥാപനങ്ങളിലും തിരക്ക് അനുവദിക്കില്ല. ജില്ല ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മേയർ ആര്യ രാജേന്ദ്രൻ, ജില്ല പൊലീസ് കമീഷണർ, റൂറൽ പൊലീസ് സൂപ്രണ്ട്, ജില്ല മെഡിക്കൽ ഓഫിസർ, റവന്യൂ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.