കോവിഡ് പ്രതിസന്ധിയും കടബാധ്യതയും; യുവാവ് ജീവനൊടുക്കി
text_fieldsബാലരാമപുരം: കോവിഡിനെതുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതയും മൂലം യുവാവ് ജീവനൊടുക്കി. ബാലരാമപുരം ശാലിഗോത്രത്തെരുവ് ന്യൂ സ്ട്രീറ്റിൽ ശ്രീനന്ദനയിൽ മുരുകൻ (41) ആണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ജനുവരിയിലാണ് ബാലരാമപുരം ദേശീയപാതയിൽ തയ്ക്കാപള്ളിക്ക് സമീപം മുരുകൻ ബേക്കറി ആരംഭിച്ചത്. വർഷങ്ങളോളം ഉച്ചക്കടയിലെ ഒരു ബേക്കറിയിൽ ജീവനക്കാരനായിരിക്കുമ്പോഴാണ് സ്വന്തമായി ബേക്കറി തുടങ്ങണമെന്ന മോഹമുണ്ടായത്. ഭാര്യയുടെ സ്വർണാഭരണങ്ങളും ബാങ്കിൽനിന്ന് വായ്പയെടുത്തുമാണ് ബേക്കറി തുടങ്ങിയത്.
എന്നാൽ, ആരംഭിച്ച് നാലാം മാസം ലോക്ഡൗൺ നിലവിൽവന്നു. ലോക്ഡൗൺ സമയത്ത് വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടു. നിത്യചെലവിന് പോലുമുള്ള കച്ചവടമില്ലാതായതോടെ കുറച്ച് ദിവങ്ങളായി മുരുകൻ ഏറെ പ്രതിസന്ധിയിലായി. ഇതോടെ വായ്പ തിരിച്ചടക്കാൻ കഴിയാത്ത അവസ്ഥയിലുമായി.
കടബാധ്യത ഏറിയതോടെ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു മുരുകനെന്ന് ബന്ധുക്കൾ വ്യകതമാക്കി. കഴിഞ്ഞ കുറേ ദിവസങ്ങളായി കോവിഡിനെതുടർന്നുള്ള കടബാധ്യതയെക്കുറിച്ച് മുരുകൻ നിരന്തരം ബന്ധുക്കളുമായി സംസാരിച്ചിരുന്നു. ഭാര്യയോടും സഹോദരങ്ങളോടും കച്ചവടമില്ലാതെ ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് വ്യാഴാഴ്ചയും പറഞ്ഞിരുന്നു. ബന്ധുക്കൾ സമാധാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച രാവിലെ ബാലരാമപുരം പുത്തൻതെരുവിലെ വീടിെൻറ പിൻവശത്ത് ഷാളിൽ തൂങ്ങി മരിച്ചത്.
ഭാര്യ: ബ്രഹമനായകി. മകൾ: ശ്രീനന്ദന. ബാലരാമപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ബാലരാമപുരം പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.