പുല്ലുവിളയിൽ താൽക്കാലിക കോവിഡ് ആശുപത്രിക്ക് നേരെ ആക്രമണം
text_fieldsപൂവാർ: കോവിഡ് സമൂഹവ്യാപനം കണ്ടെത്തിയ പുല്ലുവിളയിൽ കോവിഡ് രോഗികളെ ചികിത്സിക്കുന്ന താൽക്കാലിക ആശുപത്രിക്ക് നേരെ ആക്രമണം. ആശുപത്രിയിലെ വളൻറിയർമാരെ മർദിച്ച സംഘം രോഗികളെ പാർപ്പിച്ചിരിക്കുന്ന മുറികളിൽ മാസ്ക് പോലും ധരിക്കാതെ കയറിയിറങ്ങി ഭീഷണി മുഴക്കി. രോഗവ്യാപനം കണ്ടെത്താൻ നടത്തിക്കൊണ്ടിരുന്ന ആൻറിജൻ പരിശോധനകളും തടസ്സപ്പെടുത്തിയ അക്രമികൾ ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യവകുപ്പ് ജീവനക്കാരെയും സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെയും തടഞ്ഞുെവച്ചു.
അക്രമം നടത്തിയവർക്കെതിരെ പകർച്ചവ്യാധി നിയമങ്ങൾ ചുമത്തി കേസെടുത്തു. കാഞ്ഞിരംകുളം പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇന്നലെ ഉച്ചയോടെയാണ്സംഭവം. ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ച പുല്ലുവിളയിൽ തുടർച്ചയായ രണ്ടാം ദിവസമാണ് കർശനനിയന്ത്രണങ്ങളും നിർേദശങ്ങളും ലംഘിച്ച് ഒരുവിഭാഗം തെരുവിലിറങ്ങിയത്. ഉച്ചക്ക് പന്ത്രണ്ടോടെ 250 പേരോളം വരുന്ന സംഘം പുല്ലുവിള ജങ്ഷനിൽ കൂട്ടം കൂടുകയായിരുന്നു. തുടർന്നാണ് തൊട്ടടുത്ത സ്കൂളിൽ പ്രവർത്തിക്കുന്ന താൽക്കാലിക കോവിഡ് ആശുപത്രിക്ക് നേരെ തിരിഞ്ഞത്. ഈ സമയം തീരദേശത്തെ കരുംകുളം പഞ്ചായത്തിലെ വിവിധയിടങ്ങളിൽ നിന്നുള്ള 110 കോവിഡ് രോഗികൾ ഇവിടെ ചികിത്സയിലുണ്ടായിരുന്നു. സ്കൂളിെൻറ ഗേറ്റ് ചവിട്ടിപ്പൊളിച്ച് അകത്ത് കടന്ന അക്രമിസംഘം ആശുപത്രിയുടെയും രോഗികളുടെയും സുരക്ഷക്കായി നിയോഗിച്ചിരുന്ന ആറ് വളൻറിയർമാർക്കുനേരെ മർദനം അഴിച്ചുവിട്ടു. തുടർന്ന് രോഗികളുടെ മുറികളിൽ കയറി പുല്ലുവിളക്കാർ അല്ലാത്തവർ ആശുപത്രി വിട്ട് പോകണമെന്ന് ഭീഷണി മുഴക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
ആക്രമണം തടയാനെത്തിയ മുൻ പഞ്ചായത്തംഗത്തെയും സംഘം മർദിച്ചു. നേരേത്ത കോവിഡ് ബാധിച്ച് ഇവിടെ ചികിത്സയിലായിരുന്ന ഇയാൾ തുടർപരിശോധനയിൽ ഫലം നെഗറ്റിവായതിനെ തുടർന്ന് ഇന്നലെ വീട്ടിലേക്ക് മടങ്ങിയതായിരുന്നു.
ഇന്നലെ നടത്തിയ പരിശോധനയിൽ ഏഴുപേർ പോസിറ്റിവായിരുന്നു. വെള്ളിയാഴ്ച പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നവരുമായി അഡീഷനൽ തഹസിൽദാർ, നെയ്യാറ്റിൻകര ഡിവൈ.എസ്.പി, കാഞ്ഞിരംകുളം സി.ഐ എന്നിവരുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ പൂവാറിൽ വെച്ച് ചർച്ചനടത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ രാവിലെ എട്ട് മുതൽ വൈകുന്നേരം നാല് വരെ കടകൾ തുറക്കാമെന്നും പത്താം തീയതി മുതൽ മീൻ പിടിക്കാൻ കടലിൽ ഇറങ്ങാം എന്നും തീരുമാനിച്ചിരുന്നു. പുതിയതുറയിലെ പൊലീസ് ബാരിക്കേഡ് പരണിയത്തേക്കും പുല്ലുവിളയിലേത് കാഞ്ഞിരംകുളം കോളജ് റോഡിന് സമീപത്തേക്കും മാറ്റി സ്ഥാപിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇൗ തീരുമാനത്തിന് ശേഷമായിരുന്നു ഒരുകൂട്ടം വീണ്ടും പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.