പരിശോധിക്കുന്ന രണ്ടിൽ ഒരാൾക്ക് കോവിഡ്; തിരക്കൊഴിഞ്ഞ് നഗരം
text_fieldsതിരുവനന്തപുരം: ജില്ലയിൽ പരിശോധനക്ക് വിധേയരാകുന്ന രണ്ടിൽ ഒരാൾക്ക് കോവിഡ് ബാധ കണ്ടെത്തിയതോടെ തലസ്ഥാന നഗരം തിരക്കൊഴിഞ്ഞ അവസ്ഥയിൽ. ശനിയാഴ്ച മിക്കറോഡുകളും വിജനമായിരുന്നു. ഞായറാഴ്ച ഉൾപ്പെടെ തിരക്ക് അനുഭവപ്പെടുന്ന മ്യൂസിയം വെള്ളമ്പലം ഭാഗം, എം.ജി റോഡ്, പാളയം, കിഴക്കേകോട്ട എന്നിവടങ്ങളിൽ വാഹനങ്ങളും കാൽനടയാത്രികരും കുറവായിരുന്നു.രണ്ടാം തരംഗത്തിലെന്നപോലെ തലങ്ങും വിലങ്ങും ആംബുലൻസുകൾ ചീറിപ്പായുന്നത് കോവിഡ് വ്യാപനത്തിന്റെ രൂക്ഷതയുടെ നേർസാക്ഷ്യമായി.
കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസുകൾ ശനിയാഴ്ച കുറവായിരുന്നു. മിക്കവാറും വീടുകളിൽ പനിബാധിതരായി ഒരാളെങ്കിലുമുണ്ട്. ഈയൊരവസ്ഥയിൽ മിക്കവരും പറുത്തിറങ്ങുന്നില്ല. മാർക്കറ്റിലും വാണിജ്യ കേന്ദ്രങ്ങളിലും രണ്ടുദിവസമായി കച്ചവടം കുറവാണ്. ഞായറാഴ്ച കടുത്ത നിയന്ത്രണം പ്രഖ്യാപിച്ചതിനാൽ സാധനങ്ങളും മറ്റും വാങ്ങാൻ സാധാരണ ശനിയാഴ്ചകളിൽ കാണുന്ന തിരക്കും അനുഭവപ്പെട്ടില്ല. വിനോദസഞ്ചാരകേന്ദ്രങ്ങളിലും ബീച്ചുകളിലും സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവാണുള്ളത്.
കോട്ടുകാല്‍, ഒറ്റശേഖരമംഗലം പഞ്ചായത്തുകളില്‍ 75 ശതമാനത്തിലേറെയാണ് ടി.പി.ആർ. 11 തദ്ദേശസ്ഥാപനങ്ങളില്‍ ടി.പി.ആർ 60 ശതമാനത്തിന് മുകളിലാണ്. ജില്ലയിൽ സമൂഹവ്യാപനം സംഭവിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണവും വൻതോതിൽ ഉയർന്നു.
കോവിഡ് നിയന്ത്രണം: നഗരത്തിൽ ദ്വിതല പൊലീസ് പരിശോധന
തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ പുറപ്പെടുവിച്ച പുതിയ മാർഗനിര്‍ദേശങ്ങളും ഞായറാഴ്ചയിലെ കര്‍ശന നിയന്ത്രണങ്ങളും നടപ്പാക്കുന്നതിന് രണ്ട് തലത്തിലുള്ള സുരക്ഷ പരിശോധന സംവിധാനം നടപ്പാക്കി പൊലീസ്. നഗരാതിർത്തി പ്രദേശങ്ങളായ 18 സ്ഥലങ്ങൾ പൊലീസ് ബാരിക്കേഡ് വെച്ച് പൂർണമായും അടച്ച് വാഹന പരിശോധന നടത്തും. അതോടൊപ്പം നഗരത്തിനുള്ളില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് രണ്ട് തലങ്ങളായി തിരിഞ്ഞ് വാഹന പരിശോധന നടത്തും.
മേഖല ഒന്നില്‍ 38ഉം രണ്ടില്‍ 27ഉം ചെക്കിങ് പോയിന്റുകൾ ക്രമീകരിച്ചിട്ടുണ്ട്. അനാവശ്യ യാത്രകള്‍ നിയന്ത്രിക്കാനും സുരക്ഷ പരിശോധനകള്‍ നടത്താനുമായി ഓരോ പൊലീസ് സ്റ്റേഷന് പരിധിയിലും എസ്.എച്ച്.ഒമാരുടെ നേതൃത്വത്തില്‍ രണ്ടുവീതം ജീപ്പ്, ബൈക്ക് പട്രോളിങ്ങും ഏര്‍പ്പെടുത്തി. സിറ്റിയിലെ ട്രാഫിക് വിഭാഗത്തില്‍നിന്ന് കൂടുതല്‍ ഉദ്യോഗസ്ഥരെ വാഹന പരിശോധനക്കായി നിയമിക്കുമെന്നും സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പർജൻകുമാർ അറിയിച്ചു.
വാഹനങ്ങള്‍ കര്‍ശന പരിശോധനക്കുശേഷമേ കടത്തിവിടൂ. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യ സർവിസ് വിഭാഗത്തിൽ പ്രവർത്തിയെടുക്കുന്നവർക്കും മാത്രമേ യാത്ര അനുവദിക്കൂ. ഇവർ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കൈവശം കരുതണം. ദീർഘദൂര ബസ്, ട്രെയിൻ, വിമാനയാത്രക്കാർക്ക് യാത്രാരേഖകൾ കാണിച്ച് സ്റ്റേഷനുകളിലെത്താം. രോഗികൾ, സഹയാത്രികർ, വാക്സിനെടുക്കാൻ പോകുന്നവർ, പരീക്ഷാർഥികൾ, ശുചീകരണ തൊഴിലാളികൾ, അടിയന്തര വാഹന അറ്റകുറ്റപ്പണിക്കായി പോകുന്ന വർക്ക്ഷോപ് ജീവനക്കാർ, 24 മണിക്കൂറും പ്രവർത്തിക്കേണ്ട വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർക്ക് യാത്ര അനുവദിക്കും.
ഇവര്‍ തിരിച്ചറിയൽ കാര്‍ഡും പരീക്ഷാർഥികൾ ഹാള്‍ടിക്കറ്റും കരുതണം. അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെ കേരള എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുക്കുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യുമെന്ന് കമീഷണര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.