കൊട്ടിക്കലാശം വേണ്ട; ജാഥയും ഒഴിവാക്കണം
text_fieldsതിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ കൊട്ടിക്കലാശം ഒഴിവാക്കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ആൾക്കൂട്ടം, ജാഥ എന്നിവയും പ്രചാരണ പ്രവർത്തനങ്ങളിൽനിന്ന് ഒഴിവാക്കണമെന്ന് കലക്ടർ അറിയിച്ചു. കോവിഡിെൻറ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ നിഷ്‌കർഷിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ സ്ഥാനാർഥികൾ തയാറാകണമെന്ന് കലക്ടർ പറഞ്ഞു.
ഭവന സന്ദർശനത്തിൽ പരമാവധി അഞ്ചുപേർ മാത്രമേ പാടുള്ളൂ. കോവിഡ് പ്രോട്ടോകോൾ പാലിച്ചുവേണം ഭവന സന്ദർശനം നടത്തേണ്ടത്. റോഡ് ഷോ, വാഹന റാലി എന്നിവക്ക് പരമാവധി മൂന്നു വാഹനങ്ങൾ മാത്രമേ പാടുള്ളൂ. പൊതുയോഗങ്ങൾ നടത്തുന്നതിന് മുമ്പ് പൊലീസിെൻറ മുൻകൂർ അനുമതി വാങ്ങണമെന്നും കലക്ടർ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോവിഡ് പ്രതിരോധത്തെക്കുറിച്ചും ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തണം. വോട്ടർമാർ മാസ്‌ക്, സാനിറ്റൈസർ എന്നിവ കർശനമായി ഉപയോഗിക്കണമെന്ന സന്ദേശം പ്രചാരണത്തിൽ ഉൾപ്പെടുത്തണം. സ്ഥാനാർഥിക്ക് ഹാരം, ബൊക്കെ, നോട്ടുമാല എന്നിവ നൽകിയുള്ള സ്വീകരണം പാടില്ലെന്നും കലക്ടർ വ്യക്തമാക്കി.
സ്ഥാനാർഥിക്ക് കോവിഡ് പോസിറ്റീവ് ആകുകയോ ക്വാറൻറീനിൽ പ്രവേശിക്കേണ്ടിവരികയോ ചെയ്യുന്നപക്ഷം ഉടൻ പ്രചാരണ രംഗത്തുനിന്ന് മാറിനിൽക്കണം. ജനങ്ങളുമായി നേരിട്ടുള്ള ആശയവിനിമയം പൂർണമായി ഒഴിവാക്കണം. റിസർട്ട് നെഗറ്റീവ് ആയതിനുശേഷം ആരോഗ്യവകുപ്പിെൻറ നിർദേശാനുസരണം മാത്രമേ തുടർ പ്രവർത്തനം പാടുള്ളൂ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിട്ടേണിങ് ഓഫിസർമാരുടെ കാര്യാലയങ്ങളിലും മറ്റ് ഓഫിസുകളിലും കർശന കോവിഡ് മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇവിടങ്ങളിലെത്തുന്ന പൊതുജനങ്ങളും ഇക്കാര്യങ്ങൾ പാലിക്കാൻ സന്നദ്ധരാകണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബ്ലോക്ക് ലെവൽ ട്രെയിനർമാരായി നിയോഗിച്ചിട്ടുള്ളവരുടെ പരിശീലനം ശനിയാഴ്ച രാവിലെ 10ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് ലെവൽ ഓഫിസർമാർ പരിശീലനത്തിനെത്തണമെന്ന് കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.