കാട്ടായിക്കോണത്ത് സി.പി.എം-ബി.ജെ.പി സംഘർഷം; നിരവധി പേർക്ക് പരിക്ക്
text_fieldsപോത്തൻകോട്: ത്രികോണപോരാട്ടം നടന്ന കഴക്കൂട്ടം മണ്ഡലത്തിൽ സി.പി.എം -ബി.ജെ.പി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. കാട്ടായിക്കോണം ജങ്ഷനിലുണ്ടായ സംഘർഷത്തിൽ അഞ്ച് ബി.ജെ.പി പ്രവർത്തകർക്കും പൊലീസ് ലാത്തിച്ചാർജിൽ നിരവധി സി.പി.എം പ്രവർത്തകർക്കും പരിക്കേറ്റു. ബി.ജെ.പി ബൂത്ത് ഏജൻറുമാരായ ബിജുകുമാർ (42), ജ്യോതി (36), അനാമിക (18), അശ്വതി (20), വിജയകുമാരൻ (52) എന്നിവർക്കാണ് സി.പി.എം ആക്രമണത്തിൽ പരിക്കേറ്റത്.
ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു സംഭവം. ബൂത്ത് ഓഫിസിലിരുന്ന് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് സി.പി.എം പ്രവർത്തകർ ബി.ജെ.പിയുടെ ബൂത്ത് ഓഫിസ് അടിച്ചുതകർക്കുകയായിരുന്നു. തുടർന്ന് സ്ഥാനാർഥി ശോഭ സുരേന്ദ്രൻ ഉൾപ്പെടെ നിരവധി ബി.ജെ.പി നേതാക്കൾ സ്ഥലത്തെത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പരിക്കേറ്റവർക്കൊപ്പം പ്രതിഷേധിച്ചു.
ഇതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചർച്ച നടത്തി. ബൂത്ത് കമ്മിറ്റി പുനഃസ്ഥാപിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാമെന്നും അവർ ഉറപ്പുനൽകി. കേന്ദ്രസേന ഉൾപ്പെടെ കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിക്കാമെന്നും ഉറപ്പ് ലഭിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ച് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ ബി.ജെ.പി തയാറായത്.
വൈകീട്ട് നാലോടെ കാട്ടായിക്കോണം ജങ്ഷനിൽ കാറിലെത്തിയ നാലംഗ ബി.ജെ.പി സംഘം റോഡിൽ നിന്ന സി.പി.എം പ്രവർത്തകരായ രണ്ടുപേരെ മർദിച്ചശേഷം മറ്റൊരു കാറിൽ രക്ഷപ്പെട്ടു. അക്രമമറിഞ്ഞ് വീടുകളിലേക്ക് മടങ്ങിയ സി.പി.എം പ്രവർത്തകർ കാട്ടായിക്കോണം ജങ്ഷനിൽ ഒത്തുകൂടുകയും അക്രമികൾ എത്തിയ കാർ അടിച്ചുതകർക്കുകയും ചെയ്തു.
തകർക്കപ്പെട്ട കാറിൽനിന്ന് ബി.ജെ.പിയുടെ നെടുമങ്ങാട്, കഴക്കൂട്ടം സ്ഥാനാർഥികളുടെ പോസ്റ്ററുകളും മദ്യകുപ്പികളും കണ്ടെത്തി. തകർക്കപ്പെട്ട കാർ സ്റ്റേഷനിലേക്ക് മാറ്റാനുള്ള പൊലീസിെൻറ ശ്രമം പ്രവർത്തകർ തടഞ്ഞു. കേന്ദ്ര പൊലീസ് നിരീക്ഷകെൻറ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രവർത്തകരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും തയാറാകാതെ വന്നതോടെയാണ് ലാത്തിച്ചാർജ് നടത്തിയത്.
പൊലീസ് നടപടിയിൽ കാട്ടായിക്കോണം വാർഡ് കൗൺസിലർ ഡി. രമേശൻ, പോത്തൻകോട് പഞ്ചായത്ത് അംഗം പ്രവീൺ, മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ പേഴ്സനൽ സ്റ്റാഫ് സാജു, അജിത്കുമാർ, ഡി.വൈ.എഫ്.ഐ ഏരിയാ പ്രസിഡൻറ് സുർജിത്ത് ഉൾപ്പെടെ നിരവധി സി.പി.എം പ്രവർത്തകർക്ക് പരിക്കേറ്റു. അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.