സി.പി.എം ജില്ല സമ്മേളനം ഇന്ന് മുതൽ
text_fieldsതിരുവനന്തപുരം: സി.പി.എം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ജില്ല സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകും. വെള്ളിയാഴ്ച മുതൽ 16 വരെയാണ് സമ്മേളനം. പാറശ്ശാല ജയ മഹേഷ് ഓഡിറ്റോറിയത്തിന് സമീപം കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം തയാറാക്കിയ വേദിയിലായിരിക്കും സമ്മേളനം നടക്കുക.
14ന് രാവിലെ പാറശ്ശാല ഗാന്ധി പാര്‍ക്കില്‍ തയാറാക്കിയ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്ച്ചനക്കുശേഷം രാവിലെ പത്തിന് സമ്മേളന നഗറില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം പി.ബിയംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ഇ.പി. ജയരാജന്, എം.വി. ഗോവിന്ദന്, കെ.കെ. ശൈലജ, എ.കെ. ബാലന്, പി.കെ. ശ്രീമതി, ആനത്തലവട്ടം ആനന്ദന്, കെ.എന്‍. ബാലഗോപാല്‍ എന്നിവരടങ്ങുന്ന സംസ്ഥാന നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.
പ്രതിനിധി സമ്മേളനത്തില്‍ ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് മൂന്നു ദിവസങ്ങളിലായി പൊതു ചര്‍ച്ച, മറുപടി, അഭിവാദ്യ പ്രസംഗങ്ങള്‍ എന്നിവയുണ്ടാകും. 16 ന് പുതിയ ജില്ല കമ്മിറ്റിയെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കും. 16ന് വൈകീട്ട് നാലിന് ചെറുവാരക്കോണം സി.എസ്.ഐ ഗ്രൗണ്ടില്‍ ചേരുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് സമ്മേളന നടപടികള്‍ പൂര്ത്തിയാക്കുകയെന്ന് ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ അറിയിച്ചു. വിവിധ ഏരിയ സമ്മേളനങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് പുറമെ ജില്ല കമ്മിറ്റി അംഗങ്ങളും ജില്ലയില്‍നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും.
സി.പി.എമ്മിന് 4000 ൽ അധികം പുതിയ അംഗങ്ങൾ
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചും 14 ൽ 13 മണ്ഡലങ്ങളിലും നേടിയ തകർപ്പൻ വിജയവും കോർപറേഷനിലും മറ്റ് തദ്ദേശസ്ഥാപനങ്ങളിലെ കൂറ്റൻ ജയത്തിന്റെയും അടിത്തറയായ സംഘടനാ കെട്ടുറപ്പോടെയാണ് സി.പി.എം ജില്ല സമ്മേളനത്തിന് ഇന്ന് പാറശ്ശാലയിൽ കൊടിയേറുന്നത്.
അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ആനാവൂർ നാഗപ്പൻതന്നെ മൂന്നാം തവണയും തലസ്ഥാന ജില്ലയിൽ സി.പി.എമ്മിനെ നയിക്കും.
കോവിഡ് വെല്ലുവിളി മറികടന്ന മൂന്ന് ദിവസത്തെ സമ്മേളനത്തിൽ ആകെ 200 ൽ താഴെ മാത്രമാണ് പ്രതിനിധികൾ പങ്കെടുക്കുന്നത്.
2018 ൽ 450 പേരായിരുന്നു പ്രതിനിധികൾ. തിരുവനന്തപുരം പോലെ സി.പി.എമ്മിന് പരക്കെ സ്വാധീനമുള്ള മറ്റൊരു ജില്ലയുമില്ലെന്ന് പിണറായി വിജയൻതന്നെ അംഗീകരിച്ചതിന്റെ അടിവരയിടുന്നതാണ് തലസ്ഥാനത്തെ സംഘടനാ ബലം. കഴിഞ്ഞ സമ്മേളനത്തിൽ ജില്ലയിൽ 40,400 അംഗങ്ങളുണ്ടായിരുന്നതിൽനിന്ന് നാല് വർഷം കഴിയുമ്പോൾ 4,000 ത്തിലധികം അംഗങ്ങളാണ് ജില്ലയിൽ വർധിച്ചിരിക്കുന്നത്. ആകെ അംഗസംഖ്യ 41000 കടന്നു.
ഇത്തവണ 44 ൽനിന്ന് 45 അംഗമായി ജില്ല കമ്മിറ്റിയുടെ അംഗബലം ഉയർത്തിയിട്ടുണ്ട്. ജില്ല സെക്രട്ടേറിയറ്റ് 10 ൽനിന്ന് 11 ആയും വർധിപ്പിച്ചു. സെക്രട്ടേറിയറ്റിൽ വി.കെ. മധുവിനെ ഒഴിവാക്കിയതിന്റെയും കാട്ടാക്കട ശശിയുടെ മരണത്തിന്റെയും ഒഴിവുണ്ട്. കെ.എസ്. സുനിൽകുമാർ, കരമന ഹരി, വി. ജോയി എം.എൽ.എ തുടങ്ങിയ പേരുകൾക്കാണ് സാധ്യത കൽപിക്കുന്നത്.
ഒരു വനിത നിർബന്ധമായതോടെ എസ്. പുഷ്പലത സെക്രട്ടേറിയറ്റിലെത്തും.
കഴിഞ്ഞ 30 വർഷമായി സംഘടനാരംഗത്തുള്ള സി.കെ. ഹരീന്ദ്രൻ, വി. ജയപ്രകാശ്, ബി. സത്യൻ എന്നിവരെ അവഗണിക്കുകയും എളുപ്പമല്ല. പാലക്കാട് കഴിഞ്ഞാൽ ഏറ്റവുമധികം പട്ടികജാതി വിഭാഗങ്ങളുള്ളതും രണ്ട് സംവരണ മണ്ഡലമുള്ളതുമായ ജില്ലയിൽ സെക്രട്ടേറിയറ്റിൽ കാട്ടാക്കട ശശിയുടെ മരണത്തോടെ ദലിത് പ്രാതിനിധ്യം ഇല്ലാതായിരിക്കുകയാണ്. ഒപ്പം മതിയായ മുസ്ലിം, പിന്നാക്ക ജാതി പ്രാതിനിധ്യവും നേതൃത്വത്തിന് പരിഗണിക്കേണ്ടിവരും.
നിലവിലെ സെക്രട്ടേറിയറ്റംഗങ്ങളായ ആർ. രാമു, സി. അജയകുമാർ, പുത്തൻകട വിജയൻ, ചെറ്റച്ചൽ സഹദേവൻ എന്നിവർ തുടരുമോ എന്നതിലും സമ്മേളനശേഷം തീരുമാനമാകും. ജില്ല കമ്മിറ്റിയിൽ 75 വയസ്സ് മാനദണ്ഡം നിർബന്ധമാക്കുകയും ആരോഗ്യ കാരണങ്ങളാലും പിരപ്പൻകോട് മുരളി, പുല്ലുവിള സ്റ്റാൻലി, തിരുവല്ലം ശിവരാജൻ, പട്ടം വാമദേവൻ നായർ എന്നിവർ ഒഴിവാകും.
പി. ബിജുവിന്റെ മരണത്തിന്റെ ഒഴിവുണ്ട്. 10 ശതമാനം വനിത സംവരണം ഉറപ്പാക്കുന്നതോടെ മൂന്നിൽനിന്ന് നിലവിലെ ജില്ല കമ്മിറ്റിയിലേക്ക് ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ല സെക്രട്ടറി വി. അമ്പിളി, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ എത്തും. വി.കെ. പ്രശാന്തും പുതിയ ഏരിയ സെക്രട്ടറിമാരും ജില്ല കമ്മിറ്റി അംഗങ്ങളാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.