ക്രെയിനില്‍ ബസിടിച്ച് എണ്ണ ചോര്‍ന്നു; ബൈക്ക് യാത്രികര്‍ തെന്നിവീണു; ക്രെയിൻ എത്തിച്ചത് മരംമുറിക്കാൻ
text_fieldsമരംമുറിക്കാനെത്തിച്ച ക്രെയിനില്‍ ബസ്സിടിച്ചതിനെത്തുടര്ന്ന് എണ്ണ റോഡിലേക്ക് ഒലിച്ചിറങ്ങിയ നിലയില്‍, കരമന പഴയ പാലത്തിനു സമീപം അപകടമുണ്ടായ ഭാഗത്ത് എണ്ണ റോഡില്‍ വ്യാപിച്ചനിലയിൽ
തിരുവനന്തപുരം: മരംമുറിക്കാൻ എത്തിച്ച ക്രെയിനില്‍ ബസിടിച്ച് എണ്ണ ചോര്‍ന്നു. 10 ബൈക്ക് യാത്രികര്‍ തെന്നിവീണു. ഒരാള്‍ സാരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയില്‍. ഫയര്‍ഫോഴ്സ് എത്തി റോഡ് കഴുകി വൃത്തിയാക്കിയത് 25 കിലോ സോപ്പുപൊടി ഉപയോഗിച്ച് രണ്ടു മണിക്കൂര്‍ പരിശ്രമിച്ച്.
ഞായറാഴ്ച ഉച്ചതിരിഞ്ഞ് 1.15നാണ് കരമന പഴയ പാലത്തിനു സമീപം അപകടം ഉണ്ടായത്. പാലത്തിനു സമീപം നിന്ന ആല്‍മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിവൃത്തിയാക്കുന്നതിന് നഗരസഭയുടെ നിര്‍ദ്ദേശപ്രകാരമാണ് ക്രെയിന്‍ എത്തിച്ചത്.
മരംമുറി പുരോഗമിക്കുന്നതിനിടെ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസ് തമ്പാനൂരിലേക്ക് വന്നു. ബസ്സിന്റെ മുന്‍ഭാഗം ക്രെയിനിന്റെ ഓയില്‍ ടാങ്കില്‍ ഇടിച്ചതോടെ 20 ലിറ്ററോളം ഓയില്‍ റോഡിലേക്ക് ഒലിച്ചിറങ്ങി. ഇതുകണ്ടു പരിഭ്രമിച്ച ട്രെയിന്‍ ഓപറേറ്റര്‍ റോഡിന്റെ മറുവശത്തേക്ക് ക്രെയിൻ കൊണ്ടിട്ടു. അതോടെ ഓയില്‍ കൂടുതല്‍ സ്ഥലത്തേക്ക് പരക്കുകയായിരുന്നു. വിവരമറിയാതെ ഇതുവഴിയെത്തിയ 10 ബൈക്ക് യാത്രക്കാര്‍ ഓയിലില്‍ തെന്നിവീഴുകയായിരുന്നു.
വാഹനം നിയന്ത്രിക്കാന്‍ പോലീസ് എത്തുന്നതിനിടെ വലിലയ വാഹനങ്ങള്‍ ഉള്‍പ്പെടെ ഓയിലിലൂടെ കടന്നുപോയി കൂടുതല്‍ സ്ഥലത്തേക്ക് പരന്നു. ഫയര്‍ഫോഴ്സിന് വിളി എത്തിയത് 15 മിനിറ്റിനുശേഷം. തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍ നിന്ന് സീനിയര്‍ ഫയര്‍ആന്റ് റസ്ക്യു ഓഫീസര്‍ എം. ഷാഫി, ഗ്രേഡ് സ്റ്റേഷന് ഓഫിസര്‍ സതീഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 12 ജീവനക്കാരാണ് റോഡിലെ ഓയില്‍ നീക്കുന്നതിനുള്ള ഉദ്യമത്തില്‍ പങ്കെടുത്തത്.
കരമന വാര്‍ഡ് കൗണ്‍സിലര്‍ മഞ്ജുവും സമീപത്തെ വ്യാപാരികളില്‍ ചിലരും നാട്ടുകാരും വാങ്ങിനല്‍കിയ സോപ്പുപൊടി 25 കിലോയോളം വേണ്ടിവന്നു. ഇതുപയോഗിച്ചാണ് ഫയര്‍ഫോഴ്സ് കഴുകി വൃത്തിയാക്കിയത്. ഈ രണ്ടുമണിക്കൂറും കരമനയില്‍ ഗതാഗതക്കുരുക്ക് ഉണ്ടായി. കരമന പോലീസ് എത്തി പുതിയപാലത്തിലൂടെ ഗതാഗതം നിയന്ത്രിച്ചു. അപകടത്തില്‍പ്പെട്ട ക്രെയിന്‍ പിന്നീട് സംഭവസ്ഥലത്തുനിന്നു നീക്കി. മരംമുറി താല്‍ക്കാലികമായി നിര്‍ത്തിയശേഷം ജീവനക്കാര്‍ മടങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.