ക്രിമിനല്‍ കേസ് പ്രതി പുത്തൻപാലം രാജേഷ് കാപപ്രകാരം അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട പുത്തൻപാലം രാജേഷ് കാപ നിയമപ്രകാരം അറസ്റ്റിൽ. ചൊവ്വാഴ്ച വൈകീട്ട് ശ്രീകാര്യത്തെ ഇയാളുടെ ഫ്ലാറ്റിന് സമീപത്തുനിന്നാണ് മെഡിക്കൽ കോളജ്, പേട്ട പൊലീസ് സംഘങ്ങളുടെ സംയുക്ത ഓപറേഷനിൽ പിടികൂടിയത്. ബുധനാഴ്ച രാവിലെ ജയിലിലേക്ക് മാറ്റും.
ഏഴുവർഷത്തിനിടിയിൽ രാജേഷ് ഉൾപ്പെട്ട ക്രിമിനൽ കേസുകൾ പരിഗണിച്ച് ഇയാൾക്കെതിരെ കാപ ചുമത്തണമെന്നാവശ്യപ്പെട്ട് പേട്ട എസ്.എച്ച്.ഒ ശംഖുംമുഖം എ.സി ഡി.കെ. പൃഥിരാജ് വഴി കലക്ടർ ജെറോമിക് ജോർജിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച വൈകീട്ടോടെ അറസ്റ്റ് ചെയ്യാൻ കലക്ടർ ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമീഷണറുടെ മേൽനോട്ടത്തിൽ അറസ്റ്റിലേക്ക് കടന്നത്.
ഗുണ്ടാത്തലവനായ ഓംപ്രകാശുമായി അടുത്തബന്ധമുള്ള രാജേഷിനെതിരെ കൊലപാതകം, വധശ്രമം, കവര്‍ച്ച, ഭവനഭേദനം, കൈയേറ്റം, മാനഭംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങി 50ലേറെ ക്രിമിനല്‍ കേസുണ്ട്. ചുരുക്കം ചില കേസുകളില്‍ മാത്രം ശിക്ഷിക്കപ്പെട്ട ഇയാള്‍ കൂട്ടാളികളെ ഉപയോഗിച്ചായിരുന്നു കാര്യങ്ങള്‍ നീക്കിയിരുന്നത്. പലതവണ രാജേഷിനെ ഗുണ്ടാനിയമപ്രകാരം പൊലീസ് കരുതല്‍ തടങ്കലില്വെച്ചിട്ടുണ്ട്.
നഗരത്തിലെ മണ്ണ് മാഫിയ, റിയൽ എസ്റ്റേറ്റ് സംഘങ്ങളെ നിയന്ത്രിക്കുന്നത് പുത്തൻപാലം രാജേഷും ഓംപ്രകാശും ചേർന്നാണ്. പേട്ട, വഞ്ചിയൂര്‍, പേരൂര്‍ക്കട, മെഡിക്കൽ കോളജ്, കന്റോണ്‍മെന്റ്, ശ്രീകാര്യം, വട്ടിയൂര്‍ക്കാവ് എന്നീ സ്റ്റേഷനുകളീല്‍ രാജേഷിനെതിരെ നിരവധി കേസുണ്ട്.
കഴിഞ്ഞ ജനുവരിയിൽ മെഡിക്കൽ കോളജിൽ ആംബുലൻസ് ഡ്രൈവറെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തിയ കേസായിരുന്നു അവസാനത്തേത്. സംഭവത്തിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഒളിവിൽപോയ രാജേഷും കൂട്ടാളി സാബുവും ഹൈകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ഫെബ്രുവരി 20നാണ് സ്റ്റേഷനിൽ ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.