'സ്വപ്ന ഓഫിസിൽ കേറി നിരങ്ങിയിട്ട് മുഖ്യമന്ത്രി എേന്ത അറിഞ്ഞില്ല?' സി.പി.എം സമ്മേളനത്തിൽ വീണ്ടും വിമർശനം
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസിനും പൊലീസിലെ ആർ.എസ്.എസ് സ്വാധീനത്തിനും എതിരെ സി.പി.എം ഏരിയ സമ്മേളനത്തിൽ വീണ്ടും രൂക്ഷ വിമർശനം. ശനിയാഴ്ച സമാപിച്ച പേരൂർക്കട ഏരിയ സമ്മേളനത്തിലായിരുന്നു പ്രതിനിധികളുടെ വിമർശനം.
അതേസമയം പുതിയ ഏരിയ കമ്മിറ്റിയിൽ ബഹുഭൂരിപക്ഷവും സെക്രട്ടറിയായി നിർദേശിച്ച, ജില്ല സെക്രട്ടറിയെ പിന്തുണക്കുന്ന ടി.കെ. ദിനേശ് കുമാറിനെ 'അട്ടിമറിച്ച്' കടകംപള്ളി സുരേന്ദ്രൻ-ശിവൻകുട്ടി പക്ഷക്കാരനായ നിലവിലെ സെക്രട്ടറി എസ്.എസ്. രാജലാലിനെ തന്നെ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ചേർന്ന് ഏരിയ സെക്രട്ടറിയായി നിലനിർത്തി.
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകൾ ഭരിക്കുന്നത് ബി.ജെ.പിക്കാരായ പൊലീസുകാരാണെന്ന് പ്രതിനിധികൾ ചർച്ചയിൽ ആരോപിച്ചു.
ബി.ജെ.പിക്കാർ പ്രതികളായ കേസിൽ പരാതി നൽകിയാൽ ബി.ജെ.പിക്കാർക്കൊപ്പം സി.പി.എം പ്രവർത്തകരെ പോലും പ്രതികളാക്കുകയാണ് പൊലീസ്. പൊലീസിെൻറ ഈ സമീപനം തിരുത്തിയേ തീരൂവെന്ന് നെട്ടയത്ത് നിന്നുള്ള പ്രതിനിധികൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഒാഫിസിൽ സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷ് കേറിനിരങ്ങിയിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രി അത് അറിയാതെ പോയത്.
ഏരിയ കമ്മിറ്റി ഓഫിസിൽ ഒരു സ്ത്രീ ഇതുപോലെ സ്ഥിരമായി വന്നാൽ ഏരിയ സെക്രട്ടറി അറിയില്ലേന്ന് വട്ടപ്പാറയിൽ നിന്നുള്ളവർ ചോദിച്ചു.
കെ-റെയിൽ പദ്ധതിയെക്കുറിച്ച് ജനങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ട്. കേരളത്തിലെ ഇന്നത്തെ സാഹചര്യത്തിൽ ഈ പദ്ധതി വേണമോയെന്ന് ആലോചിക്കണം. സഹകരണ ജീവനക്കാർക്ക് വാരിക്കോരി നൽകുന്ന സർക്കാർ കെ.എസ്.ആർ.ടി.സിയോട് ചിറ്റമ്മനയമാണ് കാണിക്കുന്നത്.
പാർട്ടി കമ്മിറ്റിയിൽ വിമർശനം ഉന്നയിക്കുന്നവരെ നേതാക്കൾ മോശപ്പെട്ട പദപ്രയോഗത്തിലൂടെയാണ് നേരിടുന്നതെന്ന് വാഴോട്ട്കോണം ലോക്കൽ കമ്മിറ്റി പ്രതിനിധികൾ പറഞ്ഞു. തിരുവനന്തപുരം നഗരസഭ ഭരണം ആകെ അഴിമതിയിൽ മുങ്ങിയതാണെന്ന സംശയം ജനങ്ങൾക്കുണ്ട്. അതിൽ ഇടപെടണം.
നഗരസഭയിലെ എസ്.ടി ഫണ്ട് വെട്ടിപ്പിൽ ആരോപണവിധേയരായ പേരൂർക്കട ഏരിയ കമ്മിറ്റിയിലെ നേതാക്കൾെക്കതിരെ നടപടി എടുക്കുന്നില്ല. ദേശാഭിമാനി പത്രം അടിച്ചേൽപിക്കാൻ അടിമകളോട് എന്ന പോലെയാണ് പെരുമാറുന്നതെന്ന് വാഴോട്ട്കോണം എൽ.സി സെക്രട്ടറി പറഞ്ഞു.
ഇ.കെ. നായനാർ ചാരിറ്റബിൾ ട്രസ്റ്റിെൻറ സേവനവും നിയമനവും വഞ്ചിയൂർ ഏരിയ കമ്മിറ്റിയിലുള്ളവർക്കായി ചുരുങ്ങുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് നിയമനം കടകംപള്ളി സുരേന്ദ്രനും കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ഡി.ആർ. അനിലും ചേർന്നാണ് നടത്തുന്നതെന്നും ആരോപണമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.