രാഹുലിനെ അകത്താക്കാൻ ദിവസങ്ങൾ നീണ്ട ആസൂത്രണം
text_fieldsതിരുവനന്തപുരം: കഴിഞ്ഞ ദിവസം വരെ പൊതുവേദികളിൽ സജീവമായിരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അടൂരിലെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്തത് ദിവസങ്ങൾ നീണ്ട ആസൂത്രണത്തോടെ.
മുമ്പ് വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് ശബരീനാഥനെ ഗൂഢാലോചന കുറ്റം ചുമത്തി ശംഖുമുഖം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, കൃത്യമായ തെളിവുകളുടെ അഭാവത്തിൽ കോടതിയിൽനിന്ന് ജാമ്യം അനുവദിച്ചു. ഇത്തരത്തിലുള്ള നാണക്കേട് ആവർത്തിക്കാതിരിക്കാൻ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന്റെ മേൽനോട്ടത്തിൽ സിറ്റി പൊലീസ് കമീഷണർ ഐ.ജി നാഗരാജുവിന്റെ നേതൃത്വത്തിൽ ദിവസങ്ങൾ നീണ്ട തയാറെടുപ്പാണ് രാഹുലിനെ ജയിലിലെത്തിച്ചത്.
ഡിസംബർ 20 ലെ അക്രമവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്തത്. കേസിൽ പ്രതിപക്ഷ നേതാവും എം.എൽ.എമാരായ ഷാഫി പറമ്പിലും എം. വിൻസെന്റും പ്രതിയാണെങ്കിലും മൂന്ന് പ്രതിഷേധങ്ങളിലും സ്ഥിരംസാന്നിധ്യം രാഹുലായിരുന്നു.
ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ ചാനലുകളിൽനിന്ന് പൊലീസ് ശേഖരിച്ചു. തുടർന്ന് രാഹുലിന്റെ ഓരോ ഔദ്യോഗിക, സ്വകാര്യ പരിപാടിയും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ന്യൂറോ സംബന്ധമായ പ്രശ്നത്തെതുടർന്ന് രാഹുൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഡിസ്ചാർജ് ചെയ്ത് പുറത്തുവരുന്നതുവരെ പൊലീസ് കാത്തുനിന്നു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം ലഭിക്കുന്നത് തടയാൻ അതിനു ശേഷം രാഹുൽ പങ്കെടുത്ത പരിപാടികളുടെ വിവരങ്ങളും വിഡിയോയും ശേഖരിച്ചു.
നോട്ടീസ് നൽകി സ്റ്റേഷനിൽ കീഴടങ്ങുന്നതിനുള്ള സമയം കൊടുക്കുന്നതിനു പകരം മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അറിവോടെയാണ് രഹസ്യമായി തിങ്കളാഴ്ച പുലർച്ച മൂന്നോടെ തിരുവനന്തപുരത്തുനിന്ന് അന്വേഷണ സംഘം അടൂരിലെ വീട്ടിലേക്ക് പുറപ്പെട്ടത്. മറ്റു ക്രമസമാധാന പ്രശ്നങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കാനായി അതിരഹസ്യമായിട്ടായിരുന്നു യാത്ര.
കന്റോൺമെന്റ് പൊലീസ് രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് അടൂർ പൊലീസ് വിവരം അറിഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ജോലി തടസ്സം ചെയ്യുക, ഹെൽമറ്റ്, ഷീൽഡ് എന്നിവ നശിപ്പിച്ചതടക്കം 50,000 രൂപയുടെ നഷ്ടം വരുത്തി തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.