മത്സ്യലഭ്യതയിൽ കുറവ്; വില കുതിക്കുന്നു
text_fieldsതിരുവനന്തപുരം: മത്സ്യലഭ്യത കുറഞ്ഞതോടെ വില കുതിക്കുന്നു. സാധാരണ ട്രോളിങ് നിരോധന കാലയളവിൽ സംസ്ഥാനത്ത് മത്സ്യത്തിന് വില കൂടാറുണ്ടെങ്കിലും ഇക്കുറി നിരോധം തുടങ്ങി ദിവസങ്ങൾക്കകം വില കയറുകയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിങ് നിരോധന കാലയളവിൽ കടലിൽ പോകുന്നതിന് തടസ്സമില്ലെങ്കിലും ഇവർക്ക് ലഭിക്കുന്ന മത്സ്യത്തിൽ വലിയ കുറവാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായുള്ളത്.
മോശം കാലാവസ്ഥമൂലം കടലിൽപോകുന്നവരുടെ എണ്ണവും കുറഞ്ഞു. പോകുന്നവർക്ക് ലഭിക്കുന്ന മത്സ്യം നാമമാത്രമായതിനാൽ ഇന്ധനച്ചെലവിനടക്കം തികയുന്നുമില്ല. ഈ സാഹചര്യത്തിൽ തീരദേശത്തെ മാർക്കറ്റുകളിൽ പോലും ഉയർന്ന വിലയാണ് മത്സ്യത്തിനുള്ളത്. പരമ്പരാഗതമേഖലയിൽനിന്നുള്ള ലഭ്യത കുറഞ്ഞതിനാൽ ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്ന മത്സ്യത്തിന് വലിയ വിലയാണ്. പല മാർക്കറ്റുകളിൽ വിലവ്യത്യാസമുണ്ട്.
ചെമ്മീൻ, അയലവില കിലോക്ക് 300 കടന്നു. മത്തിക്കും കിലോക്ക് 300 മുതൽ 350 വരെ വില കയറി. മറ്റ് മത്സ്യയിനങ്ങളുടെ വിലയും ഉയർന്നുതന്നെയാണ്. ഉയർന്ന വില നൽകിയാലും ‘ഫ്രഷ്’ മത്സ്യം കിട്ടാത്ത സ്ഥിതിയുമുണ്ട്. കടപ്പുറത്തെ വിൽപനയിടങ്ങളിൽ ചൊവ്വാഴ്ച ഒരു അയലക്ക് 100 രൂപ വരെ വിലയുണ്ടായിരുന്നു.
ട്രോളിങ് നിരോധകാലയളവ് മുൻകാലങ്ങളിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ചാകരയായിരുന്നെങ്കിലും ഇപ്പോൾ ഇവരും വറുതിയുടെ പിടിയിലാണ്.
തീരദേശമാകെ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും സർക്കാർ ഇടപെടൽ അനിവാര്യമാണെന്നും സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ തിരുവനന്തപുരം ജില്ല സെക്രട്ടറി ജനറ്റ് ക്ലീറ്റസ് ‘മാധ്യമ’ത്തോട് പറഞ്ഞു. വരുംദിവസങ്ങളില്‍ ഇനിയും വില ഉയരാനാണ് സാധ്യതയെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. 52 ദിവസം നീളുന്ന ട്രോളിങ് നിരോധനം ജൂലൈ 31നാണ് അവസാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.