നെയ്യാർ ഡാമിെൻറ സംഭരണശേഷി കുറയൽ; വിദഗ്ധ റിപ്പോര്‍ട്ടിന് അവഗണന
text_fieldsകാട്ടാക്കട: തലസ്ഥാന ജില്ലയിലെ വെള്ളത്തിെൻറ അക്ഷയഖനിയാണ് നെയ്യാര്‍ഡാം. വേനലിൽ വരണ്ടുണങ്ങുകയും ചെറിയ മഴയിൽപോലും നിറയുകയും ചെയ്യുന്ന നെയ്യാര്ഡാമിെൻറ സംഭരണശേഷി നാളുകള്‍ കഴിയുംതോറും കുറഞ്ഞുവരികയാണ്. വേനല്‍ക്കാലമാകുമ്പോള്‍ വെള്ളം കുറയുന്ന റിസര്‍വോയറുകളില്‍ അടിത്തട്ട് വിണ്ടുകീറി അവിടവിടെ ഉയർന്നുനിൽക്കുന്ന മണ്‍കൂനകള്‍ തന്നെയാണ് അതിന് തെളിവ്.
എക്കലും മണ്ണും അടിഞ്ഞ് അഞ്ച് മീറ്ററിലേറെ അണക്കെട്ടിെൻറ അടിത്തട്ട് ഉയർന്നിരിക്കുന്നു എന്നാണ് നെയ്യാര്‍ഡാം സന്ദര്‍ശിച്ച 'ഡാം സേഫ്റ്റി അതോറിറ്റി' വിദഗ്ധർ റിപ്പോര്‍ട്ട് നല്‍കിയത്. ഒന്നാം പിണറായി സർക്കാറിെൻറ കാലത്ത് ധനമന്ത്രി തോമസ് ഐസക് മുൻകൈയെടുത്ത് അണക്കെട്ടുകളിൽ അടിഞ്ഞുകൂടിയ മണൽ വാരാൻ പദ്ധതിയിട്ടപ്പോൾ നെയ്യാർഡാമിലും മന്ത്രിയെത്തി സാധ്യതതേടിയിരുന്നു.
എന്നാൽ, പിന്നീടൊന്നും നടന്നില്ല. കൃത്രിമ മണല്‍ നിർമാതാക്കളാണ് ഡാമുകളില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്നതിന് തടസ്സം സൃഷ്ടിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതിനിടെ നെയ്യാർ അണക്കെട്ടിൽനിന്ന് വീണ്ടും ജലവിതരണം വേണമെന്ന ആവശ്യം തമിഴ്നാട് ഉയർത്തിയിട്ടുണ്ട്. നിലവിൽ തമിഴ്നാട്ടിലെ വിളവങ്കോട് താലൂക്കിൽ ജലവിതരണമില്ല.
മുന്നറിയിപ്പുകൾ പലതുണ്ട്
മഴയിൽ വൃഷ്ടിപ്രദേശത്തെ വനത്തിൽനിന്ന് കുത്തിയൊലിച്ചെത്തുന്ന എക്കലും മണ്ണും റിസർവോയറിൽ നിറയുന്നതും ക്യാച്മെൻറ് ഏരിയയിലെ കൃഷിയിടങ്ങളിൽനിന്ന് ഇറങ്ങുന്ന മണ്ണും ചേർന്നാണ് അടിത്തട്ട് ഉയരാൻ കാരണമായതെന്നും സംഘം വ്യക്തമാക്കിയിരുന്നു പറഞ്ഞു. അണക്കെട്ടിെൻറ ശേഷി കുറയുന്നത് ഡാമിെൻറ സുരക്ഷക്കും ഭീഷണിയാണെന്ന് ഭൗമശാസ്ത്ര പഠനകേന്ദ്രം നടത്തിയ സ്ഥല പരിശോധനയിലും കണ്ടെത്തിയിരുന്നു. 15 വര്‍ഷം മുമ്പ് അമ്പൂരിയിൽ ഉരുൾപൊട്ടൽ ഉണ്ടായപ്പോഴും നാലുവർഷം മുമ്പ് അണക്കെട്ടിൽനിന്ന് 100 മീറ്ററോളം മാറി തടാകത്തിനോട് ചേർന്ന് ഭൂമിയിൽ വിള്ളൽ കണ്ടപ്പോഴും 'സെസ്' വിദഗ്ധർ ഇവിടം സന്ദർശിച്ചിരുന്നു.
ഡാമിനോട് ചേർന്നുള്ള ഭൂമി തട്ട് പാറകളാണ്. ഇതിന് മുകളിലാണ് മണ്ണ്. അണക്കെട്ടിൽ കൂടുതൽ വെള്ളം ഉയരുമ്പോൾ മണ്ണ് മാറും. ഇത് മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും കാരണമാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.സംഭരണശേഷി കൂട്ടാൻ നെയ്യാർ അണക്ക് മുകളിൽ അപ്പർ ഡാം പണിയണമെന്ന നിർദേശത്തിന് മൂന്ന് ദശാബ്ദത്തിലേറെ പഴക്കമുണ്ട്. നെയ്യാര്‍ഡാം ഒരുവപ്പാറയില് അപ്പര്ഡാം നിർമിക്കാനായി 1971ലും 1982ലും പഠനങ്ങളും നടത്തി. വനത്തിൽനിന്ന് ഒഴുകിവരുന്ന വെള്ളം ഇവിടെ തടഞ്ഞ് ആവശ്യാനുസരണം നെയ്യാർ അണയിൽ എത്തിക്കാനായിരുന്നു പദ്ധതി. 1991ൽ ടി.എം. ജേക്കബ് ജലവിഭവമന്ത്രി ആയിരുന്നപ്പോൾ പദ്ധതിക്ക് അനുകൂലമായ നീക്കങ്ങൾ നടന്നിരുന്നു.
നഗരത്തിെൻറ ദാഹശമനി
നിലവിൽ കാളിപാറ ശുദ്ധജല പദ്ധതിക്ക് ഇൗ അണക്കെട്ടിൽനിന്നാണ് വെള്ളമെടുക്കുന്നത്. നഗരവാസികളുടെ ദാഹമകറ്റാന്‍ 120 ദശലക്ഷം ലിറ്റർ വെള്ളം തലസ്ഥാനത്തേക്ക് കൊണ്ടുപോകാനുള്ള മറ്റൊരു വലിയ പദ്ധതിയും പുരോഗമിക്കുന്നു. അണക്കെട്ടിെൻറ സംഭരണശേഷി ഉയർത്താതെ ഇത്രയും വെള്ളം അണക്കെട്ടിൽനിന്ന് എടുക്കാനാകുമോ എന്ന ചോദ്യമാണുയരുന്നത്.
തലസ്ഥാനത്ത് അതിരൂക്ഷമായ ജലക്ഷാമം അനുഭവപ്പെട്ടപ്പോൾ നെയ്യാര്‍ അണക്കെട്ടിെൻറ ഭാഗമായ കാപ്പുകാടുനിന്ന് വെള്ളം പമ്പ് ചെയ്ത് കോട്ടൂര്‍ -കുമ്പിള്‍മൂട് തോടുവഴി വഴി കരമനയാര്വഴി അരുവിക്കര സംഭരണിയിൽ എത്തിച്ചു. അവിടെനിന്ന് ശുദ്ധീകരിച്ച് വിതരണം ചെയ്യേണ്ടി വന്നപ്പോൾ നെയ്യാർ അണക്കെട്ടിെൻറ പ്രാധാന്യം അധികൃതർക്ക് വ്യക്തമായതാണ്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയായ നെയ്യാർഡാമിെൻറ പ്രാധാന്യത്തിനനുസരിച്ച് വികസനവും നടക്കുന്നില്ലെന്നതാണ് യാഥാർഥ്യം.
ഒന്നാം പഞ്ചവത്സരപദ്ധതിയിൽ ഉള്‍പ്പെടുത്തി 1959ൽ കമീഷൻ ചെയ്തതാണ് നെയ്യാർഡാം. കന്യകുമാരി ജില്ലയിലെ വിളവൻകോട് താലൂക്കിനെക്കൂടി ഉൾപ്പെടുത്തി നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിലെ 15380 ഹെക്ടർ സ്ഥലത്തെ കൃഷിക്കുള്ള ജലസേചനത്തിന് ലക്ഷ്യമിട്ടതാണ് നെയ്യാർ ഇറിഗേഷൻ പ്രോജക്ട്. 1,060,000,000 മീറ്റർ ക്യൂബ് വെള്ളമാണ് സംഭരണശേഷി (84.750 മീറ്റർ ഉയരം). ഏതാണ്ട് 3.5 ചതുരശ്ര മൈൽ വിസ്തൃതിയുള്ളതാണ് ജലസംഭരണി.
അണക്കെട്ടിന് 965 അടി നീളവും 166 അടി ഉയരവുമുണ്ട്. 127 അടി നീളമുള്ള സ്പിൽവേ നിയന്ത്രിക്കുന്നത് 17 അടി ഉയരവും 28 അടി വീതിയുമുള്ള നാല് ഷട്ടറുകളാണ്. ഇവ തുറന്നാൽ സെക്കൻഡിൽ 28,580 ഘനയടി എന്ന കണക്കിന് വെള്ളം ആറ്റിലേക്ക് പ്രവഹിക്കും. നാല് ചെറുപണകൾ അണക്കെട്ടിെൻറ ഭാഗമായുണ്ട്. രണ്ടു കനാലുകളുണ്ട്. വലതുകര കനാലിന് 22 മൈലും ഇടതുകര കനാലിന് 21 മൈലും നീളമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.