ഓൺലൈൻ ഷോപ്പിങ്ങിലൂടെ 10 ലക്ഷം തട്ടിയ പ്രതിയെ അറസ്റ്റ് ചെയ്തു
text_fields
തിരുവനന്തപുരം: ഓൺലൈൻ ഷോപ്പിങ് സൈറ്റിലൂടെ വ്യാജപരസ്യം നൽകി വള്ളക്കടവ് സ്വദേശിയിൽ നിന്ന് 10 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ പൊലീസ് പിടികൂടി. മഹാരാഷ്ട്ര പുണെ സ്വദേശി ശൈലേഷ് ശിവറാം ഷിൻഡെ (40)യെയാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
ഓൺലൈൻ ഷോപ്പിങ് സൈറ്റായ ക്വിക്കർ ഡോട്ട് കോമിൽ ഇലക്ട്രോണിക് ഉൽപന്നങ്ങൾ ആകർഷകമായ വിലക്കുറവ് വാഗ്ദാനം ചെയ്ത് വ്യാജപരസ്യം കൊടുത്തശേഷം ഉൽപന്നങ്ങളുടെ വിലക്ക് പുറമേ ഡെലിവറി സമയത്ത് മടക്കി ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിവിധ ക്ലിയറൻസ് ചാർജുകളായും മറ്റും പണം നിക്ഷേപിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്.
തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ യുവാവിന് ഇലക്ട്രോണിക് ഉൽപന്നങ്ങൾ ലഭ്യമാക്കാമെന്ന് പറഞ്ഞ് 10 ലക്ഷത്തോളം രൂപ പ്രതി തട്ടിച്ചെടുക്കുകയായിരുന്നു.
തിരുവനന്തപുരം സിറ്റി പൊലീസ് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ കേസ് അന്വേഷിക്കുന്നതിനായി സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായയുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പുണെയിൽ നിന്നും അറസ്റ്റ് ചെയ്തത്. സമാനരീതിയിൽ നിരവധി ആളുകളെ ചതിയിൽപ്പെടുത്തി ലക്ഷങ്ങൾ സമ്പാദിച്ച, മൾട്ടിനാഷനൽ ഐ.ടി കമ്പനിയിലെ ഉദ്യോഗസ്ഥൻ കൂടിയായ പ്രതി പുണെ നഗരത്തിൽ ലക്ഷ്വറി ഫ്ലാറ്റുകളിൽ മാറിമാറി ആഡംബരജീവിതം നയിച്ചുവരുകയായിരുന്നു.
പ്രതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചും നൂതന സൈബർ സാങ്കേതികവിദ്യയുടെ സഹായത്തോടും കൂടി അന്വേഷണസംഘം നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഡിവൈ.എസ്.പി ടി. ശ്യാംലാൽ, ഇൻസ്പെക്ടർ വിനോദ് കുമാർ.പി.ബി എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ ബിജുലാൽ, സി.പി.ഒമാരായ വിജേഷ്, ആദർശ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാളിൽ നിന്ന് നിരവധി എ.ടി.എം കാർഡുകൾ, പാസ് ബുക്കുകൾ, ലാപ് ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.