അനന്തപുരി എഫ്.എം പൂട്ടൽ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യം; പ്രതിഷേധം കനക്കുന്നു
text_fieldsതിരുവനന്തപുരം: തലസ്ഥാനത്തിന്റെ സ്വന്തം റേഡിയോ അനന്തപുരി എഫ്.എമ്മിന് താഴിട്ട കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധം ശക്തം. റേഡിയോ ശ്രോതാക്കളുടെ സംഘടനയായ കാഞ്ചീരവത്തിന്റെ നേതൃത്വത്തിൽ ആകാശവാണിക്ക് മുന്നിൽ കഴിഞ്ഞദിവസം പ്രതിഷേധം സംഘടിപ്പിച്ചു.
എഫ്.എം ശ്രോതാക്കളായ പരിസര ജില്ലകളിലുള്ളവരെക്കൂടി പങ്കെടുപ്പിച്ച് വിപുല പ്രതിഷേധത്തിനൊരുങ്ങുകയാണ് കാഞ്ചീരവം. സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യും. അനന്തപുരിയെ ദുർബലമാക്കാനുള്ള നീക്കത്തിനെതിരെ കാഞ്ചീവരത്തിന്റെ നേതൃത്വത്തിൽ നിരവധി തവണ നിവേദനം നൽകിയിരുന്നെന്നും അതൊന്നും അധികൃതർ പരിഗണിച്ചില്ലെന്നും കാഞ്ചീരവം ജനറൽ സെക്രട്ടറി കാഞ്ചിയോട് ജയൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
സിനിമാഗാനങ്ങളും ഫോൺ ഇൻ പരിപാടികളുമായി തലസ്ഥാനത്തിന്റെ റേഡിയോ ശീലങ്ങളിൽ ജനപ്രിയ സാന്നിധ്യമായിരുന്ന റേഡിയോ സ്റ്റേഷൻ വ്യാഴാഴ്ചയാണ് പ്രക്ഷേപണം അവസാനിപ്പിച്ചത്. നടപടി രഹസ്യമായിട്ടായിരുന്നു. സ്റ്റേഷൻ അവസാനിപ്പിക്കാനുള്ള നിർദേശമെത്തിയപ്പോഴാണ് ഉദ്യോഗസ്ഥർപോലും വിവരമറിഞ്ഞത്. മീഡിയം വേവിലാണ് ആകാശവാണിയുടെ പ്രക്ഷേപണം.
ഇത്തരം റേഡിയോ സെറ്റുകൾ കുറഞ്ഞതോടെ ആകാശവാണി പരിപാടികൾ അധികമാർക്കും കിട്ടില്ലെന്നും കൂടുതൽ പേരിലേക്കെത്തുന്നില്ലെന്നുമാണ് പ്രസാർ ഭാരതിയുടെ നിലപാട്. പകരം പ്രധാന റേഡിയോ ചാനലായ ആകാശവാണി പരിപാടികളാകും ഇനി എഫ്.എം വഴി നൽകുന്നത്. ആകാശവാണി മീഡിയം വേവിൽ തുടരുന്നതിനൊപ്പമാണ് എഫ്.എം വഴി ഇതേ പ്രക്ഷേപണം സമാന്തരമായി ആവർത്തിക്കുന്നത്.
വിനോദത്തിനൊപ്പം ജനോപകാരപ്രദമായ കൂടുതൽ പരിപാടികൾ ഉൾക്കൊള്ളിക്കുന്ന നയത്തിന്റെ ഭാഗമായാണ് പ്രക്ഷേപണം നിർത്തിയതെന്ന് അധികൃതർ വിശദീകരിക്കുന്നു. എന്നാൽ, ഹിന്ദി പരിപാടികൾ കുത്തിനിറക്കുന്നതിന്റെ ഭാഗമായാണ് എഫ്.എം അടച്ചുപൂട്ടുന്നതെന്ന വിമർശനം ശക്തമാണ്. ജനങ്ങളുമായി സംവദിക്കുന്ന പരിപാടികൾ നിർത്തിയില്ലെന്നും ജനപ്രിയ പരിപാടികൾ ആകാശവാണി നിലയങ്ങളിലൂടെ കേൾക്കാമെന്നും അധികൃതർ പറയുന്നുണ്ടെങ്കിലും ഇത് എത്രത്തോളം പ്രാവർത്തികമാകുമെന്ന് കണ്ടറിയണം. ഒരു ട്രാൻസ്മിറ്റർ കൂടി സ്ഥാപിച്ചാൽ അനന്തപുരി എഫ്.എം അവസാനിപ്പിക്കുന്നത് ഒഴിവാക്കാമായിരുന്നെന്ന് അഭിപ്രായമുണ്ട്.
50 ലക്ഷം രൂപയാണ് ഇതിനു ചെലവ് വരുക. അങ്ങനെയെങ്കിൽ മീഡിയം വേവിന് പുറമേ, ഒരു ട്രാൻസ്മിറ്ററിൽ കൂടി ആകാശവാണിയും രണ്ടാമത്തേത് വഴി അനന്തപുരിയും പ്രക്ഷേപണം ചെയ്യാൻ കഴിയുമായിരുന്നു. ആകാശവാണി സ്റ്റേഷനുകളുള്ള സ്ഥലങ്ങളിൽ 10 കിലോവാട്ടെങ്കിലും പ്രസരണശേഷിയുള്ള എഫ്.എം നിലയങ്ങൾ സ്ഥാപിക്കണമെന്ന് ആവശ്യമുണ്ട്.
ടവർ ഉയരത്തിൽ സ്ഥാപിക്കാത്തതിനാൽ 2019ൽ ആലപ്പുഴയിൽ തുടങ്ങിയ അഞ്ച് കിലോവാട്ട് പ്രസരണ ശേഷിയുള്ള എഫ്.എം 20 കിലോമീറ്റർ പരിധിയിൽമാത്രമാണ് കിട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.